കശ്മീരിനെ കശ്യപന്റെ പേരിലാക്കി അമിത് ഷാ, വിവാദം

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബിജെപി ശ്രമമെന്ന് വിമര്‍ശനം

കശ്മീരിനെ കശ്യപ മഹര്‍ഷിയുമായി ബന്ധപ്പെടുത്തിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തും ഹിന്ദുത്വ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ശ്രമാണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് വിമര്‍ശനം.

” കശ്മീര്‍, കശ്യപന്റെ വാസസ്ഥലം ആയിരുന്നുവെന്ന് കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ പേരില്‍ നിന്നായിരിക്കും കശ്മീര്‍ എന്ന് പേര് വന്നിരിക്കുന്നതും” ജനുവരി രണ്ടിന് ഡല്‍ഹിയില്‍ നടന്ന പുസ്തക പ്രസാധാന ചടങ്ങില്‍ അമിത് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും (ഐസിഎച്ച്ആര്‍) നാഷണല്‍ ബുക്ക് ട്രസ്റ്റും സഹകരിച്ച് തയ്യാറായിക്കിയ ജമ്മു കശ്മീര്‍ & ലഡാക്ക് ത്രൂ ദ ഏജസ്: എ വിഷ്വല്‍ നരേറ്റീവ് ഓഫ് കണ്ടിന്യുറ്റി ആന്‍ഡ് ലിങ്കേജസ് എന്ന പുസ്തകത്തെ പ്രശംസിച്ചു സംസാരിക്കുകായിരുന്നു ഷാ. മോദി സര്‍ക്കാര്‍ ”നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കും”എന്നും ഷാ തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞതാണ് വിവാദം മൂര്‍ച്ചിക്കാന്‍ കാരണം.

വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ട് പൂര്‍ത്തികരിച്ച പുസ്തകമാണിതെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ അവകാശപ്പെടുന്നത്. കശ്മീര്‍, ലഡാക്ക്, ശൈവസംസ്‌കാരം, ബുദ്ധമതം എന്നിവയുടെ ബന്ധത്തെക്കുറിച്ച് പുസ്തകം വ്യക്തമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ടെന്നാണ് ഷാ പറയുന്നത്. കശ്മീരിനെ കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കുന്ന ഈ പുസ്തകം, ചരിത്രത്തെ സത്യത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും ഷാ അവകാശപ്പെട്ടതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഈ പരാമര്‍ശങ്ങളില്‍ കശ്മീര്‍ താഴ് വരയില്‍ ജനരോഷം ശക്തമാണ്. ഡല്‍ഹിയിലെ ചില മാധ്യമങ്ങള്‍ കശ്മീരിനെ മോദി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടതും സാഹചര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍, അമിത് ഷായുടെ പരാമര്‍ശത്തിലെ വസ്തുതകള്‍ പരിശോധിച്ച്, അതിലെ സത്യാവസ്ഥകള്‍ അവതരിപ്പിക്കുന്നുണ്ട്.

12ാം നൂറ്റാണ്ടില്‍ കല്‍ഹണന്‍ എഴുതിയ രാജതരംഗിണി എന്ന ചരിത്രഗ്രന്ഥം കശ്മീരിന്റെ 3000 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു സുപ്രധാന രേഖയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, സമീപകാലത്തായി ചരിത്രകാരന്മാര്‍ ഇതിലെ അവകാശവാദങ്ങള്‍ പുനഃപരിശോധിക്കാനും വിമര്‍ശനാത്മകമായി വിലയിരുത്താനും ആരംഭിച്ചിട്ടുണ്ട്. കല്‍ഹണന്റെ ഗ്രന്ഥം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും കശ്മീരിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള അതിലെ വ്യാഖ്യാനങ്ങളുടെയും വിവരണങ്ങളുടെയും നിജസ്ഥിതിയെ ചരിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ്, അതിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചെന്നോണം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പ്രസ്താവനകള്‍ നടത്തുന്നത്. ശ്രീനഗറില്‍ നിന്നുള്ള രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നൂര്‍ എ ബാബ ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. കശ്യപനെക്കുറിച്ചുള്ള ഷായുടെ പരാമര്‍ശം, മധ്യകാലഘട്ടത്തില്‍ ഏറെക്കുറെ ആധികാരികമെന്ന് കരുതിയിരുന്ന, കശ്മീരിനെക്കുറിച്ചുള്ള കല്‍ഹണയുടെ പുരാണാധിഷ്ഠിത വിവരണവുമായി യോജിക്കുന്നതാണെന്നാണ് പ്രൊഫ. ബാബ പറയുന്നത്.

എന്നാല്‍ സമീപകാലത്തെ പുരാവസ്തു-ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകള്‍, വാസയോഗ്യമായ ഒരു ഭൂപ്രദേശമായുള്ള കശ്മീരിന്റെ പരിണാമത്തെക്കുറിച്ച് കൂടുതല്‍ വസ്തുനിഷ്ഠമായ ധാരണകള്‍ നല്‍കുന്നുണ്ട്. ജിയോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ അഫ്രോസ് അഹമ്മദ് ഷാ പറയുന്നത്, കശ്മീര്‍ ഒരുകാലത്ത് പുരാതന ടെത്യസ് കടലില്‍ മുങ്ങിപ്പോയ, വെള്ളത്തിനടിയിലുള്ള ഒരു ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നുവെന്നാണ്. ഇത് സൂചിപ്പിക്കുന്നത്, കശ്മീരിന്റെ ഭൂമിശാസ്ത്ര ചരിത്രത്തില്‍ വെള്ളത്തിനടിയില്‍ മുങ്ങിയ ഒരു കാലഘട്ടം ഉള്‍പ്പെടുന്നുണ്ടെന്നാണ്. ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് കശ്മീരിന്റെ ഭൂപ്രകൃതി മാറി വരികയാണുണ്ടായതെന്നും അഹമ്മദ് ഷാ പറയുന്നു.

‘കശ്മീര്‍’ എന്നതിന്റെ സംസ്‌കൃത അര്‍ത്ഥം മനസ്സിലാക്കാന്‍ നിലമാതാ പുരാണത്തെ (പുരാതന ഗ്രന്ഥം) മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. പകരം, സംസ്‌കൃതത്തിന്റെ വിശാലമായ പദോല്‍പ്പത്തി പരിശോധിക്കണമെന്നാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. കശ്മീര്‍ എന്നത് കശ്യപനുമായി ബന്ധപ്പെട്ടതാണെങ്കില്‍, കാശി എങ്ങനെ വന്നു എന്നാണ് ചരിത്രകാരന്മാര്‍ ചോദിക്കുന്ന പ്രധാന ചോദ്യം.

അമിത് ഷാ പുറത്തിറക്കിയ പുസ്തകം നിലവില്‍ വിശകലനങ്ങള്‍ക്കായി ലഭ്യമായിട്ടില്ല. പുറത്തു വന്നു കഴിഞ്ഞാല്‍, ഇതില്‍ പറയുന്ന കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  Kashmir Kashyapa remark from Amit Shah, controversy 

Content Summary; Kashmir Kashyapa remark from Amit Shah, controversy

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment