പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്ന ചിത്രം ഉപയോഗിച്ചതിന് എതിരെ കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പുകയില ഉത്പന്നങ്ങളുടെ പരസ്യം നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പുസ്തകത്തിന്റെ വിപണനം, പ്രചരണം, പ്രദർശനം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജിക്കാരന്റെ വാദങ്ങൾ പരിഗണിച്ച് ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.
അഭിഭാഷകനായ രാജസിംഹൻ സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. കേസ് സെപ്റ്റംബർ 25-ലേക്ക് മാറ്റിവെച്ചു. പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്ന ചിത്രം നൽകിയത് സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) 2003-ന്റെ ലംഘനമാണ്. നിയമപ്രകാരം നൽകേണ്ട “പുകവലി ആരോഗ്യത്തിന് ഹാനികരമാണ്” എന്ന മുന്നറിയിപ്പോ “പുകയില കാൻസറിന് കാരണമാകും” എന്ന മുന്നറിയിപ്പോ കവർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
അരുന്ധതി റോയിയുടെ ചിത്രം യുവജനങ്ങളെയും വായനക്കാരെയും ശക്തമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. പുകവലി ഫാഷനും, സർഗ്ഗാത്മകതയുമായി ബന്ധപ്പെട്ടതാണെന്ന തെറ്റായ സന്ദേശം ഇത് നൽകാൻ ഇടയുണ്ട്. പ്രത്യേകിച്ചും പരസ്യമായി പുകവലിക്കുന്നതിൽ നിന്ന് അകലം പാലിക്കുന്ന യുവതികളെയും സ്ത്രീകളെയും ഇത് ആകർഷിച്ചേക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിക്ക് പുസ്തകത്തിന്റെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലെന്നും, നിയമപരമായ മുന്നറിയിപ്പുകൾ ഇല്ലാതെ കവർ ചിത്രം ഉപയോഗിച്ചതിലെ നിയമലംഘനം മാത്രമാണ് ഹർജിയുടെ അടിസ്ഥാനമെന്നും രാജസിംഹൻ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, കേരള ആരോഗ്യ വകുപ്പ്, പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ, എഴുത്തുകാരി അരുന്ധതി റോയ് എന്നിവരെ ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
കോടതിയുടെ അന്തിമ വിധി വരുന്നതുവരെ പുസ്തകത്തിന്റെ വിൽപ്പന, വിതരണം, പ്രദർശനം എന്നിവ നിർത്തിവെക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതു അറിയിപ്പ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
content summary: Kerala High Court Seeks Central Government’s Reply on PIL Against Arundhati Roy’s Memoir Cover
This post was last modified on September 19, 2025 11:15 am
Leave a Comment