February 19, 2025 |

എതിരാളികളില്ലാതെ പ്രിയങ്ക, പാലക്കാട് വിട്ടുകൊടുക്കാതെ രാഹുല്‍, ഇളകാതെ ചേലക്കര

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് പാലക്കാട്. വോട്ടെണ്ണലിലും ആ പോരാട്ടവീര്യം കാണാനായി.

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വാശിയേറിയ പോരാട്ടമാണ് ഇക്കുറി നടന്നത്. വയനാട്ടില്‍ പ്രതീക്ഷിച്ചതുപോലെ പ്രിയങ്ക ഗാന്ധി തന്നെ വിജയിച്ചു. 2024 ല്‍ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വയനാടിനെ സ്വന്തമാക്കിയത്. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്കുള്ളത്. kerala bypoll results 2024 updates

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് പാലക്കാട്. വീറും വാശിയുമേറിയ പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിലും ആ പോരാട്ടവീര്യം കാണാനായി. വോട്ടെണ്ണലിന്റെ തുടക്കത്തിലെ ലീഡ് തുടര്‍ന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ഒരുഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്തള്ളി മുന്നേറിയെങ്കിലും വീണ്ടും കൃഷ്ണകുമാര്‍ കരുത്ത് പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ അത് മറികടന്നുള്ള വിജയമാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലം പിടിച്ചടക്കിയത്. 2016 ല്‍ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയം. 2011 മുതല്‍ തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഷാഫി പറമ്പില്‍ ജയിച്ച മണ്ഡലമാണ് പാലക്കാട്. ഷാഫി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Election

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ തോല്‍വി നേരിട്ട ബിജെപിക്ക് ഇത്തവണ ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വന്നത് പാര്‍ട്ടിക്കകത്ത് വലിയ ഭിന്നതകള്‍ക്ക് ഇടയാക്കാനാണ് സാധ്യത. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരുടെ ചുവടുമാറ്റവും കോണ്‍ഗ്രസിന് ഇക്കുറി ഗുണം ചെയ്തു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കം മുതലേ പലവിധ ആരോപണങ്ങളും അസ്വസ്ഥതകളുമാണ് ഉയര്‍ന്നത്. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. യഥാര്‍ത്ഥത്തില്‍ ഇൗ വിജയം പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിനും കൂടി അവകാശപ്പെട്ടതാണ്. അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ഇടതുപക്ഷ കോട്ടയിലേക്ക് എത്തിയ ഡോ. പി സരിനാകട്ടെ പ്രതീക്ഷിച്ചപോലെയുള്ള ഒരു മുന്നേറ്റം മണ്ഡലത്തില്‍ നടത്താന്‍ കഴിയാതെ മൂന്നാം സ്ഥാനത്ത് തുടരേണ്ടി വന്നു.

എന്നാല്‍ ഇക്കുറിയും ചേലക്കര ഇടതുപക്ഷത്തെ കൈവിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ മികച്ച പ്രകടനം ചേലക്കരയില്‍ ഭരണത്തുടര്‍ച്ച നിലനിര്‍ത്തി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മുന്നിലായിരുന്നു പ്രദീപ്. ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെ 12,201 വോട്ടുകള്‍ക്കാണ് യുആര്‍ പ്രദീപ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് ചേലക്കരയുടെ എംഎല്‍എയായി പ്രദീപ് എത്തുന്നത്.

Ur pradeep

യു.ആര്‍ പ്രദീപ്, രമ്യ ഹരിദാസ്‌

2016 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നുള്ള വിജയമാണ് യുആര്‍ പ്രദീപിന്റേത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ തുളസിയെ 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പരാജയപ്പെടുത്തിയത്. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനും ചേലക്കരയിലെ ഫലം തിരിച്ചടിയായി. അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാര്‍ഥി എന്‍.കെ. സുധീറിന് 3,909 വോട്ടുകള്‍ മാത്രമാണ് പിടിക്കാനായത്. kerala bypoll results 2024 updates

Content Summary: kerala bypoll results 2024 updates

×