ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചു.
രാവിലെ 11.10: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സാമ്പത്തിക ഊന്നല്‍. അതിക്രമങ്ങള്‍ തടയുന്നതിന് വിവിധ പദ്ധതികളിലേക്കായി 62 കോടി രൂപ നീക്കിവച്ചിരിക്കുന്നു. കൂടാതെ പ്രത്യേക ഫണ്ടായി അഞ്ച് കോടി രൂപയും അനുവദിച്ചു.
പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി. വനിത ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 34 കോടി. ഷെല്‍റ്റര്‍ ഹോംസ്, ഷോര്‍ട്ട് സ്‌റ്റേ, വണ്‍ സ്‌റ്റോപ്പ് ക്രൈസിസ് സെന്റര്‍ തുടങ്ങിയവയ്ക്ക് 19.5 കോടി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18ല്‍ നിലവില്‍ വരും.
ജെന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു. നൂറ് ശതമാനവും സ്ത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്ക് 1,060.5 കോടി രൂപ. സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍. അടങ്കല്‍ 13,400 കോടി രൂപ. ഇതില്‍ 1,266 കോടി രൂപ സ്ത്രീകള്ഡക്ക് വേണ്ടിയുള്ള വകയിരുത്തല്‍. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.
പദ്ധതിയുടെ 11.5 ശതമാനം വനിതാ വികസനത്തിന്. കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധിക വകയിരുത്തല്‍.
രാവിലെ 11.05: അച്യുതമേനോന്‍ പഠനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിര് ആന്‍ഡ് എന്‍ലിറോണ്മെന്റല്‍ സ്റ്റഡീസ്, ഇ ബാലാനന്ദന്‍ ഫൗണ്ടേഷന്‍, കാഞ്ഞങ്ങാട് ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം, കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍, മെഡക്‌സ് എക്‌സിബിഷന്‍, കൂനമ്മാവ് ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്‍ സ്മരാകം, കയ്യൂര്‍ കാര്‍ഷിക കലാപ മ്യൂസിയം എന്നിവയ്ക്കും അമ്പത് ലക്ഷം രൂപ വീതം അനുവദിക്കും.
രാവിലെ 11.00: സാംസ്‌കാരിക നായകന്മാരുടെ കൂട്ടായ്മയായ തിരുവനന്തപുരം മാനവീയം വീഥിക്ക് 50 ലക്ഷം രൂപ അനുവദിക്കും. അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിന് ഒരു കോടി രൂപ. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ശിവഗിരി കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കാന്‍ അവസാന ഗഡുവായി എട്ട് കോടി രൂപ അനുവദിക്കും.
രാവിലെ 10.55: 100 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങാന്‍ ഒമ്പത് കോടി രൂപ. പശ്ചാത്തല സൗകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ഊന്നി സംസ്ഥാന ബജറ്റിലെ വകയിരുത്തലുകള്‍. മൊത്തം 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടി.
കൊച്ചി ബിനാലെയ്ക്ക് രണ്ട് കോടി രൂപ. അഞ്ച് ഏക്കര്‍ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി. ഇതിനായി ആലപ്പുഴയിലെ ആസ്പിന്‍ വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാംസ്‌കാരിക സമുച്ചയമാക്കും. 1000 യുവകലാകാരന്മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് മാസം 10,000 രൂപ വീതം. ഒഎന്‍വി സ്മാരക സാംസ്‌കാരിക സമുച്ചയത്തിന് രണ്ട് കോടി രൂപ. സര്‍വകലാശാലകള്‍ക്ക് 391 കോടി. ശബരി വിമാനത്താവളത്തിന് രൂപരേഖയായാല്‍ അനുമതി. ഐടി അറ്റ് സ്‌കൂളിന് 32 കോടി. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കും.
രാവിലെ 10.50: കെഎസ്ആര്‍ടിസിക്ക് മൂവായിരം കോടിയുടെ പാക്കേജ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് കണക്ക് സന്തുലിതമാക്കും. ഡബിള്‍ ഡ്യൂട്ടി അവസാനിപ്പിക്കും. കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിന് 18 കോടി രൂപ. കണ്ണൂര്‍ വിമാനത്താവള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും.
രാവിലെ 10.45: കേരളത്തില്‍ കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം ഉറപ്പാക്കും. കേരള ജലഗതാഗത കോര്‍പ്പറേഷന് 22 കോടി രൂപ വകയിരുത്തി. വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ. ഹോര്‍ട്ടികോര്‍പ്പിന് 40 കോടി വിഎഫ്പിസികെയ്ക്ക് 30 കോടി
രാവിലെ 10.40: കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്‌മെന്റ് അഴിച്ചു പണിയും. പ്രൊഫഷനുകളെ നിയമിക്കും. പെന്‍ഷന്റെ അമ്പത് ശതമാനം സര്‍ക്കാര്‍ നല്‍കും. മാര്‍ച്ച് 31ന് മുമ്പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.
രാവിലെ 10.30: ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കും. 1267 കിലോമീറ്റര്‍ മലയോര ഹൈവേയ്ക്കായി ഒമ്പത് ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറയ്ക്കും. 630 കിലോമീറ്റര്‍ ദുരത്തില്‍ ആറു മുതല്‍ എട്ടുവരെ വീതിലിയില്‍ ഒമ്പത് ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും.
പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. സമ്പാദ്യ പദ്ധതികള്‍ക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.
സംസ്ഥാനത്തെ റോഡുകള്‍ മെച്ചപ്പെടുത്താനായി അഞ്ച് വര്‍ഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും. ദേശീയപാ ത വികസനത്തിന് കിഫ്ബി 6500 കോടി നല്‍കും. 2017-18ല്‍ വിവിധ റോഡ് പാലം നിര്‍മ്മാണങ്ങള്‍ക്കായി 1350 കോടി രൂപ വകയിരുത്തി. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. റോഡ് വികസനത്തിന് അഞ്ച് വര്‍ഷത്തേക്ക് 5000 കോടി ചെലവഴിക്കും.
രാവിലെ 10.25: ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കല്‍ 1375 കോടി രൂപ. 12 ഐടി ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി മേഖലയ്ക്ക് 500 കോടി രൂപ. യുവജനസംരഭകത്വ പരിപാടിക്ക് 75 കോടി രൂപ.
ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍. കമ്പോളങ്ങളുടെ ആധുനികവല്‍ക്കരണത്തിന് കിഫ്ബി 100 കോടി ചെലവഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയബന്ധിത പദ്ധതികള്‍.
രാവിലെ 10.20: ഇരുപത് ലക്ഷം ദരിദ്ര്യ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിത്. കെഎസ്ഇബി ശൃംഖലയിലൂടെ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം.
രാവിലെ 10.15: കൈത്തറി രംഗത്ത് അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി 11 കോടി രൂപ. സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
20 കോടി രൂപ ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിക്കും. കേരള സഹകരണ ബാങ്ക് രൂപീകരിക്കും. റബ്‌കോ പുനരുദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
രാവിലെ 10.10: സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും. ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 1100 രൂപയാക്കി. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 49 കോടി രൂപ പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും. മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും. തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.
കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ. 2017-18ല്‍ നൂറ് ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും. കയര്‍ മേഖലയ്ക്ക് 128 കോടി.
രാവിലെ 10.05: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനുള്ള പ്രീമിയം ജീവനക്കാരുടെ ആരോഗ്യ അലവന്‍സില്‍ നിന്ന് ലഭ്യമാക്കും. എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും നവീകരിക്കും. കാസര്‍കോട് പാക്കേജിന് 90 കോടി രൂപ വകയിരുത്തി.
കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബ്ബര്‍ വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തി. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വാത്സല്യ നിധി പദ്ധതി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് 10 കോടി രൂപ.
രാവിലെ 10.00: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം സംവരണം. ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ സ്‌കൂള്‍ അനുവദിക്കും. ജന്റം പദ്ധതിക്ക് 150 കോടി. പട്ടിക വിഭാഗക്കാര്‍ക്ക് റെക്കോഡ് തുക വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 2600 കോടി രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് 750 കോടിയും വകയിരുത്തി.
രാവിലെ 09.55: ഭക്ഷ്യ സുരക്ഷ നിയമം വന്നതോടെ കേരളത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവുണ്ടായി. മുന്‍സര്‍ക്കാരിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി. റേഷന്‍ സബ്‌സിഡിയായി 920 കോടി രൂപ വകയിരുത്തി. റേഷന്‍ വ്യാപാരികളുടെ കാന്‍ഡ്‌ലിംഗ് ചാര്‍ജ്ജുകള്‍ മെച്ചപ്പെടുത്താനായി 100 കോടി രൂപ വകയിരുത്തി.
നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടി രൂപ വകയിരുത്തി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 500 രൂപയുടെ വര്‍ദ്ധനവ്. അംഗനവാടികള്‍ക്ക് 248 കോടി.
രാവിലെ 09.50: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാര്‍ക്ക്. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തി. 200 പഞ്ചായത്തുകളില്‍ കൂടി ബഡ്ഡ്‌സ് സ്‌കൂളുകള്‍. ഇതില്‍ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നല്‍കും. മറ്റ് മാര്‍ഗ്ഗങ്ങളിലെ പിന്തുണ അടക്കം 65 കോടി രൂപ ഇതിനായി വകയിരുത്തി. സര്‍ക്കാര്‍ കലാകാരന്മാരുടെ പുനരധിവാസത്തിന് 1 കോടി രൂപ.
രാവിലെ 09.45: പുതിയ മുന്‍സിപ്പാലിറ്റികളുടെ ഓഫീസ് നിര്‍മ്മാണത്തിന് 10 കോടി രൂപ അനുവദിക്കും. എന്‍ജിനിയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശമ്പളം നല്‍കും. എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്‍ഷന്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുമ്പുള്ള 600 രൂപ നിരക്കില്‍ മാത്രമായിരിക്കും.
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ വഴി സര്‍വേ നടത്തും. സ്മാര്‍ട് സിറ്റികള്‍ക്ക് 100 കോടി രൂപ അനുവദിക്കും.
രാവിലെ 09.40: 200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കളുകള്‍ അടക്കം ഏഴു വിദ്യാലയങ്ങള്‍ക്ക് പുനരുദ്ധാരണ പദ്ധകി നടപ്പാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
ഭവനരഹിതര്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അഞ്ച് വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിക്കാന്‍ ചെലവാക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍.
ജനകീയ ആസൂത്രണത്തിന്റെ രണ്ടാം പതിപ്പ് അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ 09.35: ഒരു സ്‌കൂളിന് പരമാവധി മൂന്ന് കോടി രൂപ അുവദിക്കും. വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കും. 2018ല്‍ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് 500 കോടി അനുവദിക്കും. മന്ത് രോഗികള്‍ക്ക് ഒരു കോടി രൂപയുടെ സഹായം. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താന്‍ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 തസ്തികകള്‍ പുതുതായി അനുവദിക്കും. ആധുനിക ശ്മശാനങ്ങള്‍ക്ക് 100 കോടി രൂപ വകയിരുത്തി.
രാവിലെ 09.32: ആശുപത്രികള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ഉറപ്പാക്കും. ആരോഗ്യ ഡാറ്റാബാങ്ക് തയ്യാറാക്കും.
രാവിലെ 09.30: കാര്‍ഷികരംഗത്ത് മികവ് ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യാമാറ്റം അനിവാര്യമാണ്. തൊഴിലുറപ്പ് പദ്ധതി കൂടി ഉള്‍പ്പെടുത്തി അടുത്ത കാലവര്‍ഷ സമയത്ത് കേരളത്തില്‍ മൂന്ന് കോടി പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ വ്യക്തികളുടെയും ആരോഗ്യവിലയിരുത്തല്‍ നടപ്പാക്കും. മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സികെ വാസുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും. കിഫ്ബിയില്‍ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2000 കോടി രൂപ അനുവദിക്കും. ആയിരത്തില്‍പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
രാവിലെ 09.25: നാല് ലാന്‍ഡ് ഫില്ലുകള്‍ സ്ഥാപിക്കാന്‍ 50 കോടി അനുവദിക്കും. തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാന്‍ 10 കോടി രൂപ വകയിരുത്തി. കുളങ്ങള്‍ നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി വകയിരുത്തി.
രാവിലെ 09.20: ശുചിത്വ മിഷന് 127 കോടി രൂപ അനുവദിക്കും. ആധുനിക അറവുശാലകള്‍ ആരംഭിക്കാന്‍ കിഫ്ബി 100 കോടി രൂപ നിക്ഷേപിക്കും.
രാവിലെ 09.15: കിഫ്ബിക്ക് 11,000 കോടിയുടെ പദ്ധതി അടങ്കലിന്. കിഫ്ബി 25000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തും.
രാവിലെ 09.10: നോട്ട് നിരോധനകാലത്ത് സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് തടയിടേണ്ടി വരും. എന്നാല്‍ ജനങ്ങളുടെ നന്മ നോക്കുമ്പോള്‍ അങ്ങനെ ചെയ്യാനും സാധിക്കില്ല. സംസ്ഥാന പദ്ധതി അടങ്കലില്‍ 10.4 ശതമാനം വര്‍ദ്ധനവുണ്ടായി. ആറ് മാസം കൊണ്ട് കിഫ്ബി കൈവരിച്ചത് അഭിമാനകരമായ നേട്ടം. റവന്യു ചെലവ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ റവന്യു കമ്മി കൂടും.
രാവിലെ 09.05: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇനിയും മാറിയിട്ടില്ല. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്നും ധനമന്ത്രി. സാധാരണക്കാരുടെ ജീവിതത്തെ നോട്ട് നിരോധനം താറുമാറാക്കി. നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായി. ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
രാവിലെ 09.00: നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയിലെത്തി. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചു. വളരെ നേരത്തെ തന്നെ സഭയിലെത്തിയ അദ്ദേഹം സഭയിലെ പ്രമുഖ അംഗങ്ങളെയെല്ലാം അഭിസംബധന ചെയ്തിരുന്നു. നോട്ട് നിരോധനത്തെക്കുറിച്ചുള്ള എംടി വാസുദേവന്‍നായരുടെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.