April 27, 2025 |

ടി പി കേസ്: ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ശിക്ഷായിളവ് ലിസ്റ്റ് വരുമോ? കെ കെ രമ

ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്?

ഇന്നലെ വൈകുന്നേരമാണ് ട്രൗസര്‍ മനോജിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കൊളവല്ലൂര്‍ വന്നത്. പതിനൊന്നാം പ്രതിയായ ട്രൗസര്‍ മനോജ് ടിപി കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഗൂഢാലോചനയില്‍ കുഞ്ഞനന്തനും ജ്യോതിബാബുവിനൊപ്പം അടക്കമുള്ളവര്‍ക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഇയാള്‍.

കഴിഞ്ഞ 21ാം തിയ്യതിയാണ് ടിപി കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ആദ്യ മൊഴിയെടുപ്പിന് പോലീസ് എത്തിയത്. തൊട്ടടുത്ത ദിവസം ഇത് വാര്‍ത്തയായി. 22ാം തിയ്യതി ഉച്ചകഴിഞ്ഞാണ് ജയില്‍ മേധാവി പത്രകുറിപ്പ് ഇറക്കുന്നത്. പിന്നാലെ ഇന്നലെ സഭയില്‍ വിഷയം ഉന്നയിച്ചു.അപ്പോള്‍ ശിക്ഷാ ഇളവെന്ന ആരോപണം സ്പീക്കര്‍ ഷംസീര്‍ തള്ളി. അതിന്റെ പിന്നാലെയാണ് ഇന്നലെ വൈകുന്നേരം തന്നെ പോലീസ് ഈ വിഷയത്തില്‍ മൊഴിയെടുക്കാന്‍ വരുന്നത്.

ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്? പോലീസ് എത്തിയപ്പോഴാണ് ഇത് അവസാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ശിക്ഷായിളവുമായി മുന്നോട്ട് പോവുകയാണെന്നും മനസിലായതെന്നും ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ.അവരുടെ വരവില്‍ നിന്ന് മനസിലായത് പ്രതികളുടെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറി ജൂണ്‍ 6ന് ഉത്തരവിറക്കിയ ഉത്തരവ് തള്ളികൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോവാന്‍ ശ്രമിക്കുകയായിരുന്നു എന്നാണെന്നും രമ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ശിക്ഷായിളവ് നല്‍കാനുള്ള പ്രതികളുടെ പട്ടികയില്‍ ടി പി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണെന്നും അവര്‍ പറയുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയിലാണ് ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയയ്‌ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതിയാണ് തയ്യാറാക്കിയത്. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നത് ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ പ്രതികളുടെ ലിസ്റ്റ് വരുമോ എന്നും രമ ചോദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ടി പി വധക്കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്. ഇതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കര്‍ സഭയില്‍ പറഞ്ഞത്.

 

English summary: Kerala govt suspends Kannur Jail Superintendent, other top officials for move to release TP murder convicts

Tags:

Leave a Reply

Your email address will not be published. Required fields are marked *

×