മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) വിഭാഗം ചെയർമാനുമായ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ദിവസങ്ങളായി ആശുപത്രിയിൽ തുടർന്നിരുന്ന മാണിയുടെ നില കഴിഞ്ഞ ദിവസമാണ് ഗുരുതരമായത്. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുള്ള അദ്ദേഹത്തെ അണുബാധയെ തുടർന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്.
എന്നാൽ ഇന്ന് രാവിലെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും വഷളാവുകയായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി മകനും എംപിയുമായ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെമാണി ഫേസ് ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് മാണിയുടെ ആരോഗ്യനില വീണ്ടും മോശമായത്.
കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. കൂടുതല്‍ ബന്ധുക്കളും നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്നുണ്ടെങ്കിലും സന്ദര്‍ശകർ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
This post was last modified on April 9, 2019 5:46 pm
Leave a Comment