ആര്‍ട്ടിക്കിള്‍ 26ന്റെയും ലംഘനമോ?
ഇസ്‌ലാമിക മത വിശ്വാസങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് വഖഫ് എന്നത്. ഇത് മതപരമായ ബാധ്യതയല്ല, മറിച്ച് മതപരമായ ചാരിറ്റിയാണ്. വഖ്ഫ് നല്‍കുമ്പോള്‍ ഒരു വിശ്വാസി താന്‍ സമ്പാദിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ സ്വത്ത് ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കുകയും ആ സ്വത്തില്‍ നിന്നുള്ള ആനുകൂല്യം ദാനധര്‍മ്മത്തെക്കുറിച്ചുള്ള ഇസ്ലാമിക ധാരണയുമായി പൊരുത്തപ്പെടുന്ന ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. ഒരു സ്വത്ത് വഖഫ് ആയി സ്ഥാപിച്ചുകഴിഞ്ഞാല്‍ അത് പിന്‍വലിക്കാന്‍ കഴിയില്ല. മറ്റ് മതങ്ങള്‍ക്കും സമാനമായ സംവിധാനങ്ങളുണ്ട്. എന്‍ഡോവ്‌മെന്റുകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളുമെല്ലാം ഇക്കൂട്ടത്തില്‍ വരും. Waqf Amendment Bill.
1.2 ലക്ഷം കോടി രൂപയുടെ സ്വത്ത്
രാജ്യത്ത് ഏകദേശം 30 വഖഫ് ബോര്‍ഡുകളിലായി 9 ലക്ഷം ഏക്കറിലധികം വരുന്ന ഭൂമിയാണ് വഖഫ് ബോര്‍ഡിന്റെ ഭാഗമായുള്ളത്. ഇതിന്റെ മതിപ്പ് വില ഏകദേശം 1.2 ലക്ഷം കോടി രൂപയോളം വരും. അതായത് ഇന്ത്യന്‍ റെയില്‍വേയ്ക്കും പ്രതിരോധ മന്ത്രാലയത്തിനും ശേഷം മൂന്നാമത്തെ വലിയ ഭൂവുടമകളാണ് വഖഫ് ബോര്‍ഡുകള്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്നത് 1995ലെ വഖഫ് നിയമമാണ്. ഇത് പരിഷ്‌കരിക്കാനാണ് 40ലധികം ഭേദഗതികളുമായി പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം അടക്കമുള്ളവര്‍ ബില്ലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഏകീകൃത വഖഫ് മാനേജ്‌മെന്റ് ആണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ പുതിയ ബില്ലിലെ ചട്ടങ്ങളിലെ വിവേചനം അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം ചോദ്യശരം ഉയര്‍ത്തുന്നത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ പരിശോധനക്ക് വിട്ടിരിക്കുകയാണ്.
വഖഫ്(ഭേദഗതി) ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍
ആര്‍ട്ടിക്കിള്‍ 26ന്റെയും ലംഘനമോ?
നിര്‍ദിഷ്ട ഭേദഗതികള്‍ മുസ്ലീം പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമല്ല, മതപരമായ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെയും ലംഘനമാണെന്നാണ് പ്രതിപക്ഷം അടക്കം വ്യക്തമാക്കുന്നത്. മുസ്ലീങ്ങളുടെ സ്വകാര്യ സ്വത്തുക്കള്‍ പോലും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന കാലത്താണ് ഇത്തരമൊരു നിയമം കൂടി വരുന്നതെന്നത് അവര്‍ ചൂണ്ടികാണിക്കുന്നു. ഏഴ് പതിറ്റാണ്ടിലധികമായി നിലനിന്നിരുന്ന നിയമത്തിന് മേലുള്ള കടന്ന് കയറ്റം അട്ടിമറി നീക്കമാണെന്നാണ് ലീഗ് അടക്കമുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ വഖഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമാണ്. അവിടേക്ക് വീണ്ടും നിയന്ത്രണങ്ങളും വ്യവസ്ഥകളുമായി വരുന്നത് ആ സ്വത്തുക്കളില്‍ അമിത അധികാരം ലക്ഷ്യമിട്ടാണ്. കൈയേറ്റക്കാര്‍ക്ക് ബില്‍ പാസാകുന്നതോടെ വഖഫ് സ്വത്തുക്കള്‍ വളരെ എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന അവസ്ഥയാണ് വന്നു ചേരുകയെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ അമ്പലങ്ങളുടെയും ദേവസ്വങ്ങളുടെയും ഭരണത്തില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? പുതിയ ഭേദഗതി ദുരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇപ്പോള്‍ മുസ്ലിം ആണെങ്കില്‍ ഇതേ വ്യവസ്ഥകള്‍ ക്രിസ്ത്യാനികള്‍ക്കും ജൈനമാര്‍ക്കുമെല്ലാമായി കൊണ്ടുവരാമെന്നും പ്രതിപക്ഷം പറയുന്നു. ഭരണഘടനയുടെ 14,15,27 ഭേദഗതികളുടെ ലംഘനമാണെന്ന് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചപ്പോള്‍ മതാടിസ്ഥാനത്തില്‍ ജനത്തെ ധ്രുവീകരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
English summary: Key amendments, concerns raised in Lok Sabha on Waqf Amendment Bill