March 17, 2025 |

പെറ്റിയുടെ പേരിലും പോലീസിന് ‘പീഡനം’- അന്വേഷണ പരമ്പര-4

പോലീസിനെ കുറ്റവാളികളാക്കുന്ന നിര്‍ദേശം

2018ലാണ് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ ശ്രദ്ധേയമായ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. പോലീസ് സ്വമേധയാ പെറ്റി കേസുകള്‍ എടുക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കുലറില്‍ പറഞ്ഞ പ്രധാന വസ്തുതകള്‍ ഇവയാണ്
1-എണ്ണം ലക്ഷ്യം വെച്ച് സ്വമേധയാ പെറ്റി കേസുകളെടുക്കേണ്ട.
2-ഇത്തരം പെറ്റി കേസുകള്‍ എക്‌സൈസ്, ഗതാഗത വകുപ്പ് എന്നിവര്‍ പരിഗണിക്കേണ്ടതാണ്.
3-ഇത് പോലീസിന്റെ ജോലിയല്ല.

പോലീസിന് ജോലിഭാരം സൃഷ്ടിക്കുന്ന പെറ്റി കേസുകള്‍ ചുമത്തുന്നതിന് പകരമായി മറ്റ്
സംഘടിത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനായി സേനയുടെ ശേഷിയെ വിനിയോഗിക്കുകയും ചെയ്യണമെന്നും സര്‍ക്കുലറിലെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. 2016ല്‍ തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത പെറ്റി കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.എന്നാല്‍ ആ സര്‍ക്കുലറിന് അല്‍പ്പായുസ് മാത്രമാണുണ്ടായത്. രാജേഷ് ദിവാന്റെ ഉത്തരവ് കാറ്റില്‍ പറത്തി, പോലീസുകാര്‍ക്ക് വീണ്ടും പെറ്റി കേസ് പിടിക്കല്‍ പണി വന്നു. 2019-20 കോവിഡ് കാലത്ത് ഓരോ സ്റ്റേഷനില്‍ 1000 കേസ് ചുമത്തി പിഴ ഈടാക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരോട് ആവശ്യപ്പെട്ടത്.

ഇതോടെ ക്വോട്ട തികയ്ക്കാന്‍ നെട്ടോട്ടം തുടങ്ങി. ഞങ്ങളെ 10 സ്‌ക്വാഡുകള്‍ വീതമാക്കി. ഓരോ സ്‌ക്വാഡും 100 കേസുകള്‍ വീതം എടുത്തുപിഴ പിരിക്കണം- ഇതായിരുന്നു നിര്‍ദേശമെന്ന് ഒരു പോലീസുകാരന്‍ വെളിപ്പെടുത്തുന്നു.

ഇങ്ങനെ ഓരോ സ്റ്റേഷനിലും 1000 പെറ്റി കേസ് എടുക്കണം. വഴിയിലുടനീളം പൊലീസ് പരിശോധന തുടങ്ങിയതോടെ പിഴയ്ക്ക് ഇരയാകുന്നത് ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. മാസ്‌ക് ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍, കോവിഡ് മാനദണ്ഡം ലംഘനം തുടങ്ങിയവയിലൂടെയാണ് അന്ന് ആ ക്വോട്ടകള്‍ തികച്ചതെന്നും പോലീസുകാര്‍ തന്നെ പറയുന്നു.

എടുപ്പിക്കുന്നത് എംവിഡിയുടെ പണി, മനസ് മരവിക്കും

സര്‍ക്കാരിന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. വരുമാനം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടിയാണ് പെറ്റി കേസ് പിടിക്കുന്നത്. എംവിഡിമാരുടെ പണി കൂടി പോലീസിനെ ഏല്‍പ്പിച്ച് ജില്ലയിലെ സ്റ്റേഷനുകളില്‍ നിന്ന് ഒരു തുകയും അത് സംസ്ഥാനത്തെ മൊത്തം സ്റ്റേഷനുകളില്‍ നിന്ന് ആകുമ്പോള്‍ വലിയൊരു തുകയും ആകുന്നു. പെറ്റിക്കേസ് ടാര്‍ഗറ്റ് തികക്കാന്‍ വേണ്ടി മേലുദ്യോഗസ്ഥര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമല്ല.

ഉദാ: ഇന്നത്തെ പെറ്റി ടാര്‍ഗറ്റ് 25 എണ്ണം ആണെന്നിരിക്കട്ടെ. അന്ന് മുഴുവനും അരിച്ചു പെറുക്കിയിട്ട് 20 എണ്ണമേ കിട്ടിയുള്ളു എന്നു വിചാരിക്കുക. 5 എണ്ണം പിടിക്കാത്തതിനു ശകാരം ശരിക്കും കേള്‍ക്കേണ്ടി വരും. ഇതു മാത്രമല്ല തന്റെ ഓഫീസിലേയ്ക്ക് പിറ്റേ ദിവസം രാവിലെ 10 മണിക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെടും. നൈറ്റ് മുഴുവനും ഉറക്കം നിന്നതിന്റെ ക്ഷീണവും 25 പെറ്റി പിടിക്കാത്തതില്‍ കേട്ട ശകാരവും കൂടി ആകുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ആകെ തളര്‍ന്നു പോയിരിക്കും. പിന്നീട് രാവിലെ 10 മണിക്ക് ഓഫീസില്‍ ചെന്നാല്‍ ആ ഓഫീസര്‍ കയറ്റാതെ പുറത്തു നിര്‍ത്തും. ഇതു കൂടി ആകുമ്പോള്‍ മനസ് മരവിക്കും.വൈകിട്ട് ചിലപ്പോള്‍ 6 മണി അല്ലെങ്കില്‍ 7 മണിക്ക് കയറാന്‍ അനുവദിക്കും. അപ്പോഴും ശകാരം മാത്രം അതിനു ശേഷം പറയും ഇനി ഇത് ആവര്‍ത്തിക്കരുത് . അപ്പോഴേക്കും അദ്ദേഹത്തിന് അനുവദിച്ച വിശ്രമസമയവും പോയിട്ടുണ്ടാകും. ഇതിലും വലിയ ശിക്ഷയുണ്ടോ?

പിന്നീട് ആ ഉദ്യോഗസ്ഥന്‍ 25 ടാര്‍ഗറ്റ് പറഞ്ഞാല്‍ 30 എണ്ണം പിടിച്ചു കൊടുക്കും. വീട്ടില്‍ പോകണ്ടേ അല്ലെങ്കില്‍ ആ ഓഫീസില്‍ പോയി നില്‍ക്കേണ്ടി വരും. ഇങ്ങനെ സമ്മര്‍ദ്ദം വരുമ്പോള്‍ ആണ് പൊതുജനങ്ങളുമായി തര്‍ക്കങ്ങളും അതിനെ തുടര്‍ന്നു മാധ്യമങ്ങളില്‍ പോലീസിനെപ്പറ്റി വാര്‍ത്തകളും വരുന്നതും.

ഈ വെളിപ്പെടുത്തലുകളുടെ ആധികാരികത തിരഞ്ഞ് പോവേണ്ട കാര്യമൊന്നും ഇന്നില്ല. കാരണം 2021 ആഗസ്ത് 21ന് നഗരത്തിലെ പെറ്റി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന വിവാദ ഉത്തരവുമായി എറണാകുളം ഡിസിപി ഐശ്വര്യ ദോഗ്രെ വാര്‍ത്തകളില്‍ തന്നെ ഇടം പിടിച്ചത് മതിയല്ലോ തെളിവായി. പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പോലീസ് സ്റ്റേഷനുകള്‍ പിന്നിലാണെന്നും ഐശ്വര്യ കുറ്റപ്പെടുത്തുന്നതിന്റെ ശബ്ദ രേഖ അടക്കം അന്ന് പുറത്തുവന്നിരുന്നു. ആ സമയത്താണ് കോവിഡ് പരിശോധനയുടെ മറവില്‍ പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമായതും. പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പല സ്റ്റേഷനുകളും പിന്നിലാണ്. രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ടുവരെ പെര്‍ഫോമന്‍സ് മോശമാണെന്നാണ് മാഡം അറിയിക്കുന്നത്. എസ്എച്ച്ഒമാര്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ടെന്നുമായിരുന്നു ആ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

പോലീസിനെ കുറ്റവാളികളാക്കുന്ന നിര്‍ദേശം

2023 ഫെബ്രുവരി 28നാണ് കോട്ടയം സ്വദേശിയായ ആകാശ് ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചതിന് കോടതിയിലെത്തിയത്. കോഴിക്കോടാണ് ആകാശിന് ജോലി. കോഴിക്കോട് നഗരത്തില്‍ വച്ചാണ് ആകാശ് ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചത്. പോലീസ് ആകാശിന്റെ പേരില്‍ പെറ്റിക്കേസെടുത്ത് വിട്ടു. കോടതിയില്‍ നിന്ന് സമന്‍സ് വന്നപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാതിരുന്നതിനു പുറമേ മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് തുടങ്ങി മോട്ടര്‍ വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ആകാശിന് മേല്‍ ചുമത്തിയത് അറിയുന്നത്. ജീവിതത്തില്‍ ഇന്നേ വരെ മദ്യപിച്ചിട്ടില്ലാത്തയാളാണ് താന്‍ എന്ന നിലപാടില്‍ ആകാശ് പറഞ്ഞതോടെയാണ് പോലീസിന് കിട്ടിയിരിക്കുന്ന എംവിഡി ടാര്‍ഗറ്റ് ചര്‍ച്ചയാവുന്നത്.

ഓരോ വര്‍ഷം സ്റ്റേഷനുകള്‍ക്ക് എം വി പെറ്റി (വാഹനം ഓടിക്കുന്നതിനിടെയുള്ള നിയമ ലംഘനം), ജി എല്‍ പെറ്റി (പൊതു നിയമലംഘനങ്ങള്‍) തുടങ്ങിയവയ്ക്ക് എണ്ണം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇത് എല്ലാ സ്റ്റേഷനിലും തികക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം എസ് എച്ച് ഒയ്ക്ക് മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും. അതിനാല്‍ എസ്എച്ച് ഒ സിവില്‍ പോലീസുകാര്‍ക്ക് ഈ പണിയുടെ സമ്മര്‍ദ്ദം പാസ് ചെയ്യും. നേട്ടോടം ഓടിയാലും ചിലപ്പോള്‍ തികയില്ല. അപ്പോഴാണ് ആകാശിനെ പോലുള്ളവരുടെ മേല്‍ കേസ് കെട്ടിവച്ച് കൊടുക്കേണ്ടിവരുന്നതെന്നും അന്നത്തെ അന്വേഷണത്തില്‍ വെളിവായിരുന്നു.

 

English Summary: Kerala Police directed to capture  25-50 petty cases daily  to boost revenue

×