June 06, 2026 |
Share on

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചു: യൂണിഫോമിനൊപ്പം മതചിഹ്നങ്ങളും ധരിക്കാം

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2022 ഫെബ്രുവരിയില്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. ഇതനുസരിച്ച്, സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും നിര്‍ദ്ദിഷ്ട യൂണിഫോമിനൊപ്പം പരിമിതമായ രീതിയില്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാണെങ്കിലും, അത് പാലിച്ചുകൊണ്ട് തന്നെ ഹിജാബ്, തലപ്പാവ് (പേട്ട), പൂണൂല്‍ (ജനിവാര), ശിവധാര, രുദ്രാക്ഷി തുടങ്ങിയ മതപരമായ അടയാളങ്ങള്‍ ധരിക്കാമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ വ്യക്തമാക്കി. മതപരമായ സ്വത്വം നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും വിദ്യാഭ്യാസത്തില്‍ വിവേചനം പാടില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഏപ്രില്‍ മാസത്തില്‍ നടന്ന കര്‍ണാടക സിഇടി പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവം അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരം നടപടികള്‍ കുട്ടികളെ വേദനിപ്പിക്കുമെന്നും അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനാണ് പുതിയ ഉത്തരവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ യൂണിഫോമിനൊപ്പം ധരിക്കുന്ന ഇത്തരം ചിഹ്നങ്ങള്‍ യൂണിഫോമിനെ പൂര്‍ണ്ണമായി മാറ്റാനോ അതിന്റെ പ്രാധാന്യം കുറയ്ക്കാനോ പാടുള്ളതല്ലെന്ന് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. അച്ചടക്കം, സുരക്ഷ, വിദ്യാര്‍ത്ഥികളെ തിരിച്ചറിയല്‍ എന്നിവയ്ക്ക് തടസ്സമാകാത്ത രീതിയിലായിരിക്കണം ഇവ ധരിക്കേണ്ടത്. മതപരമായ ചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പ്രവേശനം നിഷേധിക്കാനോ പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്താനോ പാടില്ല. അതേസമയം, ഏതെങ്കിലും ചിഹ്നം ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനും പാടുള്ളതല്ല.

കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുമ്പോള്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ യാതൊരുവിധ ബുദ്ധിമുട്ടും അനുഭവിക്കാന്‍ ഇടയാകരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശിച്ചതായി മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ ഡെവലപ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റികള്‍ (എസ്ഡിഎംസി), കോളേജ് ഡെവലപ്മെന്റ് കമ്മിറ്റികള്‍ (സിഡിസി) എന്നിവര്‍ ക്യാമ്പസുകളില്‍ വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പുവരുത്തണം.

2022-ല്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വഴിമാറിയിരുന്നു. കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ചെങ്കിലും, സുപ്രീം കോടതിയില്‍ ഭിന്നവിധി ഉണ്ടാവുകയും കേസ് വിശാല ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ പഴയ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ മതവിശ്വാസം പിന്തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിലൂടെ അവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തടയാമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടു.

Content Summary: Karnataka government withdraws hijab ban. students can wear limited faith symbols alongside prescribed school uniforms.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×