സഭ മുഖത്ത് മുഖാമുഖം. പ്രതിപക്ഷ സ്ഥാനത്തിലേക്കായി പിണറായി വിജയൻ തന്നെ.ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷനിരയെ പിണറായി തന്നെ നയിക്കട്ടെയെന്നായിരുന്നു പാർട്ടി തീരുമാനം.പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ തൽസ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. പ്രതിപക്ഷത്ത് 35 അംഗങ്ങളുള്ളതിൽ പരിചയസമ്പന്നരായ എം.എൽ.എമാർ കുറവാണ്. ആ സാഹചര്യത്തിൽ ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി തന്നെ പ്രതിപക്ഷനേതാവായി വന്നാൽ മതിയെന്ന തീരുമാനത്തിൽ സി.പി.എം സംസ്ഥാന സമിതി എത്തുകയായിരുന്നു.

രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്നെ ഇപ്പോൾ പ്രതിപക്ഷ നേതാവും. ഇതിൽ പ്രധാനപ്പെട്ടത് വി. ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്ത അതെ ദിവസം തന്നെ പിണറായിയെ പ്രതിപക്ഷനേതാവായും തിരഞ്ഞെടുത്തിരിക്കുന്നു. നിലവിൽ ഇത് നേരെ തിരിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി ആയ ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവാണ് പിണറായി വിജയൻ.
ഒരു പതിറ്റാണ്ട് കാലം കേരളത്തെ നിയന്ത്രിച്ച പിണറായി വിജയൻ പ്രതിപക്ഷ പട്ടത്തിൽ നിറവേറ്റാൻ ദൗത്യങ്ങൾ ഏറെ.പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായെങ്കിലും പ്രധാന പദവികളിലൊന്നായ പ്രതിപക്ഷ നേതൃസ്ഥാനത്താൽ കണ്ണൂരിന്റെ തലയെടുപ്പ് മാറുന്നില്ല.കണ്ണൂരിൽ നിന്നുതന്നെയുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പം ചേർന്ന് ഭരണപക്ഷത്തിനെതിരായ സമരത്തിന്റെ പോർമുഖത്തായിരിക്കും ഇനി പിണറായിയുടെ സ്ഥാനം.ഒപ്പം സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളിലെ ഇടപെടലിനും നേതൃത്വം വഹിക്കേണ്ടി വരും.
പിണറായി സി.പി.എം. സംസ്ഥാന സെക്രട്ടറിയായതോടെ നാടിന് പുതിയ ചരിത്രത്തിലേക്ക് തന്നെ ചെന്ന് നിൽക്കുന്നു.സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായി വളർന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായി ഒരുപതിറ്റാണ്ട് തികയും മുൻപേ കേരളത്തിൽ പാർട്ടിയുടെ അമരത്തെത്തിയ ശേഷം പിണറായിയുടെ വാക്കുകൾ നാട് കേട്ടുകൊണ്ടേയിരുന്നു.സെക്രട്ടറി സ്ഥാനത്തിരുന്ന 16 വർഷവും പിണറായിയുടെ പാർട്ടി പരിപാടികളെല്ലാം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അതിനുശേഷമാണ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിലേക്കു എത്തുന്നതും.ധർമടം മണ്ഡലത്തിൽനിന്ന് ജയിച്ചാണ് ഭരണത്തിന്റെ തലപ്പത്തെത്തിയത്. അതോടെ ധർമടം മണ്ഡലവും ശ്രദ്ധാകേന്ദ്രമായി. മുഖ്യമന്ത്രിയായ ശേഷം കണ്ണൂരിലെ പാർട്ടി പരിപാടികളും ഔദ്യോഗിക ചടങ്ങുകളുമായി സജീവ സാന്നിധ്യം.പ്രതിപക്ഷനേതൃസ്ഥാനമാണെങ്കിലും തിരക്കുകൾക്കും പാർട്ടിപരിപാടികൾക്കും കാര്യമായ കുറവുണ്ടാകാനിടയില്ല. പാർട്ടിയുടെ ശക്തിദുർഗമായ പയ്യന്നൂരും പ്രധാനകേന്ദ്രമായ തളിപ്പറമ്പും നിലംപതിച്ച് കനത്ത തോൽവിയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണ് പുതിയ ദൗത്യം പിണറായി ഏറ്റെടുക്കുന്നതും.

2011 ലെ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായി വി.എസ്. അച്യുതാനന്ദൻ എത്തുമ്പോൾ പ്രതിപക്ഷത്ത് ശക്തമായ അംഗബലവും പരിചയ സമ്പന്നരായ എം.എൽ.എമാരുമുണ്ടായിരുന്നു. 68 അംഗങ്ങളുമായി 72 അംഗ ഭരണപക്ഷത്തെ നേരിടുകയായിരുന്നു വി.എസ്. ചെയ്തത്. എന്നാൽ ഇന്ന് ആ സാഹചര്യമല്ലെന്നത് പിണറായിക്ക് മുന്നിൽവെല്ലുവിളിയാണ്.പാർട്ടിക്ക് അകത്തും പുറത്തുമായുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷസ്ഥാനത്തു നിന്ന് തന്റെ ദൗത്യങ്ങൾ നിർവഹിക്കാൻ പിണറായിക്ക് സാധിക്കും എന്ന് പാർട്ടിയും ജനങ്ങളും വിശ്വസിക്കുന്നു.
Content summary; In a rare move , ex-CM Pinarayi Vijayan to lead Kerala opposition. CPM banks on his experience as LDF strength drops to 35 MLAs .first since EMS to switch roles.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.