ഖാലിദ സിയയുടെ രാഷ്ട്രീയം അവരുടെ ജീവിതം തന്നെയായിരുന്നു. അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയായിരുന്ന ദിനാജ്പൂര്‍ ജില്ലയില്‍ 1945 അല്ലെങ്കില്‍ 1946 ലാണ് ഖാലിദ ഖാനം പുതുല്‍ ജനിച്ചത്. അഞ്ച് സഹോദരങ്ങളില്‍ മൂന്നാമത്തെയാളായിരുന്നു ഖാലിദ. ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ അവരുടെ ജനനത്തീയതി കൃത്യമായ ഒരു വിവാദ വിഷയമായിരുന്നു. അവരുടെ പിതാവ് ഇസ്‌കന്ദര്‍ മജുംദാര്‍ ഒരു ചായക്കച്ചവടക്കാരനും അമ്മ തയ്യബ മജുംദാര്‍ ഒരു വീട്ടമ്മയുമായിരുന്നു. പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങള്‍ പ്രകാരം ഖാലിദ ദിനാജ്പൂരിലെ ഹൈസ്‌കൂളില്‍ പഠിച്ചതായി പറയുന്നുണ്ട്. എന്നിരുന്നാലും അവരുടെ തുടര്‍ വിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല.
1971-ല്‍ പാകിസ്ഥാനെതിരായ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം റേഡിയോയിലൂടെ പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. 1975-ല്‍ ബംഗ്ലാദേശ് സ്ഥാപകന്‍ ഷേഖ് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയിലാണ് സിയാവുര്‍ റഹ്‌മാന്‍ അധികാരത്തിലേക്ക് വരുന്നത്. 1977-ല്‍ അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റു.
1978-ല്‍ ജനറല്‍ സിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രൂപീകരിച്ചു. പാകിസ്ഥാന്‍ അനുകൂല ചിന്താഗതിയുള്ളവരെയും ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഒരു ‘വലതുപക്ഷ’ രാഷ്ട്രീയമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 1981-ല്‍ ചിറ്റഗോങ്ങില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിനിടെ ജനറല്‍ സിയ വധിക്കപ്പെട്ടു. ഇതോടെയാണ് ഒരു സാധാരണ വീട്ടമ്മയായിരുന്ന ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതയായത്.
ഭര്‍ത്താവിന്റെ മരണശേഷം ബി.എന്‍.പി.യുടെ നേതൃത്വം ഏറ്റെടുത്ത ഖാലിദ, പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തമാക്കി. 1991-ല്‍ ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ ചരിത്രം കുറിച്ചു. ആകെ മൂന്ന് തവണ (1991, 1996, 2001) അവര്‍ രാജ്യം ഭരിച്ചു.
ഷേഖ് ഹസീനയുടെ പാര്‍ട്ടി ഇന്ത്യയോട് കൂടുതല്‍ അടുപ്പം കാണിച്ചപ്പോള്‍, ഖാലിദ സിയ ‘ബംഗ്ലാദേശി ദേശീയത’ എന്ന ആശയത്തിലാണ് ഊന്നിയത്. ചൈനയോടും സൗദി അറേബ്യയോടും പാകിസ്ഥാനോടും കൂടുതല്‍ അടുപ്പമുള്ള വിദേശനയമാണ് അവര്‍ സ്വീകരിച്ചത്.
ജമാഅത്തെ ഇസ്ലാമി പോലുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് അവരുടെ രാഷ്ട്രീയത്തെ സ്വാധീനിച്ചു. ഇത് പിന്നീട് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളരാന്‍ അവസരമുണ്ടാക്കി എന്ന വിമര്‍ശനത്തിനും വഴിവെച്ചു.
‘ബാറ്റിലിംഗ് ബീഗംസ്’ ബംഗ്ലാദേശ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി തളച്ചിട്ടത് ഈ രണ്ട് വനിതകള്‍ തമ്മിലുള്ള വ്യക്തിപരമായ പകയാണ്. തന്റെ പിതാവ് ഷേഖ് മുജീബുര്‍ റഹ്‌മാന്റെ വധത്തിന് പിന്നില്‍ സിയാവുര്‍ റഹ്‌മാന്റെ മൗനാനുവാദമുണ്ടെന്ന് ഹസീന വിശ്വസിച്ചിരുന്നു. ഇത് പകയുടെ ആഴം കൂട്ടി.
ഹസീനയുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട ഓഗസ്റ്റ് 15 ഖാലിദ സിയ തന്റെ ജന്മദിനമായി ആഘോഷിക്കുന്നത് ഹസീനയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നടന്നിരുന്നു.
1990-കളില്‍ സൈനിക ഭരണകൂടത്തെ പുറത്താക്കാന്‍ ഇരുവരും ഒന്നിച്ചെങ്കിലും, ജനാധിപത്യം തിരിച്ചുവന്നതോടെ ഇവര്‍ ശത്രുക്കളായി മാറി. ഒരാള്‍ അധികാരത്തിലിരിക്കുമ്പോള്‍ മറ്റൊരാളെ ജയിലിലടയ്ക്കുന്ന രീതിയാണ് പിന്നീട് കണ്ടത്.
ഷേഖ് ഹസീനയുടെ കഴിഞ്ഞ 15 വര്‍ഷത്തെ ഭരണകാലത്ത് ഖാലിദ സിയ നേരിട്ടത് കടുത്ത പ്രതിസന്ധികളാണ്. ഓര്‍ഫനേജ് ട്രസ്റ്റ് കേസില്‍ ഖാലിദയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.എന്‍.പി. ആരോപിക്കുന്നു. രോഗബാധിതയായിട്ടും അവര്‍ക്ക് മികച്ച ചികിത്സ നല്‍കാനോ വിദേശത്ത് പോകാനോ ഹസീന സര്‍ക്കാര്‍ അനുവദിച്ചില്ല. 30 വര്‍ഷം താമസിച്ച വീട്ടില്‍ നിന്ന് അവരെ ഇറക്കിവിട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.
അവരുടെ മകന്‍ താരിഖ് സിയയ്ക്ക് നാടുവിടേണ്ടി വന്നു, രണ്ടാമത്തെ മകന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇതെല്ലാം ഹസീനയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്.
Content Summary; Khaleda Zia, from housewife to Prime Minister, General Ziaur Rahman’s widow, rivalry with Sheikh Hasina