ഒരു സൂപ്പർ സ്റ്റാർ ചെയ്യുന്ന പ്രവർത്തിയല്ല ഷാരൂഖ് ചെയ്തത്, അദ്ദേഹം തികഞ്ഞ കലാകാരൻ
ഇന്ത്യൻ സിനിമയിലെ വഴിത്തിരിവായി കണക്കാക്കുന്ന ചിത്രമാണ് 2000 -ൽ പുറത്തിറങ്ങിയ കമൽഹാസൻ്റെ ‘ ഹേ റാം ‘. ചിത്രത്തിൻ്റെ സംവിധാനവും നിർമ്മാണത്തോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കമൽഹാസന്റെ പ്രകടനവും വലിയ തോതിൽ ചർച്ചയായിരുന്നു. ഹേ റാമിലെ ഷാരൂഖാന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിൻ്റെ സുഹൃത്തായ അംജദ് അലി ഖാൻ്റെ വേഷമാണ് ഷാരൂഖ് അവതരിപ്പിച്ചത്. അംജദ് അലി ഖാൻ്റെ മരണം ചിത്രത്തിലെ നിർണ്ണായക ഭാഗമായിരുന്നു. ഷാരൂഖ് ഖാൻ സൗജന്യമായാണ് വേഷം ചെയ്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. ജൂൺ രണ്ട് ചൊവ്വാഴ്ച ഇന്ത്യൻ 2 ൻ്റെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് കമൽ ഹാസൻ ഇക്കാര്യം പരസ്യപ്പെടുത്തിയത്. hey ram
‘ ഞാൻ അദ്ദേഹത്തിന് വേണ്ടി സംസാരിക്കും, അദ്ദേഹം എന്നെ അതിന് അനുവദിക്കും എന്നെനിക്ക് ഉറപ്പുണ്ട്. ഒന്നിച്ച് അഭിനയിച്ച സമയത്ത് ഞങ്ങൾ എല്ലാവരും വെറും മനുഷ്യർ മാത്രമായിരുന്നു. ആരും സൂപ്പർ താരമാണെന്നോ സൂപ്പർ സംവിധായകനാണെന്നോ എന്ന യാതൊരു ചിന്തയുമില്ലാതെയാണ് ചിത്രത്തിൽ അഭിനയിച്ചത്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഷാരൂഖ് സാബ് ഹേ റാമിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്’. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകൾ. കമൽ ഹാസന്റെ ഈ വെളിപ്പെടുത്തൽ പ്രേക്ഷകർ തികഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
‘ ഒരു സൂപ്പർ സ്റ്റാർ ഒരിക്കലും ഇത്തരം ഒരു പ്രവർത്തി ചെയ്യില്ല. ഒരു യഥാർത്ഥ സിനിമാ ആരാധകനും കലാസ്‌നേഹിയും മികച്ച നടനും ആണെങ്കിൽ മാത്രമേ ഇത്തരമൊരു പ്രവർത്തി ചെയ്യാൻ സാധിക്കു. ഞാൻ അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ഞങ്ങൾ ഒരിക്കലും സ്വയം ഒരു സൂപ്പർ താരമായി കാണുന്നില്ല പ്രേക്ഷകരാണ് ഇത്തരം വിശേഷങ്ങൾ ഞങ്ങൾക്ക് നൽകുന്നത് അത് അവരുടെ സ്നേഹമായി കണ്ട് സ്വീകരിക്കുന്നുവെന്ന് മാത്രം.’ എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
ഹേ റാം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ചിത്രം വലിയ രീതിയിൽ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രവേശനം കൂടിയായിരുന്നു ഹേ റാം. മതപരമായ അസഹിഷ്ണുത, വ്യക്തികളിലും സമൂഹത്തിലും അക്രമം ചെലുത്തുന്ന ആഘാതം തുടങ്ങിയ വിഷയങ്ങളെ ധൈര്യപൂർവം അഭിസംബോധന ചെയ്ത ചിത്രമാണ് ഹേ റാം. ചരിത്രപുരുഷന്മാരുടെയും സംഭവങ്ങളുടെയും ചിത്രീകരണം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു.
ഇന്ത്യൻ 2 ആണ് കമൽ ഹാസന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ദശാവതാരം, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുമായി എത്തുന്നുണ്ടെന്നതും ഇന്ത്യൻ 2 ന്റെ പ്രത്യേകതയാണ്. അതോടൊപ്പം, ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 12 മുതലാണ് ചിത്രം തിയറ്ററുകളിലെത്തുക. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യൻ എന്ന കഥാപാത്രമായി കമൽഹാസൻ നിറഞ്ഞാടിയ ‘ഇന്ത്യൻ’ 1996ലാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിൽ ഇരട്ട വേഷങ്ങൾ അവിസ്മരണീയമാക്കിയ കമൽ ഹാസന് ദേശീയ അവാർഡും ലഭിച്ചിരുന്നു.
content summary; kamal haasan reveals shah rukh khan did not charge any money for hey ram