ലൈംഗികാധിക്ഷേപ പരാതിയിൽ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബോബിയുടെ നാടകം കോടതിയോട് വേണ്ടെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുമെന്നും ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നത് എന്നതിനുള്ള വിശദീകരണം 12 മണിക്കുള്ളിൽ നൽകണമെന്ന് കോടതി അറിയിച്ചു.
ബോബി സൂപ്പർ കോടതി ചമയണ്ട. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി കരുതേണ്ട. വേണ്ടി വന്നാൽ പുറത്തിറക്കാതെ ജയിലിലിട്ട് വിചാരണ ചെയ്യാൻ കോടതിക്ക് അറിയാം, ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. മറ്റ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ ആരാണെന്നും അതിന് ഇവിടെ കോടതിയുണ്ടെന്നും കോടതി പറഞ്ഞു.
ബോബി ഹൈക്കോടതിയോട് കളിക്കാൻ ശ്രമിക്കുകയാണ്. കുറെ മാധ്യമശ്രദ്ധ കിട്ടാനായി ഇത്തരത്തിലുള്ള നാടകങ്ങൾ കളിച്ചാൽ എന്ത് ചെയ്യണം എന്ന് കോടതിക്ക് അറിയാം. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ടു രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തിക്കും. അതിനും കോടതി മടിക്കില്ല. കോടതി ഉത്തരവ് ഇത്രയ്ക്കു ലഘുവായിട്ടാണോ എടുക്കുന്നത്?, കോടതി വിമർശിച്ചു.
സാങ്കേതിക കാരണങ്ങളാൽ ജയിൽ കഴിയുന്ന സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ വിസമ്മതിച്ചത്. തുടർന്ന് കോസിൽ അസാധാരണ ഇടപെടലുമായി കോടതി രംഗത്തെത്തിയതോടെ ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി ജാമ്യ ഉത്തരവ് സമർപ്പിച്ച് ബോബിയെ പുറത്തിറക്കുകയായിരുന്നു.
ജാമ്യം ലഭിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പടക്കം പൊട്ടിച്ച് സ്വീകരിക്കാനെത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരുടെ ആഘോഷ പ്രകടനങ്ങൾ പൊലീസ് തടഞ്ഞു. പ്രവർത്തകരുടെ കൈയ്യിൽ നിന്നും പടക്കം പിടിച്ചെടുക്കുകയും ചെയ്തു. പടക്കം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നേരിയ സംഘർഷാവസ്ഥയും ജയിലിന് പുറത്ത് സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
Content summary: Kerala High Court criticizes Bobby Chemmannur
bobby chemmannur Kerala Kerala High Court