‘സംസ്ഥാന പൊലീസ് മേധാവി വിഷയത്തിൽ പ്രധാനം സർക്കാരിൻ്റെ താൽപര്യം; സാധ്യത കൂടുതൽ റവാഡ ചന്ദ്രശേഖറിന്’

1991 ഐപിഎസ് ബാച്ചുകാരനാണ് റവാഡ ചന്ദ്രശേഖർ

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി ആരാകും എന്ന ചോദ്യമാണ് നിലവിൽ പല ഭാ​ഗത്ത് നിന്നും ഉയരുന്നത്. സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം യുപിഎസ്‌സി പുറത്തുവിട്ടിരുന്നു. എഡിജിപി അജിത് കുമാറിനെ പട്ടികയിൽ നിന്ന് പുറത്താക്കിയതോടെ അജിത്കുമാറിനെ ഡിജിപിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമായെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു.

റവാഡ ചന്ദ്രശേഖറിനോടാണ് സർക്കാരിന് താൽപര്യം കൂടുതലെന്നും അതിനാൽ അദ്ദേഹം ഡിജിപിയാകാനാണ് കൂടുതൽ സാധ്യതയെന്നാണ്‌ പൊലീസിനുള്ളില്‍ നിന്നും കിട്ടുന്ന വിവരം.

‘റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരെയാണ് നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ മൂന്ന് പേരുമാണ് 30 വർഷം സർവീസ് പൂർത്തിയാക്കിയത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് യുപിഎസ്‌സി സംസ്ഥാന പോലിസ് മേധാവിയായിട്ട് പരി​ഗണിക്കുന്നത്.

വളരെ ജൂനിയർ ആയിട്ടുള്ളവരെ മുൻപ് ഡിജിപിയായിട്ട് നിയമിച്ച സമയത്ത് പല രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിച്ചിരുന്നു. അങ്ങനെയാണ് 30 വർഷം സേവനം പൂർത്തിയാക്കിയവരും ഡിജിപി റാങ്കിലുള്ളവരെയും മാത്രം ഈ സ്ഥാനത്തേക്ക് പരി​ഗണിക്കാൻ പാടുള്ളൂവെന്ന് സുപ്രീം കോടതി ഉത്തരവിടുന്നത്. എന്നാൽ ഒരു പട്ടിക തയ്യാറാക്കി നൽകുമ്പോൾ ഒന്നിൽ കൂടുതൽ ഡിജിപിമാർ ഒരു സ്റ്റേറ്റിലുണ്ടാകില്ലല്ലോ. അങ്ങനെ വരുമ്പോൾ 30 വർഷത്തിൽ താഴെയുള്ളവരെയും ഡിജിപി സ്ഥാനത്തേക്ക് പരി​ഗണിച്ചിട്ടുണ്ട്.

എംആര്‍ അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാരണം അവരേക്കാളും സീനിയേഴ്സ് ആയിട്ടുള്ള മൂന്ന് പേരെയാണ് പരി​ഗണിച്ചിട്ടുള്ളത്. യോ​ഗേഷ് ​ഗുപ്തയുടെ പേര് തള്ളിപ്പോകും എന്ന നിലയിൽ തന്നെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം ന​ൽ​കി​യ എ​ട്ട്​ ക​ത്തു​ക​ളും സംസ്ഥാനം തള്ളുന്ന അവസ്ഥയാണല്ലോ ഉണ്ടായത്. യോ​ഗേഷ് ​ഗുപ്ത ഒരു അഴിമതിക്കാരനായ ഉദ്യോസ്ഥനല്ല. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ അടിസ്ഥനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. ആരോപണങ്ങൾ തെറ്റാണെന്നുള്ള റിപ്പോർട്ട് വന്നിട്ടും ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സർക്കാർ നൽകിയില്ല. യുപിഎസ്സിക്ക് കാര്യം അറിയാവുന്നത് കൊണ്ട് അവർ അദ്ദേഹത്തെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. മനോജ് എബ്രഹാമിനെ പരി​ഗണിക്കുന്നെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന ഉദ്ദേശത്തോട് കൂടി നടത്തിയ പദ്ധതിയാണ് യോ​ഗേഷ് ​ഗുപ്തക്ക് ക്ലിയറൻസ് നൽകാതിരുന്നത്.

പിന്നീട് പട്ടികയിലുള്ളത് നിതിൻ അ​ഗർവാളാണ്, അദ്ദേഹത്തിനും ഡിജിപി ആകാനുള്ള സാധ്യത വളരെ കുറവാണ്. അദ്ദേഹം ജോലി ചെയ്തതെല്ലാം പുറത്താണ്. സംസ്ഥാന സർക്കാരുമായി നിതിൻ അ​ഗർവാളിന് കാര്യമായ ബന്ധങ്ങളുമില്ല. റവാഡ ചന്ദ്രശേഖർ ആണ് ഇവർ മൂന്ന് പേരിലും ഡിജിപി ആകാനുള്ള സാധ്യതയായി എനിക്ക് തോന്നുന്നത്. റവാഡ ചന്ദ്രശേഖറിനോടാണ് സർക്കാരിന് താൽപര്യം കൂടുതലുള്ളതും. കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് റാങ്കോടെ സെക്രട്ടറിയായി ജോലി ചെയ്ത് വരികയാണ് റവാഡ ചന്ദ്രശേഖർ. ഇയാൾ 1991 ഐപിഎസ് ബാച്ചുകാരനാണ്. സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള താൽപര്യം ഇതിനോടകം തന്നെ റവാഡ ചന്ദ്രശേഖർ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേൽക്കേണ്ടതുണ്ട്.

Content Summary: ‘Kerala State Police Chief shortlist; Ravada A Chandrasekhar is likely to be chosen’

This post was last modified on June 30, 2025 12:46 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment