December 11, 2024 |

അച്ഛനും അടുക്കളയില്‍: ലിംഗ സമത്വം പ്രതിഫലിക്കുന്ന കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം

ലിംഗസമത്വവും ലിംഗാവബോധവും ലിംഗനീതിയും മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങള്‍

ഒറ്റ ചിത്രം, അത് പറയും കേരളത്തിന്റെ പുതിയ പാഠ്യ പദ്ധതി പരിഷ്‌കരണത്തെ കുറിച്ച്. ലിംഗസമത്വത്തെ കുറിച്ച് വിശദീകരണങ്ങളില്ലാതെ കുട്ടികള്‍ക്ക് വ്യക്തമാവാന്‍ അത് മതി. മൂന്നാം ക്ലാസിലെ പാഠഭാഗത്ത് നിന്നുള്ള ഒരു ഏടാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന് പറയുന്നത് എന്ന തലകെട്ടിന് താഴെയായി വീടിന്റെ അടുക്കളയുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. തേങ്ങ ചിരവുന്ന അച്ഛനും അത് നോക്കി നില്‍ക്കുന്ന മകനും അടുക്കള പണി ചെയ്യുന്ന അമ്മയും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. അച്ഛന്‍ ചെയ്യുന്നത് നോക്കി നില്‍ക്കുന്ന മകന്‍ തന്നെയാണ് ചിത്രത്തിലെ ഹൈലേറ്റ്. അടുക്കളയിലെ ഉപകരണങ്ങള്‍ അടക്കമുള്ളവയെ കുറിച്ച് വിവരണം തയ്യാറാക്കാനും അഭ്യാസഭാഗം ആവശ്യപ്പെടുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ലിംഗസമത്വവും ലിംഗാവബോധവും ലിംഗനീതിയും മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി പാഠപുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടും. നമ്മുടെ സമൂഹത്തില്‍ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് കരുതുന്നത് എന്നും പാഠപുസ്തകങ്ങളിലും വാക്കുകളിലും മാത്രമല്ല ചിന്തകളിലും സംസ്‌കാരത്തിലും ഇക്കാര്യങ്ങള്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് നടപ്പിലാവുകയാണെന്ന സന്ദേശമാണ് പുറത്ത് വിട്ട ഈ പാഠഭാഗത്ത് നിന്ന് വ്യക്തമാവുന്നതും.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് ഇത്തവണ കുട്ടികളുടെ മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങള്‍ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.5 മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നുണ്ട്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.2007ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013ലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

English Summary: Kerala school textbooks include gender neutrality in family

×