വിദ്യാസമ്പന്നരുടെ നാട്, സാക്ഷര കേരളം എന്നൊക്കെ ആവർത്തിച്ച് പറഞ്ഞ് നടന്നാലും അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചാലും ഇന്നും അന്ധവിശ്വാസത്തിൻ്റെ ഇരുട്ടിലാണ് ഒരു ജനതയെങ്കിൽ എന്ത് നേടിയിട്ടും കാര്യമുണ്ടോ? കേരളം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് സാക്ഷരതയുടെയും പുരോഗമന ചിന്തയുടെയും പേരിലാണ്. ഈ ‘നവോത്ഥാന കേരള’ത്തിൽ പോലും നരബലിയും ദുർമന്ത്രവാദത്തിന്റെ പേരിലുള്ള ക്രൂരതകളും ആവർത്തിക്കുമ്പോൾ, കാലഘട്ടത്തിന്റെ അനിവാര്യതയായി അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം മാറുകയാണ്. എന്നാൽ ഈ ബിൽ വർഷങ്ങളായി നിയമസഭയുടെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
അന്ധവിശ്വാസങ്ങളുടെ മറവിൽ കേരളത്തിൽ നടക്കുന്ന ദുർമന്ത്രവാദ കേസുകൾ നിരവധി തവണ ചർച്ചാവിഷയമായിട്ടുള്ളതാണ്. ചർച്ചകൾ നടന്നിട്ടും വിമർശനങ്ങളുയർന്നിട്ടും ഇന്നും ഇത്തരം സംഭവങ്ങൾ തുടരുന്നു എന്നതിനുള്ള തെളിവാണ് കോട്ടയം, മണർകാട് നവവധുവിനെതിരെ നടന്ന ആഭിചാര പീഢനം. മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ആഭിചാരക്രിയയുടെ ഭാഗമായി യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 38 ദുർമന്ത്രവാദ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കണക്കുകൾ. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ചില ദുർമന്ത്രവാദ കേസുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ച 2022 ൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന ഈ ഇരട്ട നരബലി കേസ്. 2024 ൽ കോട്ടയം ജില്ലയിൽ ഒരു ദമ്പതികളും സുഹൃത്തും ദുർമന്ത്രവാദത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തതായി സംശയിക്കപ്പെടുന്ന കേസും ചർച്ചയായിരുന്നു. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, വിദ്യാസമ്പന്നരുള്ള കേരളത്തിലെ യാഥാർത്ഥ്യങ്ങളാണ്.
Also Read; https://azhimukham.com/black-magic-death-malayali-administrative-reforms-commission-vice-chairman-k-sasidharan-speak-s/
കേരളത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ ഇല്ലെന്നതാണ് പല സംഭവങ്ങളും ആവർത്തിക്കപ്പെടാൻ കാരണം. എന്നാൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ കരട് ബില്ലുകൾ പലതും ആവിഷ്‌കരിക്കപ്പെട്ടെങ്കിലും ഒന്നിന് പോലും അംഗീകാരം നൽകാൻ മാറിമാറി വന്ന ഗവൺമെന്റുകൾക്ക് കഴിഞ്ഞില്ല.
അന്ധവിശ്വാസങ്ങൾ തടയാനുള്ള നിയമം കേരളത്തിൽ പുതിയ ചർച്ചയല്ല. 2021 ലായിരുന്നു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുന്നതിനായി കേരള സർക്കാരിന് മുന്നിലേക്ക് അവസാനമായി കരട് ബില്ല് സമർപ്പിക്കപ്പെട്ടത്. എംഎൽഎ കെഡി പ്രസേനൻ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ സർക്കാർ സമാനമായ കരട് ബില്ല് തയ്യാറാക്കുകയായിരുന്നു. നിയമ പരിഷ്‌കാര കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു കരട് ബില്ല് തയ്യാറാക്കിയത്.
‘ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2021 എന്ന് പേരിട്ട ബില്ല് നിയമ വകുപ്പ് സങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണയ്ക്കായി കൈമാറി. വർഷം നാല് പിന്നിട്ടിട്ടും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
2014 ൽ യുഡിഎഫിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം വേണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിൽ എത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ ബില്ലിന്റെ കരട് തയാറാക്കി (‘അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ- 2014) സമർപ്പിക്കുകയും ചെയ്തു. ഈ ബില്ല് പ്രകാരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു. നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രഖ്യാപിച്ചതോടെ ആ ബില്ലിന്മേലുള്ള നടപടിയും അതോടെ കഴിഞ്ഞു.
2018 ൽ എം.എൽ.എയായിരുന്ന പി.ടി. തോമസ്, ആൾദൈവങ്ങൾ അടക്കമുള്ളവർക്കെതിരെ നടപടിക്ക് നിർദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവന്നു. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവർത്തനങ്ങളും സംബന്ധിച്ചും അവയുടെ കാരണങ്ങളും അത് നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ശുപാർശകൾ സർക്കാറിന് സമർപ്പിക്കുക, ഇവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ നിർദേശങ്ങളായിരുന്നു ബില്ലിലുണ്ടായിരുന്നത്. എന്നാൽ സമഗ്ര നിയമം കൊണ്ടുവരുമെന്ന സർക്കാരിന്റെ ഉറപ്പിൽ പി.ടി. തോമസിന്റെ ബില്ലും വെളിച്ചം കണ്ടില്ല.
2019-ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷനും ഒരു കരട് ബില്ല് തയാറാക്കിയിരുന്നു. ‘ദ കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്റ് ബ്ലാക് മാജിക് ബിൽ- 2019’ എന്ന കരട് ബില്ലായിരുന്നു അത്.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ, മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ശിക്ഷാർഹമാക്കുന്നതായിരുന്നു ഈ ബിൽ. എന്നാൽ, ഈ കരടിൽ പറഞ്ഞിരിക്കുന്ന ആചാരങ്ങൾ സംബന്ധിച്ച് മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാരും പിൻവലിഞ്ഞു.
അവസാനമായി 2021-ൽ നിയമസഭയിൽ കെ.ഡി. പ്രസേനൻ നോട്ടീസ് നൽകി, ‘കേരള അന്ധവിശ്വാസ- അനാചാര നിർമാർജന ബിൽ-2021’ അവതരിപ്പിച്ചു. അനാചാരം, അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളെ നിർവചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇവയിൽ ഏതിനെയൊക്കെ ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു അത്. എന്നാൽ ഈ ബില്ലും ചുവപ്പുനാടയിൽ കുരുങ്ങി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ഈ കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അനാചാരങ്ങൾ അനുഷ്ഠിക്കുന്നതിനിടെ ശാരീരികമായ പരുക്കുകളോ മരണമോ സംഭവിച്ചാൽ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഐപിസി 300, 326 വകുപ്പുകൾ അനുസരിച്ച് കേസ് എടുക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മതസ്ഥാപനങ്ങളിൽ ഉൾപ്പെടെ നടന്ന് വരുന്ന ജീവഹാനിയാകാത്ത പ്രവർത്തനങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകൾ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
ഈ വർഷം ജൂണിൽ ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം ഹൈക്കോടതി തള്ളുകയും മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും അന്ധവിശ്വാസ നിർമാർജ്ജന ബില്ലിൽ തീരുമാനമായിട്ടില്ല.
Also Read; https://azhimukham.com/witchcraft-on-the-rise-kerala-government-afraid-to-pass-an-anti-superstition-law/
Content Summary: kerala balck magic act; Is the communist government that eradicated extreme poverty afraid to eradicate superstition?
This post was last modified on November 8, 2025 3:38 pm
Leave a Comment