സംസ്ഥാനത്തെ സ്കൂൾ സമയത്തിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. ഇത് പ്രകാരം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് സ്കൂൾ സമയം. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സൂംബ ക്ലാസുകളും മറ്റും ക്രമീകരിക്കുന്നതിന് വേണ്ടിയാണ് സമയമാറ്റം. അതേസമയം, സർക്കാരിന്റെ നടപടിയെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സമസ്ത. മതപഠനത്തിന് വേണ്ടി സ്കൂൾ സമയമാറ്റമെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമസ്ത ഉന്നയിച്ചിരിക്കുന്ന ആവശ്യം. എന്നാൽ മതപഠനമല്ല, സ്കൂള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് പറഞ്ഞ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.
സ്കൂൾ സമയമാറ്റത്തിൽ സർക്കാരും സമസ്തയും രണ്ട് തട്ടിലായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് സമസ്ത. സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.
സമസ്തയുടെ സമരം ജനാധിപത്യവിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സൂംബ ഡാൻസ് പോലുള്ള നടപടികളിലൂടെ വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവെയ്പ്പിന് സർക്കാർ മുതിർന്നപ്പോഴും പ്രതിഷേധമറിയിച്ച് സമസ്ത രംഗത്തെത്തിയിരുന്നു. സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും പൗരബോധം വളർത്തിയെടുക്കാനുമായി നിരവധി കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ക്ലാസ് തുടങ്ങി ഒരാഴ്ച പാഠപുസ്തകങ്ങൾ മനപാഠമാക്കാതെ ലഹരിയെന്ന വിപത്തിനെ മനസിലാക്കാനുള്ള അവസരം നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയടക്കം സംസ്ഥാന സർക്കാരിന്റെ ദീർഘവിക്ഷണത്തെ ചൂണ്ടിക്കാണിക്കുന്നതാണ്.
എന്നാൽ രാഷ്ട്രം പുരോഗമനത്തിലേക്ക് കുതിക്കുമ്പോഴും യാഥാസ്ഥിതിക ചിന്തകൾ മുറുകെ പിടിക്കാനണ് ചില മതനേതാക്കൾ ശ്രമിക്കുന്നത്. അല്പ വസ്ത്രം ധരിച്ച് സ്കൂളുകളിൽ ആടിപ്പാടുന്ന വിദ്യാർത്ഥികൾ, യോഗ ക്ലാസുകളിൽ ആണും പെണ്ണും ഇടപഴകുന്നത് തെറ്റാണ് തുടങ്ങിയ തരത്തിലുള്ള പരാമർശങ്ങളിലൂടെ യാഥാസ്ഥിതിക മനോഭാവം പലപ്പോഴും വ്യക്തമായിട്ടുള്ളതുമാണ്. ഇവിടെയെല്ലാം ഉയർത്തിപ്പിടിച്ചത് മതം തന്നെയാണ്. അത് തന്നെയാണ് സ്കൂൾ സമയമാറ്റത്തിലും ആവർത്തിച്ചിരിക്കുന്നത്.
സർക്കാരിന്റെ തീരുമാനം മദ്രസ പഠനത്തെ ബാധിക്കുമെന്ന നിലപാടിലാണ് സമസ്ത. നിലവിൽ കുട്ടികളുടെ പഠന സമയം കൂടുതലാണെന്നും അത് ദീർഘിപ്പിക്കുകയല്ല, മറിച്ച് ഉള്ള സമയത്തെ ഗുണനിലവാരമുള്ള രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള സംവിധാനമാണ് വേണ്ടതെന്നാണ് വിഷയത്തിൽ സമസ്ത അറിയിച്ചിരിക്കുന്നത്. മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്കൂള്‍ സമയം കൂട്ടാമെന്നും അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് മേൽ മതപഠനത്തിന് പ്രാധാന്യം നൽകുന്ന തരത്തിലുള്ള ആവശ്യമാണ് സമസ്ത നിലവിൽ ഉന്നയിച്ചിരിക്കുന്നത്.
മതപഠനത്തിന് മേൽ വരും തലമുറയുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയാണ് ശരി. സ്കൂൾ വിദ്യാഭ്യാസം മദ്രസ വിദ്യാഭ്യാസവുമായി കൂട്ടിമുട്ടുന്നത് കുട്ടികളുടെ സമഗ്ര വികാസത്തെ തടസപ്പെടുത്തുമെന്നാണ് സമസ്ത വാദിക്കുന്നത്. കുട്ടികളുടെ സമഗ്ര വികാസത്തിന് പിന്തുണയേകുന്നതാണോ യോഗയ്ക്കും സൂംബയ്ക്കുമെല്ലാം മുഖം തിരിക്കുന്നത്? മതത്തിന്റെ പേരിൽ എന്ത് വിഢിത്തവും വിളിച്ചുപറമെന്നുള്ള തലത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. വീട്ടിലെ പ്രസവവും തുടർന്നുള്ള പരാമർശങ്ങളും അവയ്ക്ക് ഉദാഹരണങ്ങളാണ്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മറന്ന് കൊണ്ടുള്ള ഒരു പ്രതിഷേധത്തിനും കേരളം ഐക്യം പ്രഖ്യാപിക്കില്ല.
Content summary: Kerala school timing: Government rejects Samastha’s opinion
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.