ദി കാരവാന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനം അനുമതിയോടു കൂടി മലയാള പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്നു. (ഒന്നാം ഭാഗം –രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ, രണ്ടാം ഭാഗം: കേശവ് കുഞ്ജ് സ്ഥിതി ചെയ്യുന്ന ഭൂമിയും തര്‍ക്കങ്ങളും ആര്‍ എസ് എസിന്റെ ചില ചരിത്രങ്ങളും , മൂന്നാം ഭാഗം-രേഖകളിലില്ലാത്ത, സാമ്പത്തിക പരിശോധനകളും നികുതിയും നിയമങ്ങളും ബാധകമല്ലാത്ത ആര്‍.എസ് എസ് , നാലാം ഭാഗം; ആര്‍.എസ്.എസ് എന്ന അരൂപിയായ ഭൂതവും അതിന്റെ വളര്‍ച്ചയും. അഞ്ചാം ഭാഗം; ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസുകളും സംഘടന സംവിധാനങ്ങളും) ദി കാരവാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം; The RSS Does Not Exist; Mapping the hidden structure of an unaccountable organisation
ഡല്‍ഹിയിലെ ആര്‍.എസ്.എസിന്റെ പുതിയ ആസ്ഥാനമായ കേശവ കുഞ്ജിനകത്ത് ഞാന്‍ കയറുന്നത്, കെട്ടിടത്തിന്റെ ഉത്ഘാടനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഫെബ്രുവരി നാലിനാണ്. ഏതെങ്കിലും ആര്‍.എസ്.എസ് നേതാവ് ഗേറ്റിലെ സുരക്ഷാഭടന്മാര്‍ക്ക് നമ്മുടെ പേര് നല്‍കിയാല്‍ മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ. സാധന എന്ന് വിളിക്കപ്പെടുന്ന ആദ്യ ഗോപുരത്തിന്റെ താഴത്തെ നിലയില്‍ സുരുചി പ്രകാശന്‍-എന്ന ആര്‍.എസ്.എസ് പ്രസാധക സ്ഥാപനത്തിന്റെ പുസ്തകശാലയാണ്. അവിടെ ഒരു ഹാള്‍ അശോക് സിംഘലിന്റെ പേരിലുള്ളതാണ്. രാമജന്മഭൂമി മുന്നേറ്റത്തെ നയിച്ചിരുന്ന, വിശ്വഹിന്ദു പരിഷദിന്റെ അക്കാലത്തെ അധ്യക്ഷനായിരുന്നു അശോക് സിംഘല്‍. അതിന് മുകളിലുള്ള നിലകള്‍ ആര്‍.എസ്.എസിന്റെ വിവിധ ഘടകങ്ങള്‍ക്ക് വേണ്ടി നല്‍കിയിരിക്കുകയാണ്. കോണ്‍ഫറന്‍സ് ഹാളുകള്‍, ഓഫീസ്, അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയ്ക്കായുള്ള ചില മുറികള്‍, ഒരു ലൈബ്രറി, ഒരു ആര്‍കൈവ്സ്, സംഘപരിവാര്‍ മുഖപ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയ്ക്കും ഓര്‍ഗനൈസറിനുമുള്ള സ്റ്റുഡിയോകള്‍ എന്നിവയും അവിടെ ഉണ്ട്. രണ്ടാമത്തെ ഗോപുരത്തിലേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. താഴെ ക്ഷേത്രവും മുകളില്‍ പ്രചാരകര്‍ക്കുള്ള മുറികളുമാണ്. രണ്ടാമത്തെ ഗോപുരത്തിലേക്കുള്ള വഴിയില്‍ ഒരു പൂന്തോട്ടവും ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവാറിന്റെ പ്രതിമയും ഉണ്ട.് അവിടെയാണ് സംഘപരിവാര്‍ ശാഖകള്‍ നടക്കുക. അതിനപ്പുറം ഒരു വലിയ ഇരുമ്പ് കവാടമാണ്. അതിന് പുറകില്‍ മൂന്നാമത്തെ ഗോപുരത്തിന്റെ പണികള്‍ നടക്കുന്നു. അര്‍ച്ചന എന്ന് പേരിട്ടിട്ടുള്ള ആ കെട്ടിടത്തിലാകും ആര്‍.എസ്.എസിന്റെ അനുബന്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസസൗകര്യം.
അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ (എ.ബി.ഐ.എസ്.വൈ) സംഘടന സെക്രട്ടറി ബാലമുകുന്ദ് പാണ്ഡേയെ സന്ദര്‍ശിക്കുകയായിരുന്നു ഞാന്‍. പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരോട് മാധ്യമപ്രവര്‍ത്തകയാണ് എന്ന് പറയരുത് എന്നദ്ദേഹം ചട്ടം കെട്ടിയിരുന്നു. എ.ബി.ഐ.എസ്.വൈയുടെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു പാണ്ഡേ. ഒരു ചെറിയ പൂജപീഠം, ഒരാള്‍ക്ക് കിടക്കാവുന്ന ഒരു കട്ടില്‍, ചെറിയൊരു മേശ, ഒരു അലമാര എന്നിവയും ഒരു ചെറിയ ബാല്‍ക്കണിയുമുള്ള മുറിയായിരുന്നു അത്. ആ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ തന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള, ഒരു പൊടിപോലുമില്ലാതെ തിളങ്ങുന്ന മുറിയായിരുന്നു. വെളുത്ത തറയോടുകളും നല്ല പ്രകാശവും. ഞങ്ങള്‍ക്കൊപ്പം മുറിയില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ‘ഞാനാണ് അദ്ദേഹത്തെ വിളിച്ചത്’- പാണ്ഡേ പറഞ്ഞു. ‘നിങ്ങളൊരു പെണ്‍കുട്ടിയാണ്. ഞാന്‍ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍. ഭരണഘടന അനുസരിച്ച് ഒരാള്‍ ഒരു പെണ്‍കുട്ടിയോടോ സ്ത്രീയോടോ ഒറ്റയ്ക്കൊരു മുറിയില്‍ സംസാരിക്കാന്‍ പാടില്ല.” അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയെ അല്ലായിരുന്നു ഉദ്യേശിച്ചത്. ‘ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള’ ആ ഭരണഘടനയിലാണ് ‘സമൂഹം എങ്ങനെ പ്രവര്‍ത്തിക്കണം’ എന്നതിനെ കുറിച്ച് സൂചനകളുള്ളത്. ‘ഭീം റാവു അംബേദ്കര്‍ നിര്‍മ്മിച്ച ഭരണഘടന ഒരു അന്തിമമായതല്ല’ എന്നതില്‍ അദ്ദേഹം ഊന്നി. കൂറേ കൂടി അമൂര്‍ത്തമായ, എഴുതപ്പെടാത്ത ഒരു ഭരണഘടനയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ”അതാണ് ഞങ്ങളുടെ ഭരണഘടന, കാലങ്ങളോളമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അത് മനുസ്മൃതിയിലുണ്ട്, മഹാഭാരതത്തിലുണ്ട്. അത് നിങ്ങള്‍ക്ക് എവിടേയും കണ്ടെത്താനാകും.’-അദ്ദേഹം വിശദീകരിച്ചു.
എ.ബി.ഐ.എസ്.വൈ ‘ചരിത്രം മാറ്റിയെഴുതാനാണ്’ പ്രവര്‍ത്തിക്കുന്നത്- പാണ്ഡേ പറഞ്ഞു. 2017-ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ‘ഇന്ത്യന്‍ ചരിത്രത്തിന്റെയും ചരിത്രരചനയുടെയും ഉറവിടങ്ങള്‍’ കണ്ടെത്തുന്നത് 20 ലക്ഷം രൂപ നല്‍കി. അടുത്ത വര്‍ഷം ഗുവഹാത്തിയില്‍ ‘പുരുഷാര്‍ത്ഥ ചതുഷ്ഠിയ’ എന്ന പേരില്‍ ഹൈന്ദവേതിഹാസ ഗ്രന്ഥങ്ങള്‍ അനുസരിച്ചുള്ള മനുഷ്യജീവിതത്തിന്റെ നാല് ലക്ഷ്യങ്ങള്‍ സംബന്ധിച്ച ദേശീയ സമ്മേളനം നടത്താന്‍ സാംസ്‌കാരിക വകുപ്പ് എ.ബി.ഐ.എസ്.വൈയ്ക്ക് 40 ലക്ഷം രൂപ നല്‍കി.
റൊമീല ഥാപര്‍, ഡി.എന്‍.ഝാ പോലുള്ളവര്‍ക്കാണ് ഇന്ത്യന്‍ ചരിത്ര രചനയില്‍ ആധിപത്യമുണ്ടായിരുന്നതെന്നാണ് പാണ്ഡെ പറയുന്നത്. ‘ഇവരെല്ലാം വിദേശ ചിന്തകളുള്ള പുതു ചരിത്രകാരരാണ്. ഇവര്‍ക്ക് ഇന്ത്യയെ കുറിച്ച് ഒന്നുമറിയില്ല’-എന്നും പാണ്ഡെ വിശദീകരിച്ചു. ഇന്ത്യന്‍ സ്രോതസുകള്‍ പ്രകാരമുള്ള പുതിയ രചനകള്‍ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പാണ്ഡേ പറഞ്ഞു. ‘നമ്മളെ അവമതിക്കുന്ന’ ‘നെഗറ്റീവ് ചരിത്ര രചനയും’ നമ്മുടെ മാര്‍ഗ്ഗ ദീപമാകേണ്ട ‘പോസിറ്റീവ് ചരിത്ര രചനയും’ തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഹൈന്ദവേതിഹാസ ഗ്രന്ഥങ്ങളില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും സംസ്‌കൃത രചനകളില്‍ നിന്നും ചരിത്രത്തിന് പുതിയ ഒരു നിര്‍വചനം സൃഷ്ടിച്ചെടുക്കണം. അതിന് ചരിത്ര രചനാ പഠനത്തിനൊപ്പം പുതിയൊരു ഗവേഷണ രീതിശാസ്ത്രവും നമുക്ക് സൃഷ്ടിച്ചെടുക്കണം’-അദ്ദേഹം പറഞ്ഞു.
ഈ രീതിശാസ്ത്രത്തിന് ചില സര്‍ഗാത്മക ഇടപെടലുകള്‍ കൂടി ആവശ്യമുണ്ട്. ‘ബ്രിട്ടീഷുകാര്‍ നല്‍കിയ റഫറന്‍സുകള്‍ മാത്രം വച്ച് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല.’-പാണ്ഡേ പറഞ്ഞു. ‘അപ്പോള്‍ നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ത്യന്‍ സ്രോതസുകളില്‍ നിന്ന് വേണം യഥാര്‍ത്ഥ ചരിത്രം നമുക്കുണ്ടാക്കാന്‍.’ ചരിത്രകാരന്മാര്‍ രേഖാശേഖരണമായി ഉപയോഗിക്കേണ്ടത് ‘മഹാഭാരതം, വേദങ്ങള്‍, രാം ഗ്രന്ഥ്, ഉപനിഷദ്, ഗീത, ഗുരു ഗ്രന്ഥസാഹിബ്’ തുടങ്ങിയവ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആര്യന്മാര്‍ പുറത്ത് നിന്ന് വ ന്നവരല്ല (ആര്‍.എസ്.എസ് കുറച്ച് കാലമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ചരിത്രനിഷേധപരമായ നിലപാട്) എന്ന കാര്യം യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ അംഗീകരിച്ചുവെന്നും അത് ഉടന്‍ തന്നെ സ്‌കൂള്‍ പാഠ്യപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ ചില വസ്തുതകള്‍ ഒഴിവാക്കാന്‍ തീരുമാനങ്ങളെടുക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും വിദ്യാഭ്യാസ ഘടകത്തെ നിയന്ത്രിക്കാന്‍ എത്രയോ കാലമായി ആര്‍.എസ്.എസ് ശ്രമിക്കുന്നു. 2023-ല്‍ എന്‍.സി.ഇ.ആര്‍.ടി. സ്‌കൂള്‍ പാഠ്യപുസ്തകങ്ങളിലെ ആര്‍.എസ്,എസ് നിരോധനം ഒഴിവാക്കുകയും ഹൈന്ദവ തീവ്രവാദത്തേയും ഗോഡ്സെയും കുറിച്ചുള്ള പാഠങ്ങളെ മയപ്പെടുത്തുകയും ചെയ്തു. അതിനും ഒരു വര്‍ഷം മുമ്പ് 2002-ലെ ഗുജറാത്ത് മുസ്ലീം വംശഹത്യ അക്കാലത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കാവലിലാണ് നടന്നത് എന്നുള്ള പരാമര്‍ശങ്ങളും മുഗള്‍ കോടതികളെ കുറിച്ചുള്ള പാഠവും ദളിത് എഴുത്തുകാരന്‍ ഓംപ്രകാശ് വാല്‍മീകിയെ കുറിച്ചുള്ള പരാമര്‍ശവും അടക്കം പിന്‍വലിച്ചു.
ആ ഗോപുരം ഏതാണ്ട് പൂര്‍ണമായും ആര്‍.എസ്.എസിന്റെ സൈദ്ധാന്തിക പരിപാടികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്ന് തോന്നുന്നു. ശ്രീ കേശവ് സ്മാരക സമിതിയുടെ അധ്യക്ഷനായ അലോക് കുമാര്‍ എന്നോട് പറഞ്ഞത് ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത, എന്നാല്‍ രാജ്യത്തിന് വേണ്ടി ‘ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്ന’ പല സംഘടനള്‍ക്കും അവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട് എന്നാണ്. ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ മാധ്യമങ്ങളേയും സുരുചി പ്രകാശന്‍ എന്ന പ്രസാധകരേയുമാണ്. സുരുചി ‘ദേശീയത പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്ന സ്ഥാപന’മാണ് എന്നാണ് അലോക് പറഞ്ഞത്. ഇവയെല്ലാം ആര്‍.എസ്.എസിന്റേത് തന്നെയല്ലേ എന്ന എന്റെ ചോദ്യം അദ്ദേഹം നിഷേധിച്ചു. സുരുചി സാഹിത്യ, പ്രജ്ഞാ പ്രവാഹ് എന്നീ എന്ന ട്രസ്റ്റുകളാണ് സുരുചി പ്രസാധന്‍ നടത്തുന്നത്. ‘പ്രഞ്ജാ പ്രവാഹ് ദേശീയ വാദികളായ ഹിന്ദുക്കളുടെ ഗവേഷണ, പ്രചരണ സ്ഥാപനമാണ്.’-അദ്ദേഹം വിശദീകരിച്ചു. ‘അത് പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധിക പുനുരുജ്ജീവനത്തിന് വേണ്ടിയാണ്. അത് വഴി മാത്രമേ മനസിനെ അപകോളനീകരിക്കാന്‍ കഴിയുകയുളളൂ.’- അലോക് കുമാര്‍ പറഞ്ഞു. എന്തായാലും പ്രജ്ഞാ പ്രവാഹിന്റെ ഇപ്പോഴത്തെ മേധാവി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് (മലയാളിയുമായ) ജെ.നന്ദകുമാറാണ്.
എന്റെ രണ്ടാമത്തെ കേശവ് കുഞ്ജ് സന്ദര്‍ശനം ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ പ്രദേശത്തുള്ള ഗുജറാത്തി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്റെ അത്രയൊന്നും അറിയപ്പെടാത്തെ ഒരു ഘടകമായ ഭാരത് ഭാരതി സംഘടിപ്പിച്ച ഒരു ചെറിയ പരിപാടിയുടെ തുടര്‍ച്ചയായാണ്. കുംഭമേള കഴിഞ്ഞ് അപ്പോള്‍ തിരിച്ചെത്തിയ, ആര്‍.എസ്.എസ് ഡല്‍ഹി പ്രാന്ത് കാര്യവാഹ് അനില്‍ ഗുപ്ത ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ‘നമ്മുടെ രാജ്യത്ത് ക്ഷേത്രമാണ് ഒരു നഗരത്തെ നിയന്ത്രിക്കുന്നത്. നിങ്ങളേത് രാജ്യത്ത് പോയി നോക്കിയാലും പള്ളികള്‍ നടത്തുന്നത് പൊതുജനങ്ങളാണ് എന്ന് കാണാം. പൊതുജനങ്ങള്‍ വരാതായാല്‍ പള്ളിയുടെ പ്രവര്‍ത്തനം സ്തംഭിക്കും. മുസ്ലീം പള്ളികളും അങ്ങനെ തന്നെ. ജനം മസ്ജിദില്‍ പോയില്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം നില്‍ക്കും. ഇന്ത്യയില്‍ അങ്ങനെയല്ല. സോമനാഥ ക്ഷേത്രമാണ് ഒരു നഗരത്തെ നിയന്ത്രിക്കുന്നത്, മഹാകാല്‍ ക്ഷേത്രമാണ് ആ നഗരത്തെ നിയന്ത്രിക്കുന്നത്. രാമക്ഷേത്രം അയോധ്യയെ ഒന്നാകെ പരിവര്‍ത്തനം ചെയ്തു.’-അദ്ദേഹം പ്രസംഗിച്ചു.
ഭാരത് ഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത ഏതാണ്ട് അറുപത് പേരുടേയും വിവരങ്ങള്‍ ആര്‍.എസ്.എസിന്റെ കൈവശം ഉണ്ടായിരുന്നു. എന്തെങ്കിലും ഒക്കെ പേര് പറഞ്ഞ് ഈ അറുപത് പേരേയും, അവര്‍ക്ക് സ്വയമൊരു പ്രധാന്യം തോന്നാനാകും, സംഘാടകര്‍ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു. പിന്നീടവരെല്ലാം കേശവ് കുഞ്ജിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. രജൗരി ഗുജറാത്ത് സമൂഹത്തില്‍ നിന്നുള്ള ഏതാണ്ട് ഇരുപതോളം മധ്യവയസ്‌കരായ പുരുഷന്മാരും കുറച്ച് സ്ത്രീകളും ഇതിനെത്തി. അവിടെ ഞങ്ങളെ രണ്ട് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് അഭിമുഖീകരിച്ച് സംസാരിച്ചത്. വിജയ് പട്ടേലും വി.വേണുഗോപാലും. വി.വേണുഗോപാല്‍ കേശവ് കുഞ്ജിലെ മനേജ്മെന്റ് വിഭാഗത്തിലെ അംഗമാണ്. സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തേക്കാള്‍ താത്പര്യം പുതിയ കെട്ടിടം കാണുന്നതിലും ഇടത്തട്ടിലുള്ള നേതാക്കളെ പരിചയപ്പെടുന്നതിലും ആയിരുന്നു. ചിലരെല്ലാം ഫോണ്‍ നമ്പറുകളെല്ലാം കൈമാറി. കേശവ് കുഞ്ജ് സന്ദര്‍ശനത്തിനൊടുവില്‍ വേണുഗോപാല്‍ പറഞ്ഞു, ‘നിങ്ങള്‍ക്കിനി പാര്‍ലമെന്റ് കാണാനുള്ള അവസരം ഞങ്ങളുണ്ടാക്കി തരാം.’
നേതാക്കളെന്താലും ഹിന്ദുരാഷ്ട്രത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. ആര്‍.എസ്.എസിന്റെ വിവിധ ഉപവിഭാഗങ്ങളെ കുറിച്ചും പുതിയ ഓഫീസിനെ കുറിച്ചും മാത്രമേ പറഞ്ഞുള്ളൂ. പിന്നീട് ഞങ്ങളെ ഝണ്ഡേവാലന്‍ ക്ഷേത്രത്തിലേക്ക് പിന്‍വശത്തുള്ള ഒരു വാതിലിലൂടെ അവര്‍ ആനയിച്ചു. ആ കവാടം ആര്‍.എസ്.എസിന് മാത്രം ഉപയോഗിക്കാനുള്ളതാണ്. Keshav Kunj and the historical perspective of RSS
തുടരും.
(നാളെ: ഝണ്ഡേവാലന്‍ ക്ഷേത്രവും ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രവേശവും)
കാരവാന്‍ മാഗസിന്റെ സ്റ്റാഫ് റൈറ്റര്‍ ആണ് അമൃത സിംഗ്
വിവര്‍ത്തനം: ശ്രീജിത്ത് ദിവാകരന്‍
Content Summary; Keshav Kunj and the historical perspective of RSS
This post was last modified on July 26, 2025 9:09 am
Leave a Comment