കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കടന്നുപോകുന്നത്. നാളെ അവതരിപ്പിക്കുന്ന ബജറ്റ് സര്‍ക്കാരിന് വെറുമൊരു കണക്കുപുസ്തകമല്ല; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് കൂടിയാണ്. ജനങ്ങളെ പിണക്കാതെയും എന്നാല്‍ കാലിയായ ഖജനാവിനെ മൂടിവച്ചും എങ്ങനെ മുന്നോട്ട് പോകാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട വലിയ വെല്ലുവിളിയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് മുന്നിലുള്ളത്.
ഒന്നാം പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നേടിക്കൊടുത്തതില്‍ അക്കാലത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. 2021 ഏപ്രിലിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് ‘ക്ഷേമത്തിന്റെ പെരുമഴക്കാലം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക വെല്ലുവിളികളും മാറിയെങ്കിലും സര്‍ക്കാരിന്റെ ലക്ഷ്യം ഒന്ന് തന്നെയാണ്. ജനങ്ങളെ കൂടെ നിര്‍ത്തുക.
2021 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബജറ്റില്‍ ക്ഷേമ പെന്ഷന് തുക 1,600 രൂപയായി ഉയര്‍ത്തി. ഇത് താഴെത്തട്ടിലുള്ള വോട്ടര്‍മാരെ സ്വാധീനിച്ച ഏറ്റവും വലിയ ഘടകമായിരുന്നു. കൂടാതെ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനായി എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കൂടി ഉണ്ടായി. ഇതോടൊപ്പം റബ്ബര്‍ സബ്സിഡി 170 രൂപയായും നെല്ലിന്റെ സംഭരണവില 28 രൂപയായും ഉയര്‍ത്തിയത് കര്‍ഷക മേഖലയില്‍ വലിയ ചലനമുണ്ടാക്കി.
കോവിഡിന്റെയും പ്രളയത്തിന്റെ മഹാമാരികളില്‍ വലഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസമായി ഭക്ഷ്യക്കിറ്റുകളും സാമ്പത്തിക പാക്കേജുകളും നല്കിയതും സര്‍ക്കാരിന്റെ പ്രതിച്ഛായയെ വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ലക്ഷ്യത്തോടെയാണ് ബാലഗോപാലും ബജറ്റവതരണത്തിന് ഒരുങ്ങുന്നത്.
2,000 രൂപ എന്ന ക്ഷേമപെന്ഷന് 2,500 രൂപയിലേക്ക് ഉയര്‍ത്തുമെന്ന എല്‍.ഡി.എഫ് വാഗ്ദാനം പൂര്‍ണ്ണമായോ ഭാഗികമായോ നടപ്പാക്കാനുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ബജറ്റുകളിലെ വെള്ളക്കരവും, ഇന്ധന സെസും സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും ഈ അതൃപ്തി പ്രതിഫലിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍, ഇത്തവണ പുതിയ നികുതികളോ സെസ്സോ ഏര്‍പ്പെടുത്തി സാധാരണക്കാരെ പ്രകോപിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിരില്ല. മറിച്ച്, ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനപിന്തുണ തിരിച്ചുപിടിക്കാനായിരിക്കും മുന്‍ഗണന.
ക്രൈസ്തവ-മലയോര മേഖലകളെ ലക്ഷ്യമിട്ട് റബ്ബര്‍ സബ്സിഡി വര്‍ദ്ധിപ്പിച്ചേക്കാം. നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവിലയിലും വര്‍ദ്ധനവ് ഉണ്ടായേക്കും.
കൂടാതെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പുതിയ സ്കീമുകളും ‘കണക്ട് ടു വര്‍ക്ക്’ പോലുള്ള പദ്ധതികള്‍ക്കുള്ള വിഹിതവും വര്‍ദ്ധിപ്പിച്ചേക്കാം. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയെ കണക്കിലെടുത്ത് അവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും. ആരോഗ്യ സംരക്ഷണം, പരിചരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന ‘സില്‍വര്‍ ഇക്കോണമി’ എന്ന ആശയം കൂടുതല്‍ വിപുലീകരിച്ചേക്കാം.
കൂടാതെ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം നിര്‍ത്താനായി കാലങ്ങളായി മുടങ്ങിക്കിടക്കുന്ന അവരുടെ ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും ബജറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളത്തെ ബജറ്റിനെ ഉറ്റുനോക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. നിലവിലെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് പഴയ പെന്ഷന് രീതി (OPS) പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭപാതയിലായതും സര്‍ക്കാരിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. പങ്കാളിത്ത പെന്ഷന് പകരമായി ജീവനക്കാര്‍ക്ക് നിശ്ചിത തുക പെന്ഷന് ഉറപ്പുനല്‍കുന്ന ‘അഷ്വേര്‍ഡ് പെന്ഷന്’ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ആഴ്ചയും ധനമന്ത്രി സൂചനകള്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകുമെന്നാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള (Salary Revision) വ്യക്തമായ മാര്‍ഗരേഖയും, കുടിശ്ശികയായിട്ടുള്ള ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തീര്‍പ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിക്കുമെന്ന് കരുതപ്പെടുന്നു.
ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്ക് ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഭരണത്തുടര്‍ച്ച’ എന്ന കടമ്പ കടക്കാന്‍ ഇടതുമുന്നണിക്ക് ജനപ്രിയ പ്രഖ്യാപനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, തദ്ദേശ പോരിന് മുന്നോടിയായി തന്നെ വീട്ടമ്മമാര്‍ക്ക് പെന്ഷന്, ക്ഷേമ പെന്ഷന് വര്‍ദ്ധനവ്, ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് തുടങ്ങി സാധ്യമായ മിക്ക ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇനിയെന്ത് എന്ന ചോദ്യമാണുള്ളത്.
2021 ലെ ബജറ്റ് എങ്ങനെയാണോ ഇടതുമുന്നണിക്ക് ഒരു ‘വികസന രേഖ’യായി മാറിയത്, അതുപോലെ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന ഒരു പ്രോഗ്രസ് കാര്‍ഡ് നിര്‍മ്മിക്കുക എന്നതാകും സര്‍ക്കാരിന്റെ ശ്രമം. കൂടാതെ ഇതൊരു രാഷ്ട്രീയ അതിജീവനത്തിനുള്ള പ്രതിരോധം കൂടിയാണ്. കടബാധ്യതകള്‍ ഒരു വശത്തും ജനകീയ ആവശ്യങ്ങള്‍ മറുവശത്തും നില്ക്കുമ്പോള്, ബാലഗോപാലിന്റെ ഈ ബജറ്റ് ഒരു രാഷ്ട്രീയ മാന്ത്രികതയാകുമോ അതോ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നുപറച്ചിലാകുമോ എന്ന് നാളെയറിയാം.
Content Summary: Kerala budget 2026: 2nd Pinarayi Government’s last budget tomorrow