2019 ലാണ് സിദ്ദിഖിനെതിരേ യുവ അഭിനേത്രിയുടെ പരാതി പൊതുമധ്യത്തില്‍ എത്തുന്നത്. 2017 ല്‍ മറ്റൊരു യുവ വനിത താരം സമാനതകളില്ലാത്ത ക്രൂരത ഏറ്റു വാങ്ങേണ്ടി വന്നതിനുശേഷം മലയാള സിനിമ ലോകം ഏറെ കലുഷിതമായി പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) രൂപം കൊണ്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് വേണ്ടി പരസ്യമായി നിലപാട് സ്വീകരിച്ചിരുന്ന സിദ്ദിഖ് വനിത കൂട്ടായ്മയെ പരിഹസിക്കുകയും ചെയ്തിരുന്നു.
എഎംഎംഎ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങളെ അവരുടെ പേര് എടുത്ത് പറയാതെ നടിമാര്‍ എന്നു മാത്രം അഭിസംബോധന ചെയ്ത് സംസാരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ്, അഭിനയിച്ചുകൊണ്ടിരുന്ന ഒരു സിനിമയുടെ സെറ്റില്‍ സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടത്. അന്ന് വളരെ പരിഹാസപൂര്‍വമായിരുന്നു സിദ്ദിഖ് ഡബ്ല്യുസിസിയെക്കുറിച്ച് പറഞ്ഞത്.
സിദ്ദിഖിന്റെ പരിഹാസങ്ങള്‍ക്ക് പിന്നാലെയായിരുന്നു, ഇപ്പോഴത്തെ കേസിന് ആസ്പദമായ പരാതി ആദ്യം യുവനടി ഉയര്‍ത്തുന്നത്. 2016ല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സിദ്ദിഖും ലളിതയും ചേര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിങ്ങനെയായിരുന്നു; ‘ ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെക്കൊണ്ട് സാധിക്കില്ല. ഈ നടന്‍ സിദ്ദിഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്റെ നേര്‍ക്ക് ലൈംഗിക അധിക്ഷേപം നടത്തി. അയാളില്‍ നിന്ന് നേരിട്ട വെര്‍ബല്‍ പീഡനം ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അയാള്‍ക്ക് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അയാളുടെ അടുത്ത് സുരക്ഷിതയാണോ എന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ദിഖ് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിര വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചു നോക്കൂ. ഉളുപ്പ് ഉണ്ടോ? മുഖം മൂടി അണിഞ്ഞ് ജീവിക്കുന്ന, സ്വയം മാന്യനെന്ന് വിളിക്കുന്ന നിങ്ങളെ പോലുള്ളവര്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ടതാണ്’
ഈ വെളിപ്പെടുത്തല്‍ വന്നതിനു ശേഷം അഴിമുഖം പ്രസ്തുത താരവുമായി സംസാരിച്ചിരുന്നു.
എന്തുകൊണ്ട് ഈ സമയത്ത് ഇങ്ങനെയൊരു പരാതി ഉയര്‍ത്തുന്നുവെന്ന ചോദ്യത്തിന് നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; 2016 ല്‍ ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ ഉടനെ അത് പുറത്ത് പറയുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വെളിപ്പെടുത്തലിന് ശേഷം ഞാന്‍ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന ചോദ്യവും എന്തുകൊണ്ട് ഇത്രയും നാള്‍ ഇക്കാര്യം തുറന്ന് പറയാതിരുന്നത് എന്നുള്ളതാണ്. എത്ര വലിയ കരുത്തുള്ള ആളാണെങ്കിലും എത്ര വലിയ ഫാമിലി സപ്പോര്‍ട്ട് ഉണ്ടെന്ന് പറഞ്ഞാലും സ്വയം ഇക്കാര്യം ഒന്ന് ഉള്‍ക്കൊള്ളാന്‍ പോലും സമയമെടുക്കും. ഒരുതരത്തിലുമുള്ള തയ്യാറെടുക്കലിന് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്താണ് നടന്നതെന്ന് എനിക്കറിയാം, അത്തരമൊരു മോശമായ അനുഭവം നേരിട്ടതുകൊണ്ട് തന്നെയാണ് പോസ്റ്റിട്ടതും’.
ഡബ്ല്യുസിസിക്ക് എതിരായി സിദ്ദിഖ് നടത്തിയ പ്രസ് മീറ്റിന് ശേഷമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. അതിനവര്‍ പറഞ്ഞ കാരണം ഇതായിരുന്നു; ‘ ഡബ്ല്യുസിസിക്ക് എതിരേയുള്ള സിദ്ദിഖിന്റെ പ്രസ് മീറ്റ് എല്ലാവരും കണ്ടതാണ്. അത് വീണ്ടും കണ്ടപ്പോഴാണ് അത്തരമൊരു പരാമര്‍ശം നടത്താന്‍ അയാള്‍ യോഗ്യനല്ലന്നെനിക്ക് തോന്നിയത്. സമൂഹത്തില്‍ മറ്റ് സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയുടെ കൈയില്‍ സ്വന്തം മക്കള്‍ പോലും എത്രത്തോളം സുരക്ഷിതരാണെന്നുള്ള ചോദ്യവും അതുകൊണ്ട് തന്നെയാണ് ഞാന്‍ ഉന്നയിച്ചത്’.
അഭിമുഖത്തില്‍ നടി തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍; ” 2016 ല്‍ അദ്ദേഹത്തിന്റെ(സിദ്ദിഖിന്റെ) മകന്‍ നായകനാകുന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് തന്നെ ക്ഷണിച്ചത്. സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. സിദ്ദിഖ് അഭിനയിച്ച ‘ സുഖമായിരിക്കട്ടേ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് നടക്കുന്നുണ്ടെന്നും അങ്ങോട്ട് വരാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. അവിടെ എത്തി സിനിമ കണ്ടശേഷം മസ്‌കറ്റ് ഹോട്ടലില്‍ സിനിമയുടെ ചര്‍ച്ചകള്‍ക്കായി എത്തി. അവിടെ വച്ചാണ് മോശം അനുഭവം ഉണ്ടായത്. സിനിമയ്ക്കായി അഡ്ജസ്റ്റ്‌മെന്റുകള്‍ വേണം എന്നാണ് അയാള്‍ പറഞ്ഞത്. അത്തരമൊരു സിനിമ ഉണ്ടോ എന്നു പോലും എനിക്കറിയില്ല. ഇനി അതിനു വേണ്ടി മാത്രമാണോ പുള്ളി അങ്ങനെ പറഞ്ഞതെന്നും എനിക്കറിയില്ല.’
മോശമായ പെരുമാറ്റത്തിനെതിരേ താന്‍ പ്രതികരിച്ചപ്പോള്‍, ഭീഷണിയായിരുന്നു മറുപടിയെന്നും അഭിനേത്രി അന്നത്തെ അഭിമുഖത്തില്‍ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. ‘നീ ഇത് പുറത്തു പോയി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല, എന്നെ ആളുകള്‍ക്ക് അറിയാം. നീ ഇത് പുറത്ത് പറഞ്ഞാല്‍ നിന്റെ ഭാവി ത്‌ന്നെയാണ് നശിക്കാന്‍ പോകുന്നത്, നീ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ. നീ അല്ലെങ്കില്‍ വേറൊരാള്‍’ ഇങ്ങനെയാണ് സിദ്ദിഖ് തന്നോട് പ്രതികരിച്ചതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
ഈ വെളിപ്പെടുത്തലുകളെ അന്ന് പുച്ഛിച്ചു തള്ളുകയായിരുന്നു സിദ്ദിഖ്. നടിയുടെ ആരോപണം വന്നതിന് പിന്നാലെ നടന്‍ ചെയ്തത്, അയാള്‍ അഭിനയിച്ച കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ ഒരു സീന്‍ പങ്കു വയ്ക്കുകയായിരുന്നു. നടിക്കുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു ആ പ്രവര്‍ത്തി.
‘ കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമയില്‍ ഒരു വിദേശ വനിതയോട് സിദ്ദിഖിന്റെ കഥാപാത്രം ഐ ലവ് യു എന്ന് പറയുമ്പോള്‍, യുവതി തിരിച്ച് ‘ മീ ടൂ’ എന്നു പറയുകയും, അത് കേട്ട് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതുമായ ഒരു കോമഡി രംഗമായിരുന്നു അത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി ആരംഭിച്ചതും ലോകമാകമാനം സ്വീകാര്യത കിട്ടിയതുമായ ‘മീ ടൂ മൂവ്‌മെന്റിനെ’ പരിഹസിക്കുന്ന ഒരു രംഗം. വിമര്‍ശനങ്ങളെ തുടര്‍ന്ന് ആ രംഗം പിന്നീട് സിനിമയില്‍ നിന്നൊഴിവാക്കി. ഇതേ രംഗമാണ് സിനിമയുടെ പേരോ, മറ്റു കാര്യങ്ങളോ ഒന്നും പരാമര്‍ശിക്കാതെ സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പിന്നീട് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ സിദ്ദിഖിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു; എന്തിനാണ് ഇങ്ങനെയൊരു ആരോപണം എന്നറിയില്ല. ആരോപണത്തില്‍ പറയുന്നതുപോലെ സംഭവം നടന്നിട്ടില്ല. സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിന് ശേഷം ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു’.
സിദ്ദിഖിന്റെ പരിഹാസം മാത്രമായിരുന്നില്ല, പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയിലെ താര ആരാധകരുടെ അശ്ലീലങ്ങള്‍ കൂടിയായിരുന്നു. പരാതിയ്ക്കാധാരമായ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ചില കമന്റുകളാണിത്;
‘ഇത് ഏതാ ഈ നടി, ഇത്രക്ക് ദാരിദ്രം പിടിച്ച ആള് അല്ല സിദ്ദിഖ്, ആളാകണം, കുറച്ചു പ്രശസ്തി വേണം, പത്രത്തില്‍ പോട്ടം വരണം, പോണം … 2016ല്‍ നടന്നത് ഇപ്പോഴാ ഓര്‍മ വന്നേ, ഭയങ്കരം, ച്യാച്ചി ഇപ്പോഴാണ് പഴയ വീഡിയോ കണ്ടത് .. അപ്പോഴാണ് അതിലും പഴയ ‘സുഖമായിയിരിക്കട്ടെ’ ഓര്‍മവന്നത്, ഏത് പോസ്റ്റ് ഇട്ടാലും 10 ല്‍ താഴെ ലൈകും 1, 2 കമന്റും കിട്ടുന്ന നടി, അവര്‍ നോക്കിയിട്ട് ലൈക് കൂടാന്‍ വേറെ വാഴി ഒന്നും ഇല്ല, അപ്പൊ പീഡനം അല്ലാതെ വേറെ വഴി ഇല്ല ലൈക്ക് കിട്ടാന്‍, പെണ്ണുംപിള്ളെക്കെ ഫേമസ് ആകണം ആയിനാണ്, നിന്റെ വവ്വാല്‍ ചപ്പിയ മോന്ത കണ്ടേച്ചാലും മതി കേറി പിടിക്കാന്‍, ഒന്ന് പോയേടി ഊളെ, ഈ 2019 വരെ നിന്റെ അണ്ണാക്കില്‍ പഴം ആരുന്നോ, ഓരോ attention seeking റോക്കറ്റുകള്‍, നിങ്ങളെ നാലാള് തിരിച്ചറിയാന്‍ പറ്റിയ ഐഡിയ ആയിരുന്നു, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി ക്ലിക്ക് ആവില്ല, ഇപ്പൊ കേരളം തിരഞ്ഞെടുപ്പ് ചൂടിലാ, നീ ഏത് കോത്താഴത്തെ നടിയാടി പുല്ലേ, ഡബ്ലൂസിസി ഒക്കെ ജനങ്ങള്‍ മറന്നു വരുവാ, അതു വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാന്‍ തുണ്ട് കഥയുമായി വന്നേക്കുവാ. തെറിവിളികളും അസഭ്യം പറച്ചിലുകളും ഇനിയുമേറെയുണ്ടായിരുന്നു.
തനിക്കെതിരേ വന്ന പരാതി മാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിലും, കുറ്റാരോപിതനെ പിന്തുണച്ചതിലും, അയാളെ എഎംഎംഎ എന്ന സംഘടനയിലേക്ക് തിരികെ എടുത്തതിലുമൊക്കെ സിദ്ദിഖിന്റെ പ്രതികരണങ്ങള്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
വളരെ നയപരമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സിദ്ദിഖ് പലഘട്ടങ്ങളിലും എഎംഎംഎയുടെയും വിമര്‍ശനവിധേയരുടെയും സ്വയം പ്രഖ്യാപിത വക്താവായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ ആണുങ്ങളും പെണ്ണുങ്ങളും എന്ന വേര്‍തിരിവില്ലാത്ത നമ്മള്‍ മാത്രമായ ഒരു സിനിമ ലോകം’ ആണ് താന്‍ സ്വപ്‌നം കാണുന്നതെന്നായിരുന്നു ഒരിക്കല്‍ സിദ്ദിഖ് പറഞ്ഞത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായ സിദ്ദിഖ്, മോശമല്ലാത്ത വായനയും സംഗീതബോധവും രാഷ്ട്രീയകാഴ്ച്ചപ്പാടുകളുമൊക്കെയുള്ള വ്യക്തിയാണ്. നന്നായി പാടുന്ന, നല്ലൊരു അവതാരകനായ സിദ്ദിഖ് കലാകാരനെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനുമാണ്. ഓരോ വിഷയത്തിലും കൃത്യമായ ധാരണയോടെ സംസാരിക്കാന്‍ കഴിവുള്ളവനെന്നാണ് സിനിമാക്കാര്‍ക്കിടയില്‍ ‘സിദ്ദിഖാ’ എന്ന് അറിയപ്പെടുന്ന സിദ്ദിഖിനെ കുറിച്ച് സഹപ്രവര്‍ത്തകരും പറയുന്നത്.
ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടപ്പോള്‍, അതിനെ കുട്ടിക്കളിയായാണ് ചില സൂപ്പര്‍ താരങ്ങള്‍ കണ്ടത്. അപ്പോഴും സിദ്ദിഖ് പറഞ്ഞത്, ആണുങ്ങള്‍ പെണ്ണുങ്ങള്‍ എന്ന് വേര്‍തിരിവ് ഉണ്ടാക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നായിരുന്നു. നമ്മള്‍ നമ്മള്‍ എന്നു മാത്രം പറയുന്നൊരു ലോകമാകണം മലയാള സിനിമയുടെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
ഇതേ സിദ്ദിഖാണ്, കസബ വിമര്‍ശനത്തിന്റെ പേരില്‍ പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടന്ന യാതൊരു നിയന്ത്രണവും മര്യാദയുമില്ലാത്ത ആക്ഷേപങ്ങളെ ‘ അഭിപ്രായ സ്വാതന്ത്ര്യ’മായി ചുരുക്കി കളഞ്ഞത്. ലൈംഗികാധിക്ഷേപം ഉള്‍പ്പെടെ കേള്‍ക്കേണ്ടി വന്ന പാര്‍വതിയോടായി സിദ്ദിഖ് പറഞ്ഞത്, നിങ്ങള്‍ പറഞ്ഞൊരു അഭിപ്രായത്തോട് വിയോജിച്ചു കൊണ്ട് ഒരാള്‍ നിങ്ങളെ തെറിവിളിച്ചാല്‍, അത് കേള്‍ക്കണം, വിളറി പിടിക്കരുത് എന്നായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, രാത്രികാലങ്ങളില്‍ ഒറ്റയ്ക്കിറങ്ങി നടക്കുന്ന സ്ത്രീകള്‍ സ്വയം അപകടം വരുത്തി വയ്ക്കുന്നു എന്നെഴുതുകയും ആണും പെണ്ണും ഒരുപോലെയാണെന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമൂഹം ചൂണ്ടിക്കാണിച്ചിരുന്നതുമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെയാണ് സിദ്ദിഖിനെതിരേ വീണ്ടും, പരാതിക്കാരി രംഗത്ത് വന്നത്. അതോടെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് ഒഴിയേണ്ടി വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സിനിമ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നു പലവിധ ചൂഷണങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതെല്ലാം പ്രതിരോധിക്കാനായിരുന്നു ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ശ്രമിച്ചത്. എന്നാല്‍, ജനറല്‍ സെക്രട്ടറിക്ക് എതിരേ തന്നെ പരാതി വന്നതോടെ കാര്യങ്ങള്‍ മറിഞ്ഞു. സിദ്ദിഖിന് രാജി അനിവാര്യമായി മാറി. പിന്നാലെ എഎംഎംഎ ഭരണസമിതി തന്നെ ഒന്നടങ്കം(?) ) രാജി വച്ചിരിക്കുന്നു. ഇപ്പോഴിതാ സിദ്ദിഖിനെതിരേ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. പരാതിക്കാര്‍ക്കെതിരേ ഡിജിപിക്ക് സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളിലും അന്വേഷണം നടക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടേ. kerala police booked case against actor siddique rape charge
Content Summary; kerala police booked case against actor siddique rape charge