മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള വടംവലികളെക്കുറിച്ചാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായുള്ള പോര് നടക്കുന്നത്. “ഹൈക്കമാൻഡിന്റേതാണ് അവസാന വാക്ക്” എന്ന് ഒറ്റ സ്വരത്തിൽ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന മൂവരുടെയും നിലപാടാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് വ്യക്തം. കേരള രാഷ്ട്രീയ ചരിത്രത്തിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് 2026 നിയമസഭാതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരവും ശക്തമായ പ്രതിപക്ഷ നേതൃത്വവുമാണ് തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ യുഡിഎഫിനെ സഹായിച്ചത്. എന്നാൽ സർക്കാർ രൂപവത്കരണം വൈകുന്നത് കാരണം കേരളത്തിന്റെ ഭരണസംവിധാനം ഒരാഴ്ചയായി നാഥനില്ലാ കളരിപോലെ തുടരുകയാണ്.
ഒരു ജനാധിപത്യ സംവിധാനമെന്ന നിലയിൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി മുന്നോട്ട് പോകാൻ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ നേതൃത്വം അത്യാവശ്യമാണ്. സർക്കാർ രൂപവത്കരണം ഇങ്ങനെ അനിശ്ചിതമായി നീളുന്നത് ബാധിക്കുക സംസ്ഥാനത്തെ ഓരോ പൗരനെയും ആയിരിക്കും.
വിദ്യാഭ്യാസ മേഖല പരിശോധിക്കുകയാണെങ്കിൽ, സ്കൂൾ തുറക്കാനിനി ദിവസങ്ങൾ മാത്രമാണുള്ളത്. ഓരോ വർഷവും സ്കൂൾ അധ്യയനം തുടങ്ങുമ്പോൾ സർക്കാരുകൾ വലിയ തയ്യാറെടുപ്പാണ് നടത്താറുള്ളത്. ഉദാഹരണത്തിന്, കുട്ടികൾക്കായുള്ള പുസ്തകവിതരണവും യൂണിഫോം വിതരണവുമൊക്കെ ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഔദ്യോഗികമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത്. ഇത് വൈകുന്നത് കുട്ടികളുടെ സ്കൂൾ പ്രവേശനത്തെയും പഠനത്തെയും ബാധിക്കും.
സർക്കാരുദ്യോഗസ്ഥരുടെ സ്ഥലം മാറ്റമാണ് മറ്റൊരു പ്രശ്നം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുളള പോലീസുദ്യോഗസ്ഥരെ സർക്കാർ പല സ്ഥലങ്ങളിലായി സ്ഥലം മാറ്റി വിന്യസിച്ചിരുന്നു. അവരൊക്കെയും അതാത് സ്ഥലങ്ങളിൽ തന്നെ തുടരുകയാണ്. പുതിയ സർക്കാർ വന്നതിന് ശേഷം മാത്രം ഉദ്യോഗസ്ഥരെ തിരികെ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ച് കൊണ്ടുവന്നാൽ മതിയെന്ന നിലപാടിലാണ് ഉയർന്ന പോലീസ് കേന്ദ്രങ്ങൾ.
ഭരണ വകുപ്പുകളിൽ ഇപ്പോൾ സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും വഴിയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. എന്നാൽ, പല വകുപ്പുകളിലും ഉദ്യോഗസ്ഥർ അവധിയിലുമാണ്. ഉദ്യോഗസ്ഥർ ഉള്ളിടത്ത് തന്നെ സർക്കാർ നയം ആവശ്യമായുള്ള പല നടപടിക്രമങ്ങളും അനിശ്ചിതത്വത്തിലാണ്. വിരമിക്കാനിരിക്കുന്ന പല ഉദ്യോഗസ്ഥരുടേയും അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ വൈകി. അവരിൽ ചിലർക്ക് സ്ഥാനക്കയറ്റം കിട്ടാതെ വിരമിക്കേണ്ട അവസ്ഥയുമാണ്.
ഇനിയും മന്ത്രിസഭ രൂപീകരിക്കാൻ വൈകിയാൽ കേരളത്തിലെ ജനങ്ങളെ ബാധിക്കാൻ പോകുന്ന മറ്റൊരു പ്രധാന പ്രശ്നം മഴക്കാലവുമായി ബന്ധപ്പെട്ട അസുഖങ്ങളും ഡ്രെയ്നേജ് പ്രശ്നങ്ങളുമൊക്കെയായിരിക്കും. മൺസൂണിന് ആഴ്ചകൾക്ക് മുൻപേ തന്നെ മഴക്കാല പൂർവ ശുചിത്വ നടപടികൾ തുടങ്ങിയില്ലെങ്കിൽ വലിയ ആരോഗ്യ പ്രതിസന്ധിയിലേക്കായിരിക്കും കേരളം നീങ്ങുക.
വകുപ്പുതലങ്ങളിൽ ഉദ്യോഗസ്ഥന്മാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നയരൂപീകരണമില്ലാത്തതാണ്. വിജയിച്ചു വന്ന സർക്കരാണ് അത് ചെയ്യേണ്ടത്. ഒരിക്കലും കഴിഞ്ഞ സർക്കാരിന്റെ നയങ്ങളായിരിക്കില്ല പുതിയ സർക്കാർ പിന്തുടരുക. അധികാര സ്ഥാനത്തേക്കുള്ള അവസാനിക്കാത്ത കയ്യാങ്കളികൾ ബാധിക്കുന്നത് കേരളത്തിലെ ഭരണ സംവിധാനത്തെ ഒന്നാകെയാണ്. യുഡിഎഫ് നേടിയ വിജയത്തിന്റെ പൊലിമ നഷ്ടപ്പെടുത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം വഴിതെളിച്ചിരിക്കുന്നത്.
Content Summary:The delay in forming Kerala’s new government amid the CM power struggle is affecting administration, education, police transfers and monsoon preparedness across the state.