പോലീസ് ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്‌നങ്ങളുമാണോ? കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ പരമ്പരകളില്‍ വെളിപ്പെടുത്തിയ സംഭവങ്ങളും മുന്‍കാല പഠന റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത് അമിത ജോലിഭാരത്തിലേക്കാണ്. ഈ ജോലിഭാരമാണ് കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. ഈ ജോലി ഭാരത്തിന്റെ കാരണം പോലീസില്‍ ആവശ്യത്തിന് അംഗസംഖ്യയില്ല എന്നതാണ്. കണക്കുകള്‍ അനുസരിച്ച് 7,000ത്തോളം പോലീസുകാരുടെ കുറവാണ് കേരളത്തിലുള്ളത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗം പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റാണ്.
ഈ റിക്രൂട്ട്‌മെന്റ് നടത്തേണ്ടത് കേരള സര്‍ക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ണായക വിഭാഗമായ പോലീസ് ജീവനക്കാര്‍ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്താതെ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നതിന്റെ കാരണം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണോ? ഇത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ അംഗീകരിക്കാത്തത്? ജോലിക്കായി പിഎസ് സി പരീക്ഷ എഴുതി കാത്തിരുന്ന് അവസാനം ലിസ്റ്റ് കാലാവധി കഴിയുമ്പോഴേക്കും സമരമുഖത്ത് ഇറങ്ങുന്ന ഉദ്യോഗാര്‍ത്ഥികളും വിരല്‍ ചൂണ്ടുന്നതും ഈ വസ്തുതയിലേക്ക് തന്നെയല്ലേ? മാസ് റിക്രൂട്ട്‌മെന്റ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണോ സര്‍ക്കാര്‍?
സീറോ വേക്കന്‍സി എന്ന കള്ളം- ചന്ദ്രാനന്ദന്‍
ഓരോ വര്‍ഷവും പോലീസില്‍ നിന്ന് വിരമിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് ആളെ എടുക്കേണ്ടതാണ്. ഒഴിവുകള്‍ കൃത്യമായി അറിയിക്കേണ്ടത് പോലീസ് വകുപ്പാണ്. എന്നാല്‍ സീറോ വേക്കന്‍സി എന്ന തരത്തിലാണ് ചാനല്‍ ചര്‍ച്ചകളിലടക്കം അസോസിയേഷന്‍കാര്‍ അടക്കം പറയുന്നത്. ഓരോ ബറ്റാലിയനിലേക്കും ജില്ല തിരിച്ച് ആളെ എടുക്കണം. തിരുവനന്തപുരം പോലെയുള്ള ജില്ലകളില്‍ വിഐപി ഡ്യൂട്ടി പോലുള്ളവ വരുന്നതിനാല്‍ ഡ്യൂട്ടിയ്ക്ക് കൂടുതല്‍ പോലീസുകാരെ ആവശ്യമാണ്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല-കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രാനന്ദന്‍ വ്യക്തമാക്കി
ഇതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. എന്നാല്‍ അവര്‍ ഇത് പരസ്യമായി അംഗീകരിക്കില്ല. സീറോ വേക്കന്‍സി എന്ന് ഭരണപക്ഷത്തിന് വേണ്ടി കുടപിടിക്കുന്നവര്‍ ഉരുവിടും. അതാണ് സംഭവിക്കുന്നതെന്ന് വരുത്തി തീര്‍ക്കുകയുമാണ് ചെയ്യുന്നത്.
1989ലെ പാറ്റേണ്‍ അനുസരിച്ചുള്ള അംഗസംഖ്യയാണ് ഇപ്പോഴും പോലീസ് പിന്തുടരുന്നത്. ഇതൊക്കെ പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതാണെന്നുമാണ് ചന്ദ്രാനന്ദന്‍ പറഞ്ഞത്. ഇതിനൊപ്പം അദ്ദേഹം ചൂണ്ടികാട്ടിയ മറ്റൊരു വസ്തുത ജനമൈത്രി പോലുള്ള പോലീസിലെ പുതിയ വിഭാഗങ്ങളാണ്. 2008ലാണ് ജനമൈത്രി പോലീസ് നിലവില്‍ വരുന്നത്. 2011ലാണ് അതിലേക്ക് ആദ്യമായി റിക്രൂട്ട്‌മെന്റ് നടത്തിയത്. 786 തസ്തികകളിലേക്ക് മാത്രമായിരുന്നു അത്. 2008 മുതല്‍ പുതിയ ആളെ എടുക്കും വരെ ഈ ജോലി കൂടി ചെയതത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
മുന്‍പ് പറഞ്ഞത് പോലെ പോലീസിനെ പോലീസിങ് ജോലിയ്ക്ക് വേണ്ടി മാത്രം നിയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍, പാലക്കാട് കെപി 2 ബറ്റാലിയനില്‍ 100-113 വേക്കന്‍സികള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുക. യഥാര്‍ത്ഥത്തിലുള്ള ഒഴിവുകളുമായി കണക്ക് കൂട്ടുമ്പോള്‍ ഇത് ചെറുതാണ്. പോലീസ് ആസ്ഥാനത്ത് നിന്നാണ് ഒഴിവുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ അത് കൃത്യമായി അവര്‍ കൊടുക്കില്ല. അതിന് കാരണം സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന നിര്‍ദേശങ്ങള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യക്കാരെ തിരുകി കയറ്റി കഴിഞ്ഞാല്‍ റദ്ദാക്കുന്ന റാങ്ക് ലിസ്റ്റ്
ഈ മെയ് മാസത്തില്‍ പോലീസില്‍ നിന്ന് വിരമിച്ചത് 3,000ത്തോളം പേരാണ്. എന്നാല്‍ അതിന് അനുസരിച്ചുള്ള മാസ് റിക്രൂട്ട്‌മെന്റ് കേരളത്തില്‍ നടക്കുന്നില്ല. പകരം വിരമിക്കലിന് തൊട്ട് മുന്‍പായി 5,000ത്തോളം പേരുള്ള സിപിഒ റാങ്ക് പട്ടിക റദ്ദാക്കപ്പെടുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയപ്പോള്‍ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ കിട്ടിയത് മൂന്നിലൊന്ന് ആളുകള്‍ക്ക് മാത്രമാണ്. ആവശ്യക്കാരെയെല്ലാം തിരികി കയറ്റി കഴിഞ്ഞപ്പോള്‍ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കി. ഇനി അടുത്ത ലിസ്റ്റ് തയ്യാറാവും വരെ സര്‍ക്കാരിന് സമയം കിട്ടുകയാണ്. അത് വരെ ഈ വിരമിച്ച ആളുകളുടെ ജോലി കൂടി വകുപ്പിലുള്ളവരുടെ തലയിലാവും. ഇനി ഒരു അപേക്ഷ ക്ഷണിച്ച് അതിന് ലിസ്റ്റ് ആയി വരുമ്പോഴേക്കും രണ്ട് വര്‍ഷമാണ് എടുക്കുന്നതെന്ന് ഓര്‍മിക്കണം. പരീക്ഷയും ഫിസിക്കല്‍ ടെസ്റ്റുമൊക്കെ കഴിയണം.
മുന്‍ എസ് പി സുഭാഷ് ബാബു ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍-
കഞ്ഞി കുടിച്ചാലും സമാധാനമായി കഴിക്കണം എന്നാണല്ലോ. ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ആവശ്യം സമാധാനമാണ്. ഈ സമാധാനം കിട്ടണമെങ്കില്‍ ജനവും പോലീസും ഒരുപോലെ വിചാരിക്കണം. സമൂഹത്തിലെ കള്ളന്‍മാരും പ്രശ്‌നക്കാരുമായവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് പോലീസാണ്. അതിന് പോലീസിന് ജോലി ചെയ്യാവുന്ന അവസ്ഥയുണ്ടാവണം. അതിന് തടസം നില്‍ക്കുന്നത് പോലീസിന്റെ ക്ഷേമം ഉറപ്പാക്കേണ്ട പോലീസ് അസോസിയേഷന്‍ അടക്കമുള്ളവരാണ്.
സ്‌റ്റേഷനില്‍ എസ് ഐയോ സിഐയോ ഒക്കെ ഉണ്ടാവും. പക്ഷെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അസോസിയേഷനുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഉള്ളയാളായിരിക്കും.
പോലീസിന്റെ അധികാരശ്രേണി പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ഇവരാണ് ഡിപ്പാര്‍ട്ടമെന്റിലെ യഥാര്‍ത്ഥ ശാപമെന്നും സുഭാഷ് ബാബു പറയുന്നു.
സിപിഒ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരാണ് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മുതലുള്ള എല്ലാകാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. അതിന് മുകളിലുള്ളവരെല്ലാം കല്‍പ്പന പുറപ്പെടുവിക്കുകയും അത് അനുസരിക്കാതെ ഇരിക്കുകയോ അവര്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നവരെ വലിച്ച് താഴെയിടുകയും ചെയ്യുന്നവരാണ്. അതാണ് അവരുടെ രീതി. ഈ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെല്ലാം രണ്ടോ മൂന്നോ പോലീസുകാര്‍ സുരക്ഷയ്ക്കായി കാണും.
ഒരിടത്ത് ഇരുന്ന് കല്‍പ്പിക്കുന്ന അവര്‍ക്കാണോ സംഭവ സ്ഥലത്ത് പോയി നില്‍ക്കുന്ന സിപിഒ മുതലുള്ളവര്‍ക്കാണോ ഇത്തരം സുരക്ഷ വേണ്ടത്.
അംഗബലമില്ലാതെ സേന കഷ്ടപ്പെടുമ്പോള്‍ ഇത്തരത്തില്‍ സേനയെ വിന്യസിപ്പിക്കുന്നത് എന്തിനെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ ജെ ജോസഫ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിരുന്നവരെ തിരികെ വിളിച്ചിരുന്നു. ഏകദേശം 4000ത്തോളം പോലീസുകാര്‍ ആണ് അന്ന് തിരികെ ലൈവ് ഡ്യൂട്ടിയിലേക്ക് എത്തിയത്. പക്ഷെ പിന്നീട് എല്ലാം പതിയെ പഴയ അവസ്ഥയിലേക്ക് തന്നെ പോയി. ഇപ്പോ അന്നത്തേക്കാള്‍ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണ് സേനയിപ്പോഴെന്നും അദ്ദേഹം പറയുന്നു.
ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും നല്‍കണം
പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തും നേരത്തെ രംഗത്തെത്തിയിരുന്നു.
രാത്രികാല പട്രോളിങ് സമയത്ത് പോലീസുകാര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കണം. പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. വരും നാളുകളില്‍ ഇത് സംബന്ധിച്ച ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് സര്‍ക്കാര്‍ ?
പോലീസിലെ അംഗബല കുറവിന്റെ വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളും നിരന്തരം വരുമ്പോഴും നിയമനം നടത്താതെയിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ഏപ്രിലില്‍ 7 ബറ്റാലിയനുകളിലേക്കു തയ്യാറാക്കിയ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം പിഎസ്സി പകുതിയോളമായി വെട്ടിക്കുറച്ചത് വിവാദമായിരുന്നു. അതിനു മുന്‍പ് പുറത്തിറക്കിയ പട്ടികയില്‍ 13,975 പേരെ ഉള്‍പ്പെടുത്തിയിട്ട് 32% പേര്‍ക്കു മാത്രമാണ് ജോലി നല്‍കിയത്.
അതായത് 4,029 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്. അതില്‍ 703 ഒഴിവുകള്‍ എന്‍.ജെ.ഡിയാണ്. 2019ലെ വിജ്ഞാപനമനുസരിച്ച് തയ്യാറാക്കിയതാണ് റാങ്ക്പട്ടിക. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ പുരുഷ പൊലീസിന്റെ 3,326 ഒഴിവുകളില്‍ മാത്രമാണ് നിയമനം നടത്തിയത്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 5,610 പേര്‍ക്ക് നിയമനം നല്‍കിയിരുന്നു. മുന്‍ റാങ്ക് ലിസ്റ്റിലേതിനാക്കാള്‍ 3,035 പേരെക്കൂടി നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതീക്ഷ നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ പറ്റിച്ചത്. പൊലീസിന്റെ ജോലിഭാരവും സമ്മര്‍ദവും കുറയ്ക്കാന്‍ കൂടുതല്‍ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നതുമാണ്.
13,975 പേരുടെ ലിസ്റ്റ്
നിയമനം 4,029 പേര്‍ക്ക്
നിലവില്‍ വന്നത്: 2023 ഏപ്രില്‍ 13
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: 13,975
നിയമനം കിട്ടിയവര്‍: 4,029
കൂടുതല്‍ പേര്‍ തൃശൂര്‍ (കെ.എ.പി -2): 2456
കുറവ് എറണാകുളം (കെ.എ.പി -1): 1449
രണ്ടു മാസത്തോളമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥിക പ്രക്ഷോഭം നടത്തിയത്.
മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ നിയമന ശുപാര്‍ശ കുത്തനെ കുറച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിതന്നെയാണ് ഇത്. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമല്ല, പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെയും നിരാശരാക്കുന്നു.മുന്‍ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണ നിയമനം തീര്‍ത്തും ശുഷ്‌കമാണ്. മുന്‍പില്ലാത്ത രീതിയില്‍ പ്രലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തിയാണ് പിഎസ്സി ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പരീക്ഷാസമയത്ത് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായ ഇരട്ടി ബുദ്ധിമുട്ടിനു പരിഹാരമായി കൂടുതല്‍ നിയമനം നടക്കുമെന്നു പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം വെറുംവാക്കായി. മുന്‍ സിപിഒ റാങ്ക് ലിസ്റ്റില്‍നിന്ന് 51% പേര്‍ക്കു നിയമന ശുപാര്‍ശ ലഭിച്ചപ്പോഴാണ് ഇത്തവണ 32 ശതമാനത്തിലേക്കു കൂപ്പുകുത്തിയത്.പ്രായപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ ഭൂരിപക്ഷത്തിന്റെയും അവസാന അവസരമാണ് ഇത്തവണത്തേത്.
അതിന് ശേഷം ഇറക്കിയ പുതിയ ലിസ്റ്റില്‍ ആകെ 6,647 പേര്‍ മാത്രം. മെയിന്‍ ലിസ്റ്റില്‍ 4725 പേരും സപ്ലിമെന്ററി ലിസ്റ്റില്‍ 1922 പേരും. കഴിഞ്ഞ തവണ പ്രിലിമിനറി, മെയിന്‍ പരീക്ഷകളും കായികക്ഷമത ടെസ്റ്റും നടത്തി വലിയ പട്ടിക പ്രസിദ്ധീകരിച്ചത് പരമാവധി പേര്‍ക്ക് നിയമനം നല്‍കാനാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. അതാണ് അവിടെ അട്ടിമറിക്കപ്പെട്ടത്.
English Summary: Kerala’s financial crisis hit Kerala Police