നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ അവസാന നാളില്‍, ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ സുന്നി വിഭാഗം വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തിരുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ വലിയ പ്രചാരണമാണ് നടന്നിരുന്നത്. എന്നാല്‍ അത്തരം വ്യാജപ്രചാരണങ്ങളെ തള്ളി എപി സുന്നിവിഭാഗം നേതാക്കള്‍ തന്നെ രംഗത്തെത്തി. ഞങ്ങളുടെ സംഘടനകളുമായും പ്രസ്ഥാനവുമായും ബന്ധപ്പെടുത്തികൊണ്ട് സ്വരാജിന് അനുകൂലമായും പ്രതികൂലമായും പ്രചരിച്ച് കൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ എല്ലാം വ്യാജ നിര്‍മ്മിതികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല അഴിമുഖത്തോട് പ്രതികരിച്ചു.
‘തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി അനുകൂലികളും പ്രതികൂലികളും അത്തരം നിരവധി വ്യാജ പോസ്റ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ല. അത്തരം പോസ്റ്റുകള്‍ നിര്‍മ്മിച്ചവരുടെ ഐഡിയും വിവരങ്ങളും വെച്ച് ബന്ധപ്പെട്ട ആളുകള്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രചാരണത്തിന് പിന്നില്‍ ഏതോ ദുഷ്ടബുദ്ധികളാണെന്നും എന്‍ അലി അബ്ദുല്ല വ്യക്തമാക്കി.
പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും സുന്നി നേതാക്കളായ വടശ്ശേരി ഹസന്‍ മുസ്ലിയാറും വഹാബ് സഖാഫി മമ്പാടും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വോട്ടെടുപ്പിന് തൊട്ടുതലേദിവസമാണ് തൻ്റെ പേരിൽ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ വടശ്ശേരി ഹസന്‍ മുസ്ലിയാർ പീഡിത വിഭാഗങ്ങള്‍ എവിടെയുള്ളവരാണെങ്കിലും അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നയാളാണ് സ്വരാജ് എന്നും അദ്ദേഹത്തിനെതിരെ സുന്നികള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള പച്ച നുണയാണ് തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കുന്നതെന്നും പറഞ്ഞു.
എം സ്വരാജ് കാന്തപുരത്തിന്റെ അനുഗ്രഹം വാങ്ങിയില്ലെന്നും പരിപാടികള്‍ക്ക് വിളിച്ചാല്‍ വരാറില്ലെന്നും എ പി സുന്നിവിഭാഗം നേതാക്കൾ വിമര്‍ശിച്ചതായും സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. അതിനെ തള്ളി വഹാബ് സഖാഫി മമ്പാടും രംഗത്തെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മര്‍കസില്‍ വന്നിട്ടുണ്ടോയെന്നും ഉസ്താദിന്റെ അണികളുടെ വോട്ട് വേണ്ടാത്തതുകൊണ്ടാണോയെന്നും വഹാബ് സഖാഫി മമ്പാട് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിട്ടുണ്ട്.
content summary: Kanthapuram Sunni faction denies allegations over fake campaign