June 04, 2026 |
Share on

എഹ്‌സാന്‍ ജഫ്രിയുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിച്ച് പിണറായി

സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാന്റേയും സാകിയയുടേയും ജീവിതമെന്ന് പിണറായി

ഗുജറാത്ത് വംശഹത്യയിലെ രക്തസാക്ഷിയും കോണ്‍ഗ്രസ് എംപിയുമായിരുന്ന എഹ്‌സാന്‍ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2002 ഫെബ്രുവരി 28 ന് ആയിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ ജഫ്രിയെ ചുട്ടുകൊന്നത്. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാന്‍ ജഫ്രിയുടെ രക്തസാക്ഷിത്വമെന്നാണ്, അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ പിണറായി അനുസ്മരിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടി പോലും അവരുടെ മുന്‍ നേതാവിന്റെ രക്തസാക്ഷിത്വ ദിനം അവഗണിക്കുമ്പോഴാണ്, സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയന്റെ എഹ്‌സാന്‍ ജഫ്രി അനുസ്മരണം എന്നതാണ് ശ്രദ്ധേയം. ഗുജറാത്ത് വശ്യഹത്യ കാലത്ത് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവയ്പ്പിലാണ് ജഫ്രി ഉള്‍പ്പെടെ 69 മുസ്ലിങ്ങള്‍ വെന്തുമരിച്ചത്. എഹ്‌സാന്റെ പത്‌നി സാകിയ ജഫ്രി നിര്യാതയായ സമയത്തും പിണറായി വിജയന്‍ അവരെ അനുസ്മരിച്ച് പ്രതികരിച്ചിരുന്നു. സാകിയയുടെ മരണത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ നിശബ്ദതയില്‍ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കേന്ദ്രതലത്തിലും, സംസ്ഥാന തലത്തിലുമുള്ള നേതാക്കള്‍ സാകിയയെ മറന്നതുപോലെയായിരുന്നു. ഇപ്പോള്‍ ജഫ്രിയുടെ ചരമദിനത്തിലും അതേ നിശബ്ദതയാണ് അവര്‍ തുടരുന്നതെന്നാണ് ആക്ഷേപം.

എഹ്‌സാന്‍ ജഫ്രിയെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഗുജറാത്ത് വംശഹത്യയില്‍ രക്തസാക്ഷിയായ ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ എന്നും പയറ്റിയത്. 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ മുന്‍ കോണ്‍ഗ്രസ്സ് എംപിയായ ജഫ്രിയുള്‍പ്പെടെ 69 പേരാണ് വെന്തുമരിച്ചത്.

2002 ഫെബ്രുവരി 28 ന് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്.

വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കലാപകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വര്‍ഷത്തെ ദീര്‍ഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവര്‍ക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു.

സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മ്മദിനത്തില്‍ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നില്‍ സ്മരണാഞ്ജലികളര്‍പ്പിക്കുന്നു.  Pinarayi Vijayan pays tribute to Ehsan Jafri, a martyr of the 2002 Gujarat riots

Content Summary; Pinarayi Vijayan pays tribute to Ehsan Jafri, a martyr of the 2002 Gujarat riots

Leave a Reply

Your email address will not be published. Required fields are marked *

×