March 27, 2025 |

സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച് കേരളം

കേരളം ദിശാ ബോധവും മനുഷ്യ മുഖവുമുള്ള ബജറ്റിനാണ് രൂപം കൊടുത്തിട്ടുള്ളത്

യൂണിയന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉപരോധസമാനമായ സാമ്പത്തിക വിവേചനത്തെ പ്രതിരോധിച്ച് കേരളം മുന്നോട്ട് കുതിക്കും എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ 2025-2026 വര്‍ഷത്തെ ബജറ്റിന്റെ രാഷ്ട്രീയ സന്ദേശം എന്നു പറയാം.kerala budget 2025; that overcome the political discrimination of the union government 

ആകെ റവന്യൂ വരുമാനമായ 1,52,351.67 കോടി രൂപയില്‍ 41,691.4 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന യൂണിയന്‍ ട്രാന്‍സ്ഫര്‍. അതായത് 1,10,660.53 കോടി രൂപയും സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനമാണ്. തനത് നികുതി വരുമാനം നടപ്പു വര്‍ഷത്തെ 81,627.29 കോടി രൂപയില്‍ നിന്നും 91,514.75 കോടി രൂപയായും തനത് നികുതിയേതര വരുമാനം 17,905.65 കോടി രൂപയില്‍ നിന്നും 19,145.53 കോടി രൂപയായും വര്‍ദ്ധിക്കും. വരും കൊല്ലം കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തില്‍ 72.6 ശതമാനവും തനത് വരുമാനമാണ് എന്നു സാരം. യൂണിയന്‍ ട്രാന്‍സ്ഫര്‍ 27.3 ശതമാനം മാത്രമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി യൂണിയന്‍ സര്‍ക്കാര്‍ കൈമാറ്റം 42 ശതമാനമാണ് എന്നിരിക്കെയാണ് കേരളത്തിനുള്ള ഈ കുറഞ്ഞ കൈമാറ്റം എന്നു കാണണം. സംസ്ഥാനത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന പ്രശ്‌നം ഈ കുറഞ്ഞ യൂണിയന്‍ ട്രാന്‍സ്ഫറാണ് എന്ന വസ്തുത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. യഥാര്‍ത്ഥ കണക്കുകള്‍ വരുമ്പോള്‍ ബജറ്റ് അനുമാനങ്ങളെക്കാള്‍ യൂണിയന്‍ കൈമാറ്റ തോത് ഇടിയുന്നതാണ് സമീപകാല അനുഭവം എന്നതും കാണേണ്ടതുണ്ട്.

ആകെ ബജറ്റ് ചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 14 ശതമാനമായി നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. അതേസമയം യൂണിയന്‍ സര്‍ക്കാരിന്റെ ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 14.6 ശതമാനത്തില്‍ നിന്നും 14.2 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിലും പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളിലും ഗണ്യമായ കുറവ് വരുത്തിക്കൊണ്ടാണ് ഈ ചെലവ് ചുരുക്കല്‍ നടത്തിയത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദനീയമായ 3.5 ശതമാനം കടമെടുപ്പ് കേരളത്തിനും അനുവദിക്കുമെങ്കില്‍ ഇപ്പോള്‍ ബജറ്റില്‍ കണക്കൂകൂട്ടുന്ന 3.16 ശതമാനത്തെ അപേക്ഷിച്ച് 4,850 കോടി രൂപ അധികമായി ചെലവഴിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമായിരുന്നു. വായ്പ പരിധി നിര്‍ണ്ണയിക്കുന്നതില്‍ യൂണിയന്‍ സര്‍ക്കാര്‍ വരുത്തുന്ന ഏകപക്ഷീയമായ വെട്ടിക്കുറവുകള്‍ വരുത്തുന്ന ധനച്ചുരുക്കം എത്ര ഭീമമാണ് എന്നു നോക്കുക. കേരളത്തിന് ഈ വാര്‍ഷിക ധനക്കമ്മി മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ അവരുടെ കടഭാരം അളക്കുന്നതിനുള്ള താപ്പു തന്നെ ഇക്കഴിഞ്ഞ ബജറ്റില്‍ മാറ്റി. വാര്‍ഷിക ധനക്കമ്മിയായിരിക്കില്ല ഇനിമേല്‍ ധനവിവേകത്തിനുള്ള അളവുകോല്‍ എന്നാണ് ബജറ്റിനൊപ്പം സഭയില്‍ അവതരിപ്പിച്ച FRBM ആക്ട് അനുസരിച്ചുള്ള ഫിസ്‌കല്‍ പോളിസി സ്റ്റേറ്റ്‌മെന്റില്‍ യൂണിയന്‍ ധനമന്ത്രി പ്രസ്താവിച്ചത്. പകരം കടം – ആഭ്യന്തര വരുമാന അനുപാതമായിരിക്കും എന്നാണ് പറയുന്നത്. 2024-25 ലെ ബജറ്റിനൊപ്പം സഭയില്‍ വെച്ച രേഖയില്‍ പറഞ്ഞ റോഡ് മാപ്പ് പ്രകാരം 2025-26 ല്‍ ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കണമായിരുന്നു. ചെലവുകളില്‍ വലിയ വെട്ടിക്കുറവുകള്‍ വരുത്തിയിട്ടും ഈ ലക്ഷ്യം കൈവരിക്കുക അസാധ്യമായപ്പോള്‍ പുതിയ താപ്പ് കൊണ്ട് വരികയാണ് ചെയ്തത് എന്ന ആക്ഷേപം ധനശാസ്ത്ര പണ്ഡിതന്മാര്‍ ഉന്നയിച്ചു കഴിഞ്ഞു. കടം ആഭ്യന്തര വരുമാന തോതില്‍ കേരളം വരുത്തുന്ന ദൃഢീകരണം പക്ഷേ നമ്മുടെ വായ്പാ പരിധി നിര്‍ണ്ണയിക്കുന്നതില്‍ പരിഗണിക്കുന്നുമില്ല. കേരളത്തിന്റെ ആകെ ലയബിലിറ്റി (Total Outstanding liability) 2022-2023 ലെ 35.38 ശതമാനത്തില്‍ നിന്നും 2025-2026 ല്‍ 33.77 ശതമാനമായി കുറയും എന്നാണ് ബജറ്റ് കണക്കുകള്‍ കാണിക്കുന്നത്. അപ്പോള്‍ കുറയുന്ന കടം -ജിഡിപി അനുപാതം കണക്കിലെടുക്കുമ്പോഴും കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വായ്പാ പരിധിയ്ക്ക് ന്യായീകരണം ഇല്ല എന്നു കാണാം.

യൂണിയന്‍ സര്‍ക്കാര്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ പ്രകാരം 3.5 ശതമാനം വായ്പ അനുവദിക്കപ്പെട്ടാല്‍ 4,850 കോടി രൂപ അധികം ചെലവഴിക്കാന്‍ കേരളത്തിനു കഴിയുമായിരുന്നു. കേരളം കടക്കെണിയിലാണ് എന്ന ആഖ്യാനം പ്രചരിപ്പിച്ചതിന്റെ ഉന്നം ഈ ധന ഞെരുക്കം ഉണ്ടാക്കുക എന്നതാണ് എന്നു വ്യക്തം. 1,500 കോടി രൂപയില്‍ താഴെയുണ്ടെങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 200 രൂപ വീതം കൂട്ടാന്‍ കഴിയും എന്നു മനസിലാക്കുമ്പോഴാണ് ഈ തുകയുടെ വലിപ്പം പിടി കിട്ടുക. ഇതു കേട്ടാല്‍ യാഥാസ്ഥിതികരായ പണ്ഡിതന്മാര്‍ അപ്പോള്‍ കലഹിക്കും. കടം വാങ്ങിയിട്ടാണോ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ നല്‍കേണ്ടത് എന്നതാകും ചോദ്യം. നമ്മുടെ തനത് നികുതി വരുമാനത്തില്‍ പതിനായിരം കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ രണ്ടായിരം കോടി രൂപയുടെയും വര്‍ദ്ധനവുണ്ടാകുന്നുണ്ട് എന്നു കാണണം. വായ്പാ പരിധി കൂട്ടിയാല്‍ ആകെ വരവ് ഉയരും. അതു ചെലവിടല്‍ ശേഷി ഉയര്‍ത്തും. കടപ്പേടി പടര്‍ത്തുന്നവരും അതു വെച്ച് കേരളത്തിനു മേല്‍ ഈ വെട്ടിക്കുറവ് വരുത്തുന്ന യൂണിയന്‍ സര്‍ക്കാരും കേരളത്തിന്റെ ചെലവിടല്‍ ശേഷിയ്ക്ക് കൂച്ചു വിലങ്ങിടാനാണ് ശ്രമിക്കുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്ന വഴിയിലല്ല കടത്തിന്റെ കണക്കുകളില്‍ കേരളം എന്നത് മുകളിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടല്ലോ?

ഇങ്ങനെ റവന്യൂ വരുമാനമെടുക്കുമ്പോള്‍ യൂണിയന്‍ സര്‍ക്കാര്‍ കൈമാറ്റത്തിലും വായ്പാ വരുമാനത്തില്‍ വായ്പാ പരിധിയിലും നടത്തുന്ന കടുത്ത വിവേചനത്തെ പ്രതിരോധിച്ചാണ് കേരളം ദിശാ ബോധവും മനുഷ്യ മുഖവുമുള്ള ബജറ്റിന് രൂപം കൊടുത്തിട്ടുള്ളത്.

വളര്‍ച്ചയുടെ വഴിയില്‍ വീക്ഷണത്തോടെ

കഴിഞ്ഞ എട്ടു കൊല്ലമായി സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തുന്ന ഇടപെടലുകള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റം, മികച്ച ഐടി അന്തരീക്ഷം, വര്‍ദ്ധിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എല്ലാം ഈ മാറ്റത്തിന്റെ സൂചനകളാണ്. രാജ്യത്തെ പൊതു പ്രവണതയില്‍ നിന്നും ഭിന്നമായി കേരളത്തിലെ ശമ്പള തൊഴിലുകളുടെ ചേരുവ ഉയര്‍ന്നു. നിക്ഷേപ അന്തരീക്ഷത്തില്‍ വന്ന മാറ്റം പ്രായോഗികമായി പ്രതിഫലിക്കുന്നതാണ് ഇതിനു കാരണമാകുന്നത്. പശ്ചാത്തല സൗകര്യ സൃഷ്ടിയില്‍ കൈവരുന്ന അതിദ്രുത വളര്‍ച്ച സമ്പദ്ഘടനയുടെ കുതിച്ചു ചാട്ടത്തിന് വേണ്ട കെല്‍പ്പ് പ്രാദേശിക സമ്പദ് ഘടനയ്ക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനവും ഉള്ള സംസ്ഥാനമാണ് കേരളം. നൂറ്റാണ്ടിലെ മഹാ പ്രളയവും കോവിഡ് മഹാമാരിയുടെ കെടുതികളും നേരിട്ട് കേരളം വീണ്ടെടുപ്പിന്റെ പാത കൈവരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടന്നാല്‍ പോര. ഇടത്തരം വരുമാനത്തിന്റെ ഈ കെണിയില്‍ കുടുങ്ങി പോകുന്ന പ്രവണതയെകുറിച്ച് ധന ശാസ്ത്ര പണ്ഡിതന്മാര്‍ മുന്നറിയിപ്പുകള്‍ പറയുന്നുണ്ട്. അപ്പോള്‍ ഈ സ്ഥിതിയില്‍ നിന്നും മുന്നോട്ടു കുതിക്കുന്നതിന് വേണ്ട നിക്ഷേപവും നൂതനത്തവും കൈവരിക്കാന്‍ നമുക്ക് കഴിയണം. ഇതിനോട് മുഖം തിരിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ സമീപനം വലിയ വെല്ലുവിളിയാണ്.

വിഴിഞ്ഞം തുറമുഖം തുറക്കുന്ന വലിയ സാധ്യതകള്‍ പ്രാദേശിക സമ്പദ് ഘടനയില്‍ പ്രതിഫലിക്കണമെങ്കില്‍ കരയില്‍ ചെയ്യേണ്ട അനുബന്ധ വികസന നടപടികളുണ്ട്. അതിനാണ് വിഴിഞ്ഞത്തിനായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. അതു തന്നില്ല എന്നു മാത്രമല്ല, വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റല്ല, തിരിച്ചടയ്ക്കുമ്പോള്‍ ഉള്ള മൂല്യത്തില്‍ മടക്കി കൊടുക്കണ്ട ഓഹരി വായ്പയാണ് എന്ന വിചിത്ര നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. തൂത്തുക്കുടിയ്ക്ക് ഈ തിരിച്ചടവ് ബാധ്യത ഇല്ല എന്നു കാണണം. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ ചട്ടങ്ങള്‍ ഇതിനെ നിര്‍വ്വചിക്കുന്നത് മൂലധന ഗ്രാന്റ് ആയിട്ടാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല. പക്ഷേ കേരളത്തോട് ഇതാണ് യൂണിയന്‍ സര്‍ക്കാര്‍ സമീപനം. ഈ നിഷേധത്തെ കേരള ബജറ്റ് അഭിസംബോധന ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ട്രയാന്‍ഗുലര്‍ ഇടനാഴിയ്ക്ക് കിഫ്ബി വഴി ആയിരം കോടി രൂപ ചെലവഴിക്കുന്നതിനുള്ള പ്രഖ്യാപനം ഈ ദിശാബോധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

തീരദേശ പാതയ്ക്കും ജലപാതയ്ക്കും മലയോര ഹൈവെയ്ക്കും കൊടുക്കുന്ന ഊന്നലും ഇതിനോട് ചേര്‍ത്ത് മനസിലാക്കണം. NH- 66, 2025 ല്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ഏതാണ്ട് അസാധ്യം എന്നു കരുതി ഉപേക്ഷിക്കപ്പെട്ട കേരളത്തിലെ ഏറ്റവും ബൃഹത്തായ പശ്ചാത്തല സൗകര്യ നിര്‍മ്മിതി യാഥാര്‍ഥ്യമാകുകയാണ്. ഇവയോടൊപ്പം ബ്രോഡ് ബാന്‍ഡ്, എനര്‍ജി കണക്ടിവിറ്റികളെയും ചേര്‍ക്കുമ്പോഴാണ് കേരളം എങ്ങനെയാണ് മാറുന്നത് എന്നു മനസിലാകുക. നൂതനത്വത്തിലും ആധുനിക സാങ്കേതിക വിദ്യകളിലും അധിഷ്ഠിതമായ ഉയര്‍ന്ന മൂല്യ വര്‍ദ്ധന ശേഷിയുള്ള സംരംഭങ്ങളുടെ സ്‌പ്രെഡിനുള്ള വലിയ സാധ്യതയാണ് തുറക്കുന്നത്. അതിപ്പോള്‍ തന്നെ പ്രകടമാണ് താനും. ചേര്‍ത്തലയിലും പാലക്കാട്ടും എല്ലാം ഗ്രാമീണ അന്തരീക്ഷത്തില്‍ വളരുന്ന മല്‍സര ശേഷിയുള്ള ടെക്‌ജെന്‍ഷ്യ പോലുളള സംരംഭങ്ങള്‍ ഇതാണ് കാണിക്കുന്നത്. തെക്കു വടക്ക് നീളത്തിലുള്ള ഒരു അതിദ്രുത മാസ് ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയുടെ (Mass Rapid Rail Transport line) അനിവാര്യത ഈ പശ്ചാത്തലത്തില്‍ പരിശോധിക്കണം. ഈ ബജറ്റ് അതിനോടുള്ള ആഭിമുഖ്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്ത സാങ്കേതികത്വങ്ങള്‍ പറഞ്ഞു കേരളത്തിനു യൂണിയന്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നതും മനസിലാക്കേണ്ടതുണ്ട്.

കൊല്ലത്ത് പ്രഖ്യാപിച്ച ഐടി പാര്‍ക്ക് ഒരു പുതിയ മാതൃക ഉണ്ടാക്കുന്നുണ്ട്. നഗര സഭയുടെ സ്ഥലത്ത് കിഫ്ബി മുതല്‍ മുടക്കില്‍ കിന്‍ഫ്രയാണ് ഈ പാര്‍ക്ക് ഒരുക്കുന്നത്. കിഫ്ബിയുടെ മറ്റൊരു ബൃഹത്തായ റവന്യൂ ജനറേറ്റിങ് പദ്ധതിയായിരിക്കും ഇത്. കിഫ്ബി പദ്ധതികളില്‍ റവന്യൂ ജനറേറ്റിങ് പദ്ധതികളുടെ അനുപാതം ഉയരുന്നതോടെ യൂണിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തെ മറികടന്ന് സാമൂഹ്യ പശ്ചാത്തല സൗകര്യ നിര്‍മ്മിതിയില്‍ കൂടുതല്‍ പണം മുടക്കാന്‍ കിഫ്ബി പ്രാപ്തമാകും. നഗരസഭയുടെ ഭൂമി ഉപയോഗപ്പെടുത്തി ഒരു വലിയ വികസനം സാധ്യമാക്കുന്നു എന്നതാണ് കൊല്ലം പാര്‍ക്കിന്റെ സവിശേഷത. ഇത്രയും ഭൂമി കണ്ടെത്തുന്നതിനുള്ള ചെലവ് ഇതുവഴി ലാഭിക്കുകയാണ് ചെയ്യുന്നത്. പരോക്ഷമായ വിഭവ സമാഹരണ രീതിയാണിത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റും കൈയ്യിലുളള ഭൂമി ഇപ്രകാരം ഉപയോഗിക്കാനുള്ള വലിയ സാദ്ധ്യത ഇതു തുറക്കുന്നുണ്ട്.

അടഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാനുള്ള കെ-ഹോം പദ്ധതി ഭാവനാ പൂര്‍ണ്ണമായ ഒന്നാണ്. ഇത് ടൂറിസം മേഖലയില്‍ മാത്രം ഒതുക്കേണ്ടതില്ല. നമ്മുടെ വലിയ ഒരു സമ്പത്താണ് ഇത്തരം വീടുകള്‍. അതുപയോഗപ്പെടുത്തുന്നത് വഴി വലിയ തോതില്‍ വിഭവ സംരക്ഷണവും ധനക്ഷമതയും കൈവരിക്കാന്‍ കഴിയും.

മനുഷ്യമുഖം

യൂണിയന്‍ സര്‍ക്കാര്‍ ബജറ്റ് കേരളത്തോടു കാട്ടിയ ഏറ്റവും ക്രൂരമായ വിവേചനം വയനാട് ദുരന്തത്തെ കുറിച്ച് പാലിച്ച മൗനമാണ്. അതു ദുരന്ത ബാധിതരോടു മാത്രമല്ല, കേരളത്തോട് ഒന്നാകെ നടത്തിയ അവഹേളനമായിരുന്നു. വയനാട് പുനരധിവാസ പാക്കേജിന് 750 കോടി രൂപ വകയിരുത്തിയതോടെ മാതൃകാപരമായ ഒരു പുനരധിവാസ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. ലൈഫ് ഭവന പദ്ധതിയിലൂടെ 4,27,736 വീടുകള്‍ നിര്‍മ്മിച്ചു കൈമാറി എന്നത് ചില്ലറ കാര്യമല്ല എന്നു കാണണം. 1,11,306 വീടുകള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കും. 2025 -2026 ല്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിന് 1,160 കോടി രൂപ ബജറ്റില്‍ വകയിരിത്തിയിരിക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന-നഗര പദ്ധതിയുടെ 2024-2025 ലെ ബജറ്റ് എസ്റ്റിമേറ്റ് 30,171 കോടി രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം അത് 13,670 കോടി രൂപ മാത്രമായി ഗണ്യമായി ഇടിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ പദ്ധതിയുടെ ഇക്കൊല്ലത്തെ ബജറ്റ് കണക്ക് 54,500 കോടി രൂപയായിരുന്നത് പുതുക്കിയ കണക്ക് പ്രകാരം 32,426 കോടി രൂപയായി ഗണ്യമായി ഇടിഞ്ഞു. കേരളത്തിനോടാകട്ടെ ഈ യൂണിയന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പുലര്‍ത്തുന്ന വിവേചനം പറയുകയും വേണ്ട. ലൈഫ് ഭവന നിര്‍മ്മാണത്തിനായി 2024 ഡിസംബര്‍ മാസം വരെ ആകെ ചെലവിട്ട പണം 18,072.95 കോടി രൂപയാണ്. അതില്‍ യൂണിയന്‍ സര്‍ക്കാര്‍ വിഹിതം 2,081.69 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വകയിരുത്തലില്‍ വരുന്ന വലിയ ഇടിവിന്റെ പശ്ചാത്തലത്തില്‍ വേണം ലൈഫ് ഭവന പദ്ധതിയെയും അതിനുള്ള വകയിരുത്തലിനെയും കാണാന്‍.

യൂണിയന്‍ സര്‍ക്കാര്‍ തുടരുന്ന കടുത്ത രാഷ്ട്രീയ വിവേചനത്തെ പ്രതിരോധിച്ച് വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും ധനദൃഢീകരണത്തിന്റെയും വഴികള്‍ തുറക്കുന്നതാണ് 2025-2026 ലെ കേരള ബജറ്റ്.kerala budget 2025; that overcome the political discrimination of the union government 

Content Summary: kerala budget 2025; that overcome the political discrimination of the union government

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

×