‘ഇച്ഛാശക്തിയുള്ള സര്‍ക്കാരും കഴിവുള്ള സേനയും, പിന്‍തുണ നല്‍കുന്ന രാഷ്ട്രവുമുണ്ടെങ്കിലേ യുദ്ധം ചെയ്യാനാവൂ’
കാള്‍ വോണ്‍ ക്ലോസ് വിറ്റ്‌സ്
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സൈനിക തന്ത്രവിദഗ്ധന്‍.
രാജ്യത്താകമാനം ദേശസ്‌നേഹത്തിന്റെ അലമാലകള്‍ ഉയര്‍ത്തിയ യുദ്ധമായിരുന്നു കാര്‍ഗില്‍. സൈന്യത്തോടുള്ള ഐക്യദാര്‍ഢ്യവും രാജ്യത്തോടുള്ള അചഞ്ചല ഭക്തിയും ജനങ്ങളില്‍ ഉറപ്പിച്ച, കാല്‍നൂറ്റാണ്ട് മുന്‍പ് നടന്ന കാര്‍ഗില്‍ യുദ്ധം
ഇന്നലെ പാക്കിസ്ഥാന്റെ കടന്നുകയറിയുള്ള തീവ്രവാദത്തിനെതിരെ ഇന്ത്യ ശക്തമായി ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് പാക്ക് യുദ്ധസിരാകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. യാദൃശ്ചികമാകാം, 26 കൊല്ലം മുന്‍പ് ഇതേ ദിവസമാണ് മറ്റൊരു ഇന്ത്യാ-പാക്ക് യുദ്ധത്തിന് ആദ്യ വെടി പൊട്ടിയത്. ആദ്യം പതറുകയും പിന്നീട് ശക്തരായി തിരിച്ച് വന്ന് പാക്കിസ്ഥാനെ തകര്‍ത്ത്, നുഴഞ്ഞുകയറിയ തീവ്രവാദികളെ തുടച്ച് നീക്കി ആധിപത്യം സ്ഥാപിച്ച ഇന്ത്യയുടെ കാര്‍ഗില്‍ യുദ്ധപോരാട്ടം ആരംഭിച്ചത് ഇതേ മെയ് 8 നായിരുന്നു. വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ശത്രുവിനെ തകര്‍ത്ത് തരിപ്പണമാക്കി, വിജയം നേടി കാര്‍ഗില്‍ മലനിരകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക പാറിച്ച വിജയമായിരുന്നു അത്.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി പാക്കിസ്ഥാന്‍ അധീനമാക്കിയ കാര്‍ഗിലിലെ മര്‍മ്മപ്രധാനമായ ഇന്ത്യന്‍ മലനിരകള്‍, യുദ്ധത്തില്‍ തോല്‍പ്പിച്ച് തിരിച്ച് പിടിച്ച് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കാര്‍ഗില്‍ മലനിരകളില്‍ ഒരിക്കല്‍ കൂടി പാറിച്ച വിജയമായിരുന്നു. കാല്‍ നൂറ്റാണ്ടു പിന്നിട്ട ആ ചരിത്ര വിജയം.
1999 മെയ് 8 ന് കാര്‍ഗില്‍ മലനിരകളില്‍ ആ സന്ധ്യക്ക് റോന്തു ചുറ്റുകയായിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ കനത്ത മഞ്ഞ് വലയം ചെയ്ത് കാഴ്ച അസാധ്യമായ ഇരുട്ടിലും അത് കണ്ടു. അവര്‍ ജാഗരൂകരായി. ആയുധമെടുത്ത് തയ്യാറായി. കുറച്ചു അകലെ നിന്ന് വെടിയുണ്ടകള്‍ ചീറി വന്നതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചറിഞ്ഞു.
‘ശത്രു മുന്നില്‍’
അതിര്‍ത്തി കടന്നുവന്ന ‘ശത്രു’ ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തിയിരിക്കുന്നു.
28 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ശത്രു രാജ്യമായ പാക്കിസ്ഥാനുമായി ഇന്ത്യയുടെ യുദ്ധം അതോടെ ആരംഭിച്ചു. 74 നാള്‍ നീണ്ട കാര്‍ഗില്‍ യുദ്ധം ! ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ കൂടി തങ്ങളുടെ അഭിമാനം ലോകത്തിന് മുന്‍പില്‍ പോരാട്ടവീര്യത്തിലൂടെ ഉയര്‍ത്തിപ്പിടിച്ച വിജയ സ്തംഭമായിരുന്നു അത്.
കാര്‍ഗില്‍ എന്നത് ഗാര്‍, ഖില്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. പ്രാദേശിക ഭാഷയില്‍ ഗാര്‍ എന്നാല്‍ ‘കോട്ട’ എന്നും ഖില്‍ എന്നാല്‍ ‘കേന്ദ്രം’ എന്നും അര്‍ത്ഥം. കാര്‍ഗില്‍ കോട്ടകള്‍ക്കിടയിലുള്ള ഒരു സ്ഥലം എന്ന് പറയാം. ഇന്ത്യാ പാക്ക് അതിര്‍ത്തിയിലെ ഏറ്റവും പ്രാധാന്യമുള്ള മേഖല.
1996 ജൂലൈ 26 – വിജയമുഹൂർത്തം: അന്തിമവിജയം നേടിയ കാർഗിലിൽ ഇന്ത്യൻ പതാക ഉറപ്പിച്ച് സൈനികർ
അതിര്‍ത്തിയിലുള്ള കാര്‍ഗിലെന്ന കൊച്ചു ഗ്രാമത്തിന് നേരെ പാക്കിസ്ഥാനില്‍ നിന്നുള്ള ഷെല്ലാക്രമണം പതിവായിരുന്നു. പക്ഷെ ഇത്തവണ പ്രശ്‌നം ഗുരുതരമായിരുന്നു. അതിര്‍ത്തിയിലെ ദ്രാസ് ബട്ടാലിക്ക് മേഖലയിലെ 25 കിലോമീറ്റര്‍ സ്ഥലം 800 ഓളം ശത്രുക്കള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യത്തിന് മനസിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. ശ്രീനഗര്‍ – ലേഹ് ഹൈവേ പിടിച്ചെടുക്കുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം.
കടുത്ത തണുപ്പ്, മൈനസ് 5 ഡിഗ്രി മുതല്‍ 11 വരെയാണ് തണുപ്പ്. 16,000 അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളില്‍ പ്രതികൂല കാലാവസ്ഥയില്‍ ആഞ്ഞടിക്കുന്ന ശീതക്കാറ്റിനോടൊപ്പമാണ് ശത്രുവിന്റെ ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം ധീരമായി അണിനിരന്നത്. ശ്രീനഗര്‍ – ലേഹ് ഹൈവേ സമീപമുള്ള നിര്‍ണ്ണായക പ്രധാന്യമുള്ള ടോലോലിങ്ങ് കൊടുമുടിയും സമീപത്തുള്ള മലനിരകളും ശക്തമായ ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം തിരിച്ച്പിടിക്കുകയായിരുന്നു. മെയ് മാസത്തില്‍ യുദ്ധം തുടങ്ങിയശേഷം ഇതാദ്യമായി ഹൈവേ സിവിലിയന്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ സാധിച്ചു.
ലേഹ് എന്ന പ്രവിശ്യയെ കശ്മീര്‍ താഴ്വരയില്‍ നിന്ന് വേര്‍പെടുത്തുകയെന്ന ലക്ഷ്യവുമായി അവിടെ താവളമടിച്ചിരുന്ന പാക്ക് നുഴഞ്ഞുകേറ്റക്കാരെ ഛിന്നഭിന്നമാക്കി ജൂബാര്‍ അടക്കം പല നിര്‍ണായക സ്ഥലങ്ങളും സൈന്യം തിരിച്ച് പിടിച്ചു. 350 സൈനികര്‍ ഇതില്‍ ജീവന്‍ വെടിയുകയും 500 ഓളം പട്ടാളക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ശത്രുവിന്റെ സൈനികശേഷി കുറച്ചു കണ്ട ഇന്ത്യന്‍ സൈനിക നേതൃത്വത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ഇന്ത്യയുടെ ഒരു മിഗ് 27 വിമാനം വെടിവെച്ചിട്ട് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് കെ. നചികേതയെ പാക്കിസ്ഥാന്‍ തടവുകാരനാക്കി. കാര്‍ഗില്‍ യുദ്ധത്തിലെ ആദ്യത്തെ യുദ്ധത്തടവുകാരനാണ് ക്യാപ്റ്റന്‍ നചികേത. നചികേതയുടെ വിമാനം അന്വേഷിച്ച് പോയ മിഗ് 21 വിമാനം നിയന്ത്രണരേഖക്ക് സമീപം പാക്ക് വെടിയേറ്റു തകര്‍ന്ന് സ്‌ക്വാഡ്രണ്‍ ലീഡറായ അജയ് അഹൂജ കൊല്ലപ്പെട്ടു. മെയ് 28 ന് വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റര്‍ വെടിയേറ്റ് വീണ് 4 വൈമാനികരും കൊല്ലപ്പെട്ടു. അതോടെ വ്യോമസേന ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ചു.
അതിനിടയില്‍ കാര്‍ഗില്‍ അധിനിവേശം അന്താരാഷ്ട രംഗത്ത് ചര്‍ച്ചാ വിഷയമായി. പാക്കിസ്ഥാനാണ് നുഴഞ്ഞുകയറിയതെന്ന് അപലപിച്ചു കൊണ്ട് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തി. യുദ്ധത്തില്‍ കൊല്ലപ്പെട്ട ജാട്ട് റെജിമെന്റിലെ ആറ് സൈനികരുടെ മൃതശരീരം അംഗഭംഗം വരുത്തി വികൃതമാക്കി ഇന്ത്യക്ക് കൈമാറിയതിനെ ലോകവ്യാപകമായി രാഷ്ട്രങ്ങള്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചു. നേരത്തെ തകര്‍ന്ന വിമാനത്തില്‍ നിന്ന് പിടികൂടിയ സ്‌ക്വാഡ്രണ്‍ ലീഡറായ അജയ് അഹൂജയെ പാക്ക് സൈന്യം വെടിവെച്ചു കൊല്ലുകയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇത് സത്യമാണെന്ന് പിന്നീട് സ്ഥീകരിച്ചതോടെ അന്താരാഷ്ട്ര രംഗത്ത് പാക്കിസ്ഥാന്‍ പിന്‍തുണയില്ലാതെ, ഒറ്റപ്പെട്ടു.
കാർഗിൽ യുദ്ധകാലത്തെ കരസേനാ മേധാവി വി പി മാലിക്ക് , പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനോടൊപ്പം
ആളപായം കൂടി വന്നതോടെ യുദ്ധയന്ത്രം മാറ്റണമെന്ന് സൈനിക നേതൃത്വത്തിന് ബോധ്യമായി. ശ്രീനഗര്‍ – ലേഹ് ഹൈവേക്ക് നാല് കിലോമീറ്റര്‍ അകലെയുള്ള ടോലോ ലിങ്ങില്‍ 8 കിലോമീറ്റര്‍ അകലെയുള്ള ടൈഗര്‍ കുന്നുകളിലായിരുന്നു നുഴഞ്ഞുകേറ്റക്കാര്‍ തമ്പടിച്ചിരുന്നത്. അവിടെ നിന്ന് ഹൈവേക്ക് നേരെ ആക്രമണം നടത്താന്‍ ശത്രുക്കള്‍ക്ക് എളുപ്പം സാധിക്കുമെന്നതായിരുന്നു ഇവയുടെ പ്രാധാന്യം. ഇവരെ നേരിടാന്‍ ഇന്ത്യന്‍ സേന ഒരു ത്രിമുഖ തന്ത്രം ആവിഷ്‌ക്കരിച്ചു. നാല് ഭാഗങ്ങളില്‍ നിന്നും ഈ താവളങ്ങളെ പട്ടാളം ആക്രമിച്ചു. വ്യോമാക്രമണത്തിലൂടെ ശത്രുവിന്റെ ബങ്കറുകളും ടെന്റുകളും നശിപ്പിക്കുക. നുഴഞ്ഞുകേറ്റക്കാരുടെ താവളങ്ങള്‍ നേരിട്ട് ആക്രമിക്കുക. എന്നിങ്ങനെ പ്രധാന നീക്കങ്ങള്‍ നടത്തി.
1999, ജൂണ്‍ 20 – ആ ദിവസം ഇന്ത്യന്‍ സൈനികരെ സംബന്ധിച്ചിടത്തോളം അതൊരു ധന്യനിമിഷമായിരുന്നു. രജപുത്താന റൈഫിള്‍സിലെ കേണല്‍ രവീന്ദ്രനാഥ് 4,590 മീറ്റര്‍ ഉയരത്തിലുള്ള ടോലോലിങ്ങ് കുന്നിന് മുകളില്‍ നിന്ന് ബ്രിഗേഡ് കമാന്‍ഡര്‍ക്ക് തന്റെ ഹ്ര്വസമായ റേഡിയോ വിജയ സന്ദേശം നല്‍കി.
”സര്‍ ഞങ്ങള്‍ ടോലോലിങ് പിടിച്ചെടുത്തു’
‘ഉന്നത സൈനിക നേതൃത്വം ആകാംക്ഷയോടെ കാത്തിരുന്ന സന്ദേശമായിരുന്നത്. കാര്‍ഗില്‍ യുദ്ധത്തിലെ ആദ്യത്തെ പ്രധാന വിജയം. നൂറ് ശതമാനം പ്രതികൂല കാലാവസ്ഥയോടും ശത്രുവിനോടും പൊരുതി നേടിയ വിജയം.
ഇന്ത്യന്‍ സൈനിക വിഭാഗത്തിലെ ഏറ്റവും പുരാതന സൈന്യ വിഭാഗമായ, 182 വര്‍ഷം പഴക്കമുള്ള രജപുത്താന റൈഫിള്‍സ് കടുത്ത പോരാട്ടത്തിലൂടെയാണ് കുന്നിന്‍ മുകളിലേക്ക് എത്തിയത്. ‘എന്റെ ബറ്റാലിയന് നല്‍കിയ ലക്ഷ്യം ഞങ്ങള്‍ നേടി’ അദ്ദേഹം റേഡിയോ സന്ദേശം പൂര്‍ത്തിയാക്കി. വിജയ നിമിഷത്തില്‍ അവിടെ സ്ഥാപിച്ച ഇന്ത്യന്‍ ത്രിവര്‍ണ്ണ കൊടി അന്തരീക്ഷത്തില്‍ ഇളകി പറക്കുമ്പോള്‍ വിജയത്തിലെ ആഹ്ലാദത്തിലും ആവേശം കെടുത്തുന്ന യാഥാര്‍ത്ഥ്യം, തൊട്ടു പിന്നാലെ ദുഃഖകരമായ വാര്‍ത്ത കേണലിനെ തേടിയെത്തി. 4 ഓഫീസര്‍മാരടക്കം അദ്ദേഹത്തിന്റെ ബ്രിഗേഡിലെ 17 സൈനികരാണ് ഈ കൊടും യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞത്. 70 പേര്‍ പരുക്കേറ്റ് പിന്‍വാങ്ങി. ഇനിയൊരിക്കലും റെജിമെന്റിനെ സേവിക്കാനാവാത്ത വിധം ആറ് ഭടന്മാര്‍ക്ക് കൈകാലുകള്‍ നഷ്ടമായി.
ടോലോംഗ് യുദ്ധത്തിൽ മരിച്ച 23 പട്ടാളക്കാർക്ക് വേണ്ടി ആദരാഞ്ജലികളുടെ ഭാഗമായി സൈന്യം മൗന പ്രാർത്ഥനയിൽ
രണ്ട് നൂറ്റാണ്ട് മുന്‍പ്, 1817ല്‍ ബറോഡയില്‍ സ്ഥാപിക്കപ്പെട്ട രണ്ട് രജ്പുത്താന റൈഫിള്‍ റെജിമെന്റ് വൈവിധ്യമാര്‍ന്ന സൈനിക വിഭാഗമാണ് രജപുത്രരും, ജാട്ടുകളും, ആഹിറുകളും, ഗുജ്ജാറുകളും. മുസ്ലിമുകളും സേവനമനുഷ്ഠിക്കുന്ന സമ്മിശ്രമായ പ്ലാറ്റിയൂണ്‍.
”വീര്‍ഭോഗ്യ വസുന്ധര” (ഭൂമിയിലെ സമ്പത്ത് ധീരന്മാര്‍ക്ക് അനുഭവിക്കാനുള്ളതാകുന്നു) എന്നാണ് ഈ റെജിമെന്റിന്റെ മുദ്രാവാക്യം.
കഴിഞ്ഞ നൂറ്റാണ്ടില്‍ 1856 ല്‍ പേര്‍ഷ്യയില്‍ നടന്ന യുദ്ധത്തില്‍ പോരാടിയ രജ്പുത്താന റെജിമെന്റ്‌ലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഓഗസ്റ്റ്‌സ് വുഡാണ് ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ആദ്യമായി വിക്ടോറിയ ക്രോസ് അവാര്‍ഡ് നേടിയത്. ആ പാരമ്പര്യം കാര്‍ഗിലില്‍ ഉയര്‍ത്തിക്കാണിച്ച ഈ സൈന്യവ്യൂഹത്തിന് ‘ശത്രുവിന് മുന്‍പില്‍ അസാധാരണ വീര്യവും മനക്കരുത്തും പ്രകടമാക്കിയതിന്’ ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രത്യേക ബഹുമതിപത്രം കാര്‍ഗിലിലെ യുദ്ധാന്തനന്തരം നല്‍കപ്പെട്ടു.
ജൂണ്‍ 12 നും 18 നും ഇടയ്ക്ക് ടോലോലിങ്ങും പോയന്റ് 4590, പോയന്റ് 5410 എന്നീ പ്രധാന സ്ഥാനങ്ങള്‍ പിടിച്ചതോടെ സൈനിക നേതൃത്വം പല പാഠങ്ങളും പഠിച്ചു. അപ്രതീക്ഷിത ഭാഗത്ത് നിന്നും ശത്രുവിനെ ആക്രമിക്കുകയെന്ന തന്ത്രമാണ് ടൈഗര്‍ കുന്നുകള്‍ കീഴടക്കാന്‍ ഇന്ത്യന്‍ സൈന്യം പയറ്റിയത്. അകലെ നിന്ന് നോക്കിയാല്‍ ഒരു സാധാരണ കൊടുമുടി മാത്രമായ ടൈഗര്‍ ഹില്‍സ് ചെങ്കുത്തായ പാതകളും ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങളും ചേര്‍ന്ന് യാത്ര ദുഷ്‌ക്കരമാക്കുന്ന ഒന്നാണ്. അവിടെ നിലയുറപ്പിച്ച നുഴഞ്ഞുകയറ്റക്കാര്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ – ലേഹ് ഹൈവേയിലേക്ക് കൃത്യമായി പീരങ്കി വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനിക വാഹനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. ജൂലൈ 4 ന് ഇന്ത്യന്‍ സേനയിലെ മൂന്ന് കമ്പനികള്‍ കുന്ന് കയറി മൂന്ന് ഭാഗങ്ങളില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ആക്രമിച്ചു. കനത്ത പോരാട്ടത്തില്‍ നുഴഞ്ഞുകയറ്റക്കാരുടെ ബങ്കറുകളും സുരക്ഷാ കേന്ദ്രങ്ങളും പട്ടാളം തകര്‍ത്തു. ഒടുവില്‍ ശത്രുവിനെ തകര്‍ത്ത് ടൈഗര്‍ ഹില്‍ ഇന്ത്യന്‍ സൈനികര്‍ പിടിച്ചടുത്തു. ടൈഗര്‍ ഹില്ലിന്റെ ഉച്ചിയില്‍ ഇന്ത്യന്‍ സൈന്യം എത്തി. ടൈഗര്‍ ഹില്ലില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ പതാക ഉയര്‍ന്ന് കഴിഞ്ഞപ്പോള്‍ 30 ഇന്ത്യന്‍ സൈനികര്‍ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞിരുന്നു. 65 പേര്‍ പരിക്കേറ്റ് വീണു.
കനത്ത ആള്‍ നാശവും, അടിക്കടിയുള്ള പരാജയവും നുഴഞ്ഞുകയറ്റക്കാരെ പിന്നോട്ടടിച്ചു. ടോലോ ലിങ് വീണതോടെ മറ്റ് മലനിരകളിലുണ്ടായിരുന്ന നുഴഞ്ഞുകയറ്റിക്കാര്‍ പതറി. രജപുത്താനാ റൈഫിള്‍സ് ഈ മലനിരകള്‍ക്കരികിലുള്ള എല്ലാ പോയന്റും പിടിച്ചെടുത്തതോടെ ശത്രുക്കള്‍ തിരിഞ്ഞോടി.
അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട്, കനത്ത സമ്മര്‍ദ്ദം വന്നതോടെ ജൂലൈ 11 നോടെ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ പാക്കിസ്ഥാന്‍ സൈനികരാണെന്ന് കാണിക്കുന്ന പിടിച്ചെടുത്ത ആയുധങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും യുദ്ധ പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യം ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ഗുരുങ്ക് ബസ്തയിൽ അജ്ഞാതനായ ഗുർഖ പ്രതിമയിൽ 90,000 രൂപയുടെ യുദ്ധ ഫണ്ട് സ്വരൂപിച്ച ഗുർഖകൾ ഒത്തുകൂടിയപ്പോൾ
ജൂലൈ 14 ന് ഓപ്പറേഷന്‍ വിജയ് എന്ന് പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി പ്രധാനമന്ത്രി എ.ബി. വാജ്പേയ് പ്രഖ്യാപിച്ചു. 74 നാല് നാള്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ 407 ഓളം ഇന്ത്യന്‍ സൈനികര്‍ വീരചരമമടഞ്ഞു. 584 പേര്‍ക്ക് പരിക്കേറ്റു, 6 പേരെ കാണാതായി. പാക്കിസ്ഥാന്‍ പക്ഷത്ത് 696 പേര്‍ മരിച്ച് വീണു.
കാര്‍ഗിലിലെ യുദ്ധമേഖലയില്‍ മൃതദേഹങ്ങള്‍ ചിതറി കിടന്നിരുന്നു. ഇതില്‍ 50 നുഴഞ്ഞുകയറ്റക്കാരോടൊപ്പം പാക്കിസ്ഥാന്‍ സൈനികരുമുണ്ടായിരുന്നു.
യുദ്ധത്തിലെ അനിവാര്യമായ വിരോധാഭാസം!
കാള്‍ വോണ്‍ ക്ലോസ് വിറ്റ്‌സിന്റെ വചനം ശരിവെയ്ക്കുന്നതായിരുന്നു കാര്‍ഗില്‍ യുദ്ധം. ‘ഇച്ഛാശക്തിയുള്ള സര്‍ക്കാരും കഴിവുള്ള സേനയും, പിന്‍തുണ നല്‍കുന്ന രാഷ്ട്രവുമുണ്ടെങ്കിലേ യുദ്ധം ചെയ്യാനാവൂ’ ഈ മൂന്നു ഘടങ്ങളും, രാജ്യത്തിന്റെ വിജയത്തിനായി യുദ്ധം ചെയ്യുന്ന, ഇന്ത്യന്‍ സൈന്യത്തിനെ അന്ന് പിന്‍തുണയ്ക്കാനെത്തി. കാര്‍ഗില്‍ എന്ന പേര് ഇന്ത്യയില്‍ ദേശസ്‌നേഹത്തിന്റെ അലമാലകള്‍ ഉയര്‍ത്തി. സൈനികരോടുള്ള ഐക്യദാര്‍ഢ്യം മാത്രമല്ല, രാജ്യത്തോടുള്ള അചഞ്ചല ഭക്തിയും. രാഷ്ട്രത്തിന്റെ ആവേശമായി അത് ജനങ്ങളില്‍ കത്തിജ്വലിച്ചു. കാര്‍ഗില്‍ യുദ്ധം ജനങ്ങളുടെ യുദ്ധമായി.
പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ ഗുരുദ്വാരയില്‍ അവിടത്തെ ജനങ്ങള്‍ ഒത്തുകൂടി. ഇതിന് മുന്‍പ് അവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി വാജ്‌പേയുടെ ‘ലാഹോര്‍ ബസ് യാത്ര’ വിജയകരമാക്കാന്‍ പ്രാര്‍ത്ഥിക്കാനാണ് ഒരുമിച്ചത്. എന്നാല്‍ ഇത്തവണ വ്യത്യസ്തമായ ഒരു കാരണത്തിനായിരുന്നു അവര്‍ സമ്മേളിച്ചത്. ‘ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമല്ല. ചെറുപ്പക്കാരെ യുദ്ധസന്നദ്ധരാക്കാനുള്ള സമയമാണ്.’ മുതിര്‍ന്ന ഒരു ഗ്രാമീണന്‍ പറഞ്ഞു. ഗ്രാമത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ ‘കാര്‍ഗില്‍ ഹമാരാ ഹൈ’ എന്നും ജയ് ജവാന്‍ എന്നും സ്ലേറ്റില്‍ പകര്‍ത്തിയെടുക്കുന്നു. ഇപ്പോള്‍ ഇത് മാത്രമാണ് പ്രസക്തമായ പാഠം’ ഒരു അദ്ധ്യാപകന്‍ പറയുന്നു.
രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും ഇന്ത്യ നമ്മുടെ മാതൃരാജ്യമാണെന്നും നാം ഇന്ത്യയെ സ്‌നേഹിക്കുന്നെന്ന യാഥാര്‍ത്ഥ്യം അന്ന് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
മുഖത്ത് ഇന്ത്യന്‍ പതാക വരച്ച് 500 ഓാളം യുവാക്കള്‍ ആവേശത്തോടെ ബാഗ്ലൂരില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. മുന്‍കാലങ്ങളില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാത്രം കാണാവുന്ന കാഴ്ചയായിരുന്നു മുഖത്ത് പതാക വരച്ച യുവാക്കള്‍. എന്നാല്‍ ക്രിക്കറ്റിലെ ആവേശം ഇപ്പോള്‍ രാജ്യസ്‌നേഹത്തിന് വഴിമാറി.
പശ്ചിമ ബംഗാളിലെ സിലഗുരിയില്‍ സ്ഥിതി ചെയ്യുന്ന അജ്ഞാതനായ ഗൂര്‍ഖ ഭടന്റെ പ്രതിമക്ക് മുന്‍പില്‍ ജൂലൈ 4 ന് സ്ഥലത്തെ ഗൂര്‍ഖകള്‍ സംഘടിച്ച് 90,000 രൂപയുടെ യുദ്ധഫണ്ട് സ്വരൂപിച്ചു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ജവാന് ജാതിയോ മറ്റ് ഉച്ചനീചത്വങ്ങളോ ഇല്ല. ഞങ്ങള്‍ എന്നും അവരോടൊപ്പമുണ്ട്’ ഒരു ഗൂര്‍ഖ അഭിമാനത്തോടെ പറഞ്ഞു.
യുദ്ധ ഫണ്ടിലേക്ക് 50,000 രൂപ നൽകിയ നക്സൽബാരിയിലെ തേയിലത്തൊഴിലാളികൾ
മൂന്ന് പതിറ്റാണ്ട് മുന്‍പ് പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഭീതിയുള്ള പദമായിരുന്നു, സ്ഥലമായിരുന്നു. എന്നാല്‍ അത് പഴയ കഥ. നക്‌സല്‍ ബാരിയിലെ ചായത്തോട്ടങ്ങളിലെ തൊഴിലാളികള്‍ കാര്‍ഗില്‍ യുദ്ധഫണ്ട് സ്വരൂപിച്ചു. 950 ഓളം വരുന്ന തൊഴിലാളികള്‍ ഒരു ദിവസത്തെ ശമ്പളം യുദ്ധഫണ്ടിലേക്ക് നല്‍കി. നേരത്തെ പ്രഖ്യാപിച്ച പണിമുടക്ക് അവര്‍ ഉപേക്ഷിച്ചു. ‘തൊഴില്‍ തര്‍ക്കം തീര്‍ക്കുന്നതിനേക്കാള്‍ വലുതാണ് കാര്‍ഗില്‍ പ്രശ്‌നം’ യൂണിയന്‍ നേതാക്കള്‍ ആവേശത്തോടെ പറഞ്ഞു.
ബോംബെയില്‍ ഒരു കച്ചവടക്കാരന്‍ ‘യെഹ് ദേശ് വീര ജവാനാകാ’ (ധീര ജവാന്‍മാരുടെ രാജ്യമാണിത്) എന്ന് സീരിസില്‍ നോട്ടുബുക്കുകള്‍ വിപണിയിലിറക്കി. കാര്‍ഗില്‍ യുദ്ധ ചിത്രങ്ങള്‍ അച്ചടിച്ച ഈ നോട്ടുബുക്ക് വില്‍പനയില്‍ നിന്ന് ലഭിച്ച ഒരുലക്ഷം രൂപ അയാള്‍ ദേശീയ പ്രതിരോധ നിധിയിലേക്ക് നല്‍കി.
ജനങ്ങള്‍ ഒറ്റക്കെട്ടായി കാര്‍ഗില്‍ യുദ്ധ പ്രതിസന്ധിയില്‍ ഗവണ്‍മെന്റിന് പിന്‍തുണ നല്‍കി. തികഞ്ഞ വിവേകത്തോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയ് എല്ലാ ഘട്ടത്തിലും സംസാരിച്ചത്. സൈനികര്‍ക്ക് എല്ലാ പിന്‍തുണയും നല്‍കാന്‍ നാം തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യ പാകിസ്ഥാന് നേരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സൗഹൃദഹസ്തം നീട്ടിയെങ്കിലും പാക്കിസ്ഥാന്‍ തോക്കിന്റെ ഭാഷയിലാണ് പ്രതികരിച്ചത്. കാര്‍ഗിലില്‍ നിന്ന് പിന്മാറുന്നത് വരെ ഇനി പാക്കിസ്ഥാനുമായി സൗഹൃദമോ, ചര്‍ച്ചയോ ഇല്ല. വാജ്‌പേയ് വ്യക്തമാക്കി.
കാർഗിൽ ഇന്ത്യൻ പോരാട്ടം നോട്ട് ബുക്ക് കവറിൽ
യുദ്ധസമയത്ത് മരണമടഞ്ഞ സൈനികരുടെ മൃതശരീരങ്ങള്‍ നാടിന്റെ നാനാഭാഗത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വില കുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പിന്നാലെ പോയെന്നുള്ള അസംബന്ധങ്ങളും കാര്‍ഗില്‍ യുദ്ധസമയത്ത് രാജ്യം കണ്ടു. ഇത് ഇന്ത്യാ പാക്ക് ക്രിക്കറ്റ് കളിയല്ലെന്ന് അവരോര്‍ത്തില്ല. പ്രതിരോധ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍ ജയലളിത 6 പേജുള്ള പ്രസ്താവന ഇറക്കി. കാര്‍ഗില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ അടിയന്തരമായി വിളിച്ചു കൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് പിന്‍തുണ നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു നടപടിയെ മാധ്യമങ്ങളുള്‍പ്പടെയുള്ളവര്‍ ശക്തമായി വിമര്‍ശിച്ചു. രാഷ്ട്രീയ മുതലെടുപ്പുകള്‍ പിന്നേയും ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
കോണ്‍ഗ്രസും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആവേശം കാണിച്ചു. സോണിയാ ഗാന്ധി കാര്‍ഗില്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ കാണാന്‍ ശ്രീനഗറിലെ ആശുപത്രി സന്ദര്‍ശിച്ചു. അവിടെ അവര്‍ ഭക്ഷണവും ബ്ലാങ്കറ്റുകളും വിതരണം ചെയ്തു. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ തവ് ലീന്‍ സിങ്ങ് തന്റെ കോളത്തില്‍ ഇതിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടെഴുതി,
‘1977 ലെ ജനതാ ഭരണകാലത്ത് ബീഹാറിലെ ബെല്‍ചിയില്‍ നടന്ന ദളിതരുടെ കൂട്ടക്കൊല ഇന്ദിരാ ഗാന്ധി ഉപയോഗപ്പെടുത്തിയത് പോലെ കാര്‍ഗില്‍ പ്രശ്‌നവും പാര്‍ട്ടിക്ക് പ്രയോജനപ്പെടുത്താമെന്നായിരിക്കണം അഭിനവ ഇന്ദിരാ ഗാന്ധി വിചാരിക്കുന്നത്. അന്ന് മറ്റ് വാഹനങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ആനപ്പുറത്ത് കയറിയാണ് ഇന്ദിരാ ഗാന്ധി ബെല്‍ചി സന്ദര്‍ശിച്ചത്.
തന്റെ സാന്നിധ്യം കൊണ്ട് യുദ്ധഭൂമിയിലെ സൈനികര്‍ക്ക് ആവേശം പകരാമെന്ന് സോണിയ കരുതിയിരിക്കുമോ? അല്ലെങ്കില്‍ അവരുടെ ഈ സന്ദര്‍ശനത്തിന് എന്ത് വിശദീകരണമാണ് നല്‍കാന്‍ കഴിയുക ? തവ് ലീന്‍ സിങ് ചോദിച്ചു.
തവ് ലീൻ സിംഗ്
കാര്‍ഗിലിലേക്ക് കോണ്‍ഗ്രസ് ഒരു പ്രതിനിധി സംഘത്തെ അയച്ചതിനെ കുറിച്ച് തവ് ലീന്‍ സിങ്ങ് എഴുതി’ യുദ്ധരംഗത്തെ വിലയിരുത്താന്‍ കഴിവുള്ള ഒരാളും ആ സംഘത്തിലില്ലായിരുന്നു. കാര്‍ഗില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കാലതാമസമെടുക്കുന്നു എന്നാണ് ഈ പ്രവര്‍ത്തന സമിതിയുടെ കണ്ടെത്തല്‍. എന്ത് കൊണ്ടാണ് ഈ കാലതാമസം? നമ്മുടെ സൈനികര്‍ വേണ്ടത്ര വീറോടെ യുദ്ധം ചെയ്യുന്നില്ല എന്നാണോ? കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി കരുതുന്നത്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ യുദ്ധഭൂമികളിലൊന്നാണ് കാര്‍ഗില്‍. അവിടെ നമ്മുടെ സൈന്യം കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ടെന്നാണ് പ്രതിരോധ കാര്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മാത്രമേ ഇന്ത്യ ഭരിക്കാന്‍ കഴിയുള്ളൂ എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസിന് അതുകൊണ്ടൊന്നും തൃപ്തിയാകുന്നില്ല’ തവ് ലീന്‍ സിങ്ങ് പരിഹസിച്ചു.
ബി.ജെ.പി നേതാവായ കെ. എന്‍.ഗോവിന്ദാചാര്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു ‘ഇന്ത്യയുടെത് ഒരു ദ്വിമുഖ തന്ത്രമാണ്. ഒന്ന് നുഴഞ്ഞു കയറ്റക്കാരെ തുരത്താനുള്ള സൈനിക നടപടി. രണ്ട് സ്വന്തം നടപടി മൂടി വെയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെപ്പറ്റി ലോകത്തെ ധരിപ്പിക്കുക’ വിഡ്ഡിത്തം വിളമ്പുന്നതില്‍ ബി.ജെ.പി. നേതാക്കളും മോശമല്ല. തവ് ലീന്‍ സിങ്ങ് തന്റെ പങ്തിയില്‍ ഇതിനെ പരാമര്‍ശിച്ച് എഴുതി ‘വിദേശനയത്തിന്റെ കാര്യത്തില്‍ താന്‍ ഒരു വിദഗ്ധനാണ് എന്നാണ് അദ്ദേഹം കരുതുന്നത്’.
സൈനിക നീക്കത്തിന് മുൻപ് ഇന്ത്യൻ സൈനികരുടെ പ്രാർത്ഥന
കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യത്തിന് വിജയം നേടി കൊടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് പട്ടാളത്തിന്റെ പീരങ്കിപ്പടയാണ്. കാര്‍ഗില്‍ ഏറെ പ്രശംസിക്കപ്പെട്ട ഒരു സൈനിക വിഭാഗമായി ഈ തോക്കു പട. 6000 ഷെല്ലുകളാണ് ശരാശരി ഇന്ത്യന്‍ പീരങ്കികള്‍ ഒരു ദിവസം ശത്രുവിന് നേരെ നിറയൊഴിച്ചത്. സുപ്രധാനമായ ടൈഗര്‍ കുന്ന് തിരികെ പിടിച്ച ദിവസം 9000 ഷെല്ലുകളാണ് ഇന്ത്യന്‍ പീരങ്കികള്‍ ശത്രുവിന് നേരെ വര്‍ഷിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിലാക്കിയ ബോഫോഴ്‌സ് തോക്കുകളാണ് അവിടെ ഗര്‍ജ്ജിച്ചതില്‍ പ്രധാനിയെന്ന ഒരു വസ്തുതയും പ്രസക്തമാണ്.
ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ യുദ്ധക്കളത്തിലാണ് നമ്മുടെ സൈന്യം പോരാടുന്നതെന്ന യാഥാര്‍ത്ഥ്യം കാര്‍ഗില്‍ യുദ്ധം, ഇന്ത്യന്‍ ജനതയെ വൈകികാരികമായി ഒന്നിപ്പിച്ചു. ദേശീയബോധം ഒരു തീവ്രവികാരമായി അതോടെ ഇന്ത്യയില്‍ ഉണര്‍ന്നെഴുന്നറ്റു. കാല്‍ നൂറ്റാണ്ടിന് ശേഷം അതേ വികാരവിചാരങ്ങളും ഒരിക്കല്‍ കൂടി കാര്‍ഗില്‍ ഇന്ത്യന്‍ ജനതയെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നു. Kargil; a symbol of India’s war victory
Content Summary: Kargil; a symbol of India’s war victory