‘എമ്പുരാന് വേണ്ടി ഈ നാട് ഒരുമിച്ച് സ്വരമുയര്‍ത്തണം’ ആഹ്വാനവുമായി മുഖ്യമന്ത്രി

വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല

എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍-ബിജെപി കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായ ആക്രമണം സിനിമയ്‌ക്കെതിരേ ഉയരുന്നതിനിടയിലാണ് കേരള മുഖ്യമന്ത്രി ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മിപ്പിച്ച് വിമര്‍ശകര്‍ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.

വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രതിഷേധങ്ങളുടെ ഭാഗമായി സിനിമ റീസെന്‍സറിംഗ് ചെയ്യാന്‍ നിര്‍മാതാക്കള്‍ വഴങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച്ച മുതല്‍ റീ സെന്‍സര്‍ ചെയ്ത സിനിമയായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അതിനു മുമ്പോ സിനിമ കാണാന്‍ ആളുകള്‍ തിരക്കു കൂട്ടുകയാണ്. വെട്ടിമുറിക്കുന്നതിന് മുമ്പ് സിനിമ കണ്ടവരില്‍ ഒരാളാണ് പിണറായി വിജയനും. കുടുംബ സമേതം തിരുവനന്തരം ലുലുമാളിലെ പിവിആര്‍ തിയേറ്ററിലാണ് മുഖ്യമന്ത്രി സിനിമ കണ്ടത്. തിയേറ്ററില്‍ നിന്നിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയി പൊതുസമൂഹത്തിനു മുന്നില്‍ പങ്കുവയ്ക്കുകയാണ് പിണറായി ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കാം;

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്.

ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.  Kerala  Chief Minister Pinarayi Vijayan support Empuraan movie 

Content Summary; Kerala  Chief Minister Pinarayi Vijayan support Empuraan movie

 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment