July 13, 2025 |
Avatar
അമർനാഥ്‌
Share on

പി. രാജന്റെ തിരോധാനം, കൊലപാതകം: കക്കയത്ത് കുഴിച്ച് മൂടപ്പെട്ട സത്യങ്ങള്‍

രാജന്റെ മൃതദ്ദേഹം പെട്രോളൊഴിച്ച് കത്തിച്ച് ചാമ്പലാക്കിയെന്ന് വേണം അനുമാനിക്കാന്‍

ഒരു ചെറുപ്പക്കാരനെ കൊല്ലാക്കൊല ചെയ്ത ഒരു കൂട്ടം മനുഷ്യ മൃഗങ്ങളുടെ കൊടുംക്രൂരതയുടെ പ്രതീകമായിരുന്നു രാജനെന്ന ചെറുപ്പക്കാരന്റെ ശവശരീരം പോലും പുറംലോകം കാണാതെ ഇല്ലാതാക്കിയത്. ശരീരത്തിനോടും ആത്മാവിനോടും ഒരു ദയയും കാണിക്കാതെ പിന്നീട് നടത്തിയ ചെയ്തികളുടെ സാക്ഷിമൊഴികള്‍ ഈ കുറ്റവാളികളെ ചരിത്രത്തില്‍ എന്നും മനസാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ പോന്നവയാണ്.

50 വര്‍ഷം മുന്‍പ്, 1976 ഫെബ്രുവരി 28 ന് പോലീസ് അറസ്റ്റ് ചെയ്ത രാജന്‍, മാര്‍ച്ച് 2 നാണ് മര്‍ദനമേറ്റ് കക്കയം ക്യാമ്പില്‍ വെച്ച് കൊല്ലപ്പെടുന്നത്. അന്ന് രാജന് എന്ത് സംഭവിച്ചു എന്നത് ആര്‍ക്കും അറിവില്ലായിരുന്നു. രാജന്‍ കൊല്ലപ്പെട്ടു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. പിന്നീട് നടന്ന കാര്യങ്ങള്‍ പോലീസിന്റെ കുടില ബുദ്ധിയുപയോഗിച്ച് തെളിവ് ഇല്ലാതാക്കലും അതിന്റെ ഭാഗമായി രാജന്റെ മൃതദേഹം നശിപ്പിക്കലുമാണ്. മലയാളികള്‍ ഞെട്ടലോടെയും വേദനയോടെയും ഓര്‍ക്കുന്ന പേരായി, അടിയന്തരാവസ്ഥയിലെ രക്തസാക്ഷിയായി പി. രാജന്‍ മാറുകയായിരുന്നു. കക്കയം ക്യാമ്പില്‍ നിന്ന് ഭാഗ്യത്തിന് ജീവന്‍ തിരികെ കിട്ടിയവരില്‍ നിന്നാണ് പോലീസിന്റെ പൈശാചികമായ മര്‍ദ്ദന മുറകളുടെ രീതികള്‍ പിന്നീട് പുറംലോകമറിഞ്ഞത്.

P Rajan

പി രാജന്‍

ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ രാജനേയും, മറ്റൊരു വിദ്യാര്‍ത്ഥിയായ ജോസഫ് ചാലിയേയും പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കൊണ്ടുപോയതായി രാവിലെ തന്നെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ അപ്പോഴത്തെ ചാര്‍ജ് വഹിച്ചിരുന്ന വാര്‍ഡനായ ഡോ. രാമകൃഷ്ണനെ അറിയിച്ചു. അദ്ദേഹം ഉടനെ തന്നെ ക്യാമ്പസിന് പുറത്ത് ‘താമസിക്കുന്ന ആര്‍.സി.സിയുടെ പ്രിന്‍സിപ്പിളായ പൊഫ. കെ.എം. ബഹാവുദീനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ കോളേജിലെത്തി അദ്ധ്യാപകരെ വിളിച്ചുകൂട്ടി യോഗം ചേര്‍ന്നു. ‘രണ്ട് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.’ എവിടെക്കാണ് കൊണ്ടു പോയത് എന്നറിയില്ല.

കോളേജിന്റെ അടുത്തുള്ള കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ കൈ മലര്‍ത്തി. ‘ഞങ്ങള്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല’ അവര്‍ പറഞ്ഞു. മുക്കം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും ഇതേ ഉത്തരമായിരുന്നു. ബഹാവുദീന്റെ നിര്‍ദ്ദേശമനുസരിച്ച് കോളേജിലെ മറ്റൊരു പ്രൊഫസറായ കെ.കെ. അബ്ദുള്‍ ഗഫൂര്‍ എസ്. പി. ഓഫീസില്‍ ചെന്ന് തിരക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. എന്തൊ ചിലത് പോലീസ് മറച്ചുപിടിക്കുന്നെന്ന് എല്ലാവര്‍ക്കും ഇതിനകം മനസിലായിരുന്നു. ഒടുവില്‍ ഡി.ഐ.ജി മധുസുദനന്റെ ബന്ധുവായ പ്രൊഫ. എം.പി. ചന്ദ്രശേഖരന്‍ മധുസൂദനന്റെ ഓഫീസില്‍ ചെന്നു. അയാള്‍ കക്കയം ക്യാമ്പിലാണെന്നും ബന്ധപ്പെടാന്‍ സാധ്യമല്ലെന്നും അവിടെ നിന്ന് അറിഞ്ഞു. ആര്‍.സി.സിയിലെ വിദ്യാര്‍ത്ഥികളെ പിടിച്ചിരിക്കുന്നത് കായണ്ണ പോലിസ് സ്റ്റേഷനാക്രമണ കുറ്റം ചുമത്തിയാണ് എന്നും, ജയറാം പടിക്കലാണ് ക്യാമ്പിന്റെ തലവനെന്നും അവിടെ പ്രവേശിക്കാന്‍ സാധ്യമല്ലെന്നും അവിടെ നിന്ന് വിവരം കിട്ടി.

Prof Bahavudheen

പ്രൊഫ. ബഹാവുദീൻ

ഇതിനിടയില്‍ പ്രൊഫ. ബഹാവുദീന്‍ രണ്ട് വിദ്യാര്‍ത്ഥികളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രജിസ്റ്റേഡ് കത്ത് വഴി അവരുടെ വീട്ടില്‍ അറിയിച്ചു. പിറ്റേന്ന് തന്നെ ഈച്ചര വാര്യര്‍ കോഴിക്കോട് വന്നു. തന്റെ മകനെ കാണാതായെന്ന സത്യം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ഈച്ചര വാര്യര്‍ക്ക് ഏറെ അടുപ്പമുള്ള മുഖ്യമന്ത്രി അച്യുതമേനോനെ നേരിട്ട് ചെന്നുകണ്ട് രാജനെ പുറത്ത് കൊണ്ടുവരാന്‍ ഉടന്‍ ശ്രമിക്കണമെന്ന് ബഹാവുദീനും മറ്റു അദ്ധ്യാപകരും ഈച്ചര വാര്യരോട് പറഞ്ഞു.

ഈച്ചര വാര്യരുടെ മറുപടി മറ്റൊന്നായിരുന്നു. അച്യുതമേനോന്‍ അടുപ്പക്കാരന്‍ തന്നെ. പക്ഷേ ആ അടുപ്പം വെച്ച് താന്‍ ഇതിന് വേണ്ടി അദ്ദേഹത്തെ കാണാന്‍ തയാറല്ല. തന്റെ മകന്‍ നിരപരാധിയാണെന്ന് കണ്ട് അവനെ പോലീസ് വെറുതെ വിടുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കാര്യങ്ങളുടെ ഗൗരവം ആ സാധുമനുഷ്യന് അപ്പോള്‍ മനസിലായില്ല. പിന്നീട് മകനെ തേടി മാസങ്ങള്‍ അലഞ്ഞ ആ അച്ഛന് അപ്പോള്‍ അറിയില്ലായിരുന്നു രാജന്‍ രണ്ടു ദിവസം മുന്‍പ് കൊല്ലപ്പെട്ടെന്ന്.

കോളേജ് അദ്ധ്യാപകരും വിദാര്‍ത്ഥികളും വിഷമിച്ചിരിക്കെയാണ് മാര്‍ച്ച് 4 ന് കോഴിക്കോട് പോലീസ് കമ്മീഷണര്‍, പ്രിന്‍സിപ്പാള്‍ ബഹാവുദ്ദിനെ ഫോണില്‍ വിളിച്ച് ഉടനടി കക്കയം ക്യാമ്പിലെത്താന്‍ ആവശ്യപ്പെട്ടത്. അവിടേയ്ക്ക് ഒറ്റയ്ക്ക് പോകാന്‍ ആദ്യം ബഹാവുദീന്‍ മടിച്ചെങ്കിലും കൂടെ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫൂറുകൂടി ചെല്ലാമെന്ന് ഏറ്റതോടെ അവര്‍ രണ്ടുപേരും കാറില്‍ കക്കയത്തേക്ക് തിരിച്ചു. വിജനമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ വല്ലാത്തയൊരു ഭീകരത അവിടെ തളംകെട്ടി നിന്നിരുന്നു.

prof KK Gafoor

പ്രൊഫ . കെ. കെ. അബ്ദുൾ ഗഫൂർ

കാറ് എത്തിയപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ പുലിക്കോടന്‍ നാരായണനാണ് അവരെ സ്വീകരിച്ചത്. കാറിനടുത്ത് വന്ന് അയാള്‍ ആരാണ് ? എന്താണ് ? എന്ന് പോലീസ് മുറയില്‍ ചോദ്യമുതിര്‍ത്തു. നാലര മണിക്കൂര്‍ കാറില്‍ കാത്തിരുന്ന ശേഷമാണ് അവരെ ഒരു മുറിയിലേക്ക് പ്രവേശിപ്പിച്ചത്. നാസി ക്യാമ്പിന് സമാനമായ രീതിയില്‍ ക്രൂരതകള്‍ നടമാടിയ കക്കയം ക്യാമ്പില്‍ ഓഫീസ് പോലെ സജ്ജീകരിച്ച, ഭീകരമായ നിശബ്ദത തളംകെട്ടിയ ഒരു മുറിയില്‍ നിശബ്ദതയെ ഭേദിച്ച് ബൂട്ട്‌സുകളുടെ ശബ്ദം കേറി വന്നു നിയന്ത്രണമില്ലാത്ത അധികാരത്തിന്റെ മദം ബാധിച്ച ജയറാം പടിക്കലും പിറകെ മധുസൂദനനും ലക്ഷ്മണയും വന്നു.

രണ്ട് അദ്ധ്യാപകരോടും അവര്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. പ്രൊഫ. ബഹാവുദീന്‍ രാജനെ പിടിച്ചതു മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ചു.
ജയറാം പടിക്കല്‍ ചോദിച്ചു. ‘രാജനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി എന്ന് ഈച്ചര വാര്യര്‍ക്ക് ടെലഗ്രാം അടിച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ്?
ബഹാവുദീന്‍ പറഞ്ഞ്. ‘പോലീസ് പിടിച്ചു കൊണ്ടുപോയി എന്നാണ് ഞങ്ങള്‍ അറിയിച്ചത്. അത് സത്യമാണല്ലോ’
അപ്പോള്‍ പടിക്കല്‍ ചോദിച്ചു ‘രാജന്‍ ഇപ്പോള്‍ എവിടുണ്ട് ?
മറുപടി പറഞ്ഞത് പ്രൊഫ. ഗഫൂറാണ് ‘പോലീസല്ലേ രാജനെ കൊണ്ടുപോയത് രാജന്‍ എവിടെയെന്നുള്ളത് ഞങ്ങള്‍ക്കെങ്ങനെ അറിയാനാണ്?
അതുകേട്ട ജയറാം പടിക്കല്‍ രൂക്ഷമായ നോട്ടത്തോടെ പ്രൊഫ. ബഹാവുദിന് നേരെ തിരിഞ്ഞ് പരുക്കന്‍ സ്വരത്തില്‍ ആക്രോശിച്ചു. ‘നിന്റെ കോളേജ് ഒരു നക്‌സല്‍ കേന്ദ്രമാണ്. അത് ഞാന്‍ പൂട്ടിക്കും’.
പിന്നെ പരിഹാസം നിറഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു ‘കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതിയാണ് രാജന്‍. ഇന്നലെ ഒരു സൈറ്റില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രാജന്‍ ഓടി രക്ഷപെട്ടു. ഇപ്പോള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ല.’

Jayaram padikkal

ജയറാം പടിക്കൽ

‘ഇത് കേട്ടപ്പോള്‍ എന്റെയും പ്രിന്‍സിപ്പാളിന്റെയും ഉള്ളൊന്നു കാളി. പോലീസിന്റെ വാക്കുകളിലും വലിയൊരു അപകടം ഞാന്‍ മണത്തു. എവിടെയോ ഒരു ദുരന്ത ഗന്ധം പരക്കുന്നു. രാജനെ അവര്‍ കൊന്നു കാണുമോ? പ്രൊഫ. കെ.കെ അബ്ദുള്‍ ഗഫൂര്‍ തന്റെ ആത്മകഥയായ ‘ഞാന്‍ സാക്ഷി’ യില്‍ എഴുതി. രണ്ട് അദ്ധ്യാപകരുടേയും മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു.

‘തിരിച്ച് വരുമ്പോള്‍ ഞാന്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചു. രാജന്‍ ഒളിച്ചോടി എന്ന് പോലീസ് പറഞ്ഞതിന്റെ അര്‍ത്ഥം സാറിന് മനസിലായോ? ഇല്ലെന്നര്‍ത്ഥത്തില്‍ അദ്ദേഹം തലയാട്ടി. ഞാന്‍ പറഞ്ഞു He is no more’ (ഞാന്‍ സാക്ഷി). ജയറാം പടിക്കലിന്റെ കക്കയം ക്യാമ്പിലെ കാക്കിപ്പട ഒഴിച്ചാല്‍ രാജന്‍ പോലീസിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു എന്ന് പുറം ലോകത്ത് ആദ്യമായി മനസിലാക്കിയ രണ്ട് വ്യക്തികള്‍ അബ്ദുള്‍ ഗഫൂറും ബഹാവുദീനുമായിരുന്നു.

1975 മാര്‍ച്ച് രണ്ട് അര്‍ദ്ധരാത്രിയില്‍ ഒരു പോലീസ് ജീപ്പ് കോണിപ്പാറ മലയിലൂടെ പാഞ്ഞുപോയി. കക്കയം ഡാമിനടുത്ത് നിന്ന വാഹനത്തില്‍ നിന്ന് ഒരു ചാക്കുകെട്ട് പുറത്തെടുത്തു. എളുപ്പം ഇളക്കാവുന്ന മണ്ണില്‍ ഒരു കുഴി രൂപപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞു വെച്ചത് രാജന്റെ മൃതദേഹമായിരുന്നു. അതാ കുഴിലേക്ക് താഴ്ത്തി, മണ്ണിട്ട് മൂടി. അപ്പോള്‍ സമയം 2.45. നാലു മനുഷ്യര്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് ഒരു മണ്‍കൂനയില്‍ മൂടിയിട്ട് ധ്യതിയില്‍ താഴോട്ട് പോന്നു.’ ആരായിരുന്നു ആ നാലുപേര്‍ ?

ക്രൈം ബ്രാഞ്ച് ഡി. ഐ. ജി ജയറാം പടിക്കല്‍, ഡി.എസ്.പി. ലക്ഷ്മണ, എസ്. ഐ. പുലിക്കോടന്‍ നാരായണന്‍ എന്നിവരും ഒരു പോലീസ് കോണ്‍സ്റ്റബിളും’ ആ ക്രൂര നാടകം ആ രംഗം കൊണ്ട് അവസാനിച്ചില്ല. പിറ്റേദിവസം ആഭ്യന്തര മന്ത്രി കരുണാകരനെ ജയറാം പടിക്കല്‍ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം അന്ന് രാത്രിയും ഒരു രംഗം അരങ്ങേറി.’
‘ഡി. എസ്. പി ലക്ഷ്മണയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ശവക്കുഴി തോണ്ടി മൃതദേഹം പുറത്തെടുത്തു. പിന്നീട് ആളിക്കത്തിയ പെട്രോളിന്റെ നാവുകളില്‍ ആ യുവ ചേതനയുടെ ഭൗതിക ശരീരം എരിഞ്ഞടങ്ങി’
‘ ഈച്ചര വാര്യര്‍ ഇനി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചാല്‍ ശരീരം ഹാജരാക്കാന്‍ ദുനിയാവിലാര്‍ക്കെങ്കിലും കഴിയുമോ? അതായിരുന്നു പോലീസിന്റെ ധൈര്യം’ (ദേശാഭിമാനി ദിനപത്രം, 1977 മെയ് 10- ‘കക്കയം ക്യാമ്പ് കഥ പറയുന്നു- അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

appukkuttan vallikkunnu

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

രാജന്‍ കേസ് ഏറ്റവും വസ്തു നിഷ്ഠമായും സത്യസന്ധതയോടെയും റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനാണ് ദേശാഭിമാനി ലേഖകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. അദ്ദേഹം ദേശാഭിമാനി പത്രത്തില്‍ എഴുതിയ ‘കക്കയം ക്യാമ്പ് കഥ പറയുന്നു’ എന്ന പരമ്പരയിലാണ് ഈ ക്രൂരമായ സംഭവം പരാമര്‍ശിക്കുന്നത്. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഈ പരമ്പര അതിന്റെ പ്രസിദ്ധീകരണ വേളയില്‍ കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു.

ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട രാജന്‍ കേസ് കോടതിയിലെത്തിയപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദിനപത്രങ്ങളെല്ലാം അവരുടെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍മാരെയാണ് അയച്ചിരുന്നത്. ദേശാഭിമാനിയുടെ റിപ്പോര്‍ട്ടര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ രാജന്‍ കേസിനെ കുറിച്ചുള്ള ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ തിരമാല പോലെ ആഞ്ഞടിച്ചു.
‘കക്കയം ക്യാമ്പ് കഥ പറയുന്നു എന്ന ലേഖന പരമ്പരയിലൂടെ രാജന്‍ സംഭവത്തിന്റെ മുഴുവന്‍ ആന്തരികതയും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന കമ്മൂണിസ്റ്റ് പത്രപ്രവര്‍ത്തകനായിരുന്നു. ‘ദേശാഭിമാനിയിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം കേരളത്തിന്റെ ജനാധിപത്യ- പൗരാവകാശ പോരാട്ടങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. കോയമ്പത്തൂര്‍ വിചാരണ നടക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ‘ദേശാഭിമാനിക്ക്’ വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അദ്ദേഹം എനിക്ക് കൃത്യമായി വിവരം നല്‍കിക്കൊണ്ടിരുന്നു. ഇന്ന സാക്ഷികള്‍ കുറുമാറുമെന്ന് ഏറ്റവും കൃത്യമായി തന്നെ ഒരു പ്രവചനമെന്നോണം അദ്ദേഹം പറയുമായിരുന്നു. അണുവിട പോലും അതില്‍ വ്യതിചലനം ഉണ്ടാകില്ലായിരുന്നു. ഈ പത്രപ്രവര്‍ത്തകന്റെ സൂഷ്മതയും കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവും വിശകലന സാമര്‍ത്ഥ്യവും എന്നെ അത്ഭുതപ്പെടുത്തി’- ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പൊഫ. ഈച്ചര വാര്യര്‍ എഴുതി.

രാജന്‍ കൊല്ലപ്പെടുന്ന ദിവസം കക്കയം ക്യാമ്പില്‍ ഉണ്ടായിരുന്ന അറസ്റ്റ് ചെയ്യപ്പെട്ട അബ്രഹാം ബെന്‍ഹര്‍ രാജന് എന്താണ് സംഭവിച്ചതെന്ന് പറയുന്നത് മറ്റൊരു വിധത്തിലാണ്. കക്കയം ക്യാമ്പില്‍ കൊടും പീഢനത്തിന് വിധേയനായ അടിയന്തരാവസ്ഥയിലെ മറ്റൊരു ഇരയാണ് ബെന്‍ഹര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ അബ്രഹാം ബെന്‍ഹറിനെ തെക്കേ വയനാട്ടിലെ മയിലമ്പാടിയിലെ തന്റെ വീട്ടില്‍ നിന്നാണ് പോലിസ് വീടു വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തത്. സജീവ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ ബെന്‍ഹറിനെ നക്‌സല്‍ ബന്ധം ആരോപിച്ചാണ് ഫെബ്രുവരി 28 ന് അറസ്റ്റ് ചെയ്ത് കക്കയം ക്യാമ്പിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഉരുട്ടല്‍ ഉള്‍പ്പെടെ കൊടും മര്‍ദനത്തിന് അയാള്‍ ഇരയായി.

ബെന്‍ഹര്‍ പറയുന്നതനുസരിച്ച് മാര്‍ച്ച് 1 ന് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം അന്ന് രാത്രിയും പിറ്റേന്ന് പകലും ഒരു ചാക്കില്‍ സൂക്ഷിച്ചു. രണ്ടാം നാള്‍ രാത്രി പത്ത് മണിക്ക് ജീപ്പില്‍ എസ്.പി. ലക്ഷ്മണയും ഡ്രൈവര്‍ അരവിന്ദാക്ഷനുമാണ് അതിലുണ്ടായിരുന്നത്. കോഴിക്കോട് കോരപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോയി. പാലത്തില്‍ വണ്ടി നിറുത്തി. ജഡത്തിന്റെ വയറ് കുത്തിക്കീറി പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞു. നല്ല അടിയൊഴുക്ക് കാരണം ശവശരീരം കടലിലേക്ക് ഒഴുകി പോയിരിക്കും. വയറ് കുത്തിക്കീറിയതിനാല്‍ നല്ല ആഴത്തില്‍ മുങ്ങും. കടല്‍ മത്സ്യങ്ങള്‍ക്ക് ആഹാരമാകാന്‍ പിന്നെ താമസമില്ല.

അതേദിവസം കാന്റീനില്‍ നിന്ന് വലിയൊരു ചണച്ചാക്ക് പോലീസ് വാങ്ങിച്ചത് ഇതിനാണ് എന്ന് ബെന്‍ഹര്‍ ഉറപ്പിച്ചു പറയുന്നു. ചാക്ക് കൊടുത്ത കാന്റീന്‍ ജീവനക്കാരനെ ‘ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന്’ ഒരു എസ്. ഐ വിരട്ടുകയും ചെയ്തു. കൂടാതെ പോലീസ് ഡ്രൈവര്‍ അവിന്ദാക്ഷന്‍ പിറ്റേ ദിവസം തന്നോട് ക്യാമ്പില്‍ വെച്ച് പറഞ്ഞ വാചകം ബെന്‍ഹര്‍ ഓര്‍ക്കുന്നു ‘ നിന്നെയൊക്കെ തല്ലിക്കൊന്ന് വയറുകീറി കടലില്‍ താഴ്ത്തിയാല്‍ ആരുണ്ട് ചോദിക്കാന്‍? തലേരാത്രി നടന്ന സംഭവമോര്‍ത്തായിരിക്കാം അയാള്‍ അങ്ങനെ പറഞ്ഞത്. ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍ ബെന്‍ഹര്‍ പറഞ്ഞത് ശരിയാവാനുള്ള സാധ്യത കൂടുതലാണ്.

Abraham benhur

അബ്രഹാം ബെൻഹർ

കാലാകാലങ്ങളില്‍ രാജന്റെ മൃതദേഹം എന്ത് ചെയ്തു എന്നതിനെ കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ പുറത്ത് വന്നുകൊണ്ടിരുന്നു. രാജന്‍ കൊല്ലപ്പെട്ട സമയത്ത് കോഴിക്കോട് ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് ഓഫീസര്‍ ഒരു ചാനലില്‍ ഇരുന്നു പറഞ്ഞു. ‘രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്ന് എനിക്കറിയാം’ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെയാണ് ഞാന്‍ വിവരം ശേഖരിച്ചത്. ഞങ്ങള്‍ക്ക് അതൊക്കെ കണ്ടുപിടിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇത് സൂചിപ്പിച്ച് താന്‍ തിരുവനന്തപുരത്തേക്ക് ഒരു കത്ത് അയച്ചിരുന്നു. ആര്‍ക്ക് ? എന്നിട്ട് ആ കത്തെവിടെ ? എന്ന ചോദ്യത്തിന് അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. മറ്റൊരവസരത്തില്‍ ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഒരു ചാനലിനോട് പറഞ്ഞത് മൃതശരീരം രാസവസ്തു ഉപയോഗിച്ച് നശിപ്പിച്ചു എന്നാണ്.

അന്ന് രാജന്റെ മൃതദേഹം വാഹനത്തില്‍ ഓടിച്ചുകൊണ്ടുപോയ ഡ്രൈവര്‍ എന്ന് അവകാശപ്പെട്ട ഒരാള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. പീഡിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ശേഷം രാജന്റെ മൃതദേഹം ആദ്യം ഒരു ഐസ് ചേമ്പറില്‍ തള്ളിയ ശേഷം പൊടിച്ച് കൂത്താട്ടുകുളത്തെ ‘മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന സര്‍ക്കാര്‍ ഫാക്ടറിയില്‍ പന്നികള്‍ക്ക് തീറ്റയായി കൊടുക്കുകയായിരുന്നുവെന്നാണ് അയാള്‍ ഒരു ചാനലിനോട് പറഞ്ഞത്. ദുര്‍ബലമായ, ആധികാരികത ഒട്ടും ഇല്ലാത്ത ഈ അവകാശ വാദങ്ങളൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല. ഈ രഹസ്യം അറിയുന്ന ഒരാള്‍ കെ. ലക്ഷ്മണയാണ് അയാള്‍ അത് ഇനിയും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

രാജന്റെ കസ്റ്റഡി മരണം അന്വേഷിച്ച ഡി. ഐ. ജി. രാജഗോപാലന്‍ നാരായണന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തെളിവുകള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ റിപ്പോര്‍ട്ടിലെ വസ്തുതകളുമായി യോജിക്കുന്നതാണ്. അതായത് രാജന്റെ മൃതദ്ദേഹം പെട്രോളൊഴിച്ച് കത്തിച്ച് ചാമ്പലാക്കിയെന്ന് വേണം അനുമാനിക്കാന്‍.

രാജന്റെ മരണം സംഭവിച്ച് കഴിഞ്ഞ് മറ്റൊരു ദാരുണ സംഭവം അവിടെ നടന്നു. ആര്‍.സി.സി. ക്യാമ്പിനടുത്ത് ഒരു വീട്ടില്‍ താമസിച്ചിരുന്ന ടാപ്പിങ്ങ് തൊഴിലാളി രാജനും ഭാര്യ ദേവകിയും ക്യാമ്പസിനു പുറത്തുള്ള ഒരു മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടു. രാജന്റെ അറസ്റ്റിന് ശേഷം ക്യാമ്പസ് പോലീസ് അരിച്ച് പെറുക്കിയപ്പോള്‍ കിട്ടിയ വിപ്ലവ ലഘുരേഖകള്‍ അച്ചടിച്ചത് ഇവരുടെ വീട്ടിലാണെന്ന് ആരോപിച്ച് ടാപ്പിങ്ങ് തൊഴിലാളിയായ രാജനെ ചോദ്യം ചെയ്യാന്‍ പോലീസ് കക്കയം ക്യാമ്പിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലെന്നാല്‍ കഠിനമായ മര്‍ദ്ദനമാണ്. അത് താങ്ങാതെ അവര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് ഭാഷ്യം.

എന്നാല്‍ കാരണം അതല്ല എന്ന് കാനങ്ങോട്ട് രാജന്‍ പറയുന്നു. പോലീസ് കാനങ്ങോട്ട് രാജനെ ജീപ്പില്‍ കൊണ്ടുപോയ ഒരു രാത്രിയില്‍ ടാപ്പിംഗ് തൊഴിലാളി രാജന്റെ വീടിനു മുന്നില്‍ ജീപ്പ് നിറുത്തി. അമിതമായി മദ്യപിച്ചിരുന്ന പോലീസുകാര്‍ തന്നെ വിലങ്ങിട്ട് വാഹനത്തില്‍ ഇരുത്തി വീടിനകത്ത് പോയി. രാജന്റെ ഭാര്യയെ അവര്‍ പീഡിപ്പിച്ചു. അതില്‍ മനംനൊന്താണ് പിറ്റേന്നാള്‍ അവര്‍ രണ്ടുപേരും തൂങ്ങി മരിച്ചത് എന്നാണ് രാജന്‍ പറയുന്നത്.

ആര്‍. ഇ. സി. ക്കടുത്ത് താമസിച്ച സത്യന്‍ എന്ന അലക്കുകാരന്‍ പയ്യനെ പോലീസ് പിടിച്ച് കൊണ്ടുപോകുമ്പോള്‍ അയാളുടെ അമ്മയുടെ അലറി വിളിച്ചുള്ള കരച്ചില്‍ കേട്ട് തൊട്ട് താമസിക്കുന്ന, ടാപ്പിംഗ് തൊഴിലാളി രാജനും ഭാര്യയും ഓടി വന്നു. സത്യനെ ജീപ്പില്‍ കയറ്റുമ്പോള്‍ പി. രാജന്‍ ജീപ്പിലിരിക്കുന്നത് ടാപ്പിംഗ് തൊഴിലാളിയായ രാജനും ഭാര്യയും കണ്ടു. ഈ സംഭവം കണ്ട അവര്‍ക്ക് പി. രാജന്റെ തിരോധാനത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ സാക്ഷികളാകാതിരിക്കാന്‍ അവരെ തട്ടിയേക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം വന്നതിനാല്‍ പോലീസ് തന്നെ അവരെ അവസാനിപ്പിച്ച് കെട്ടിത്തൂക്കിയതാണെന്ന് പറയുന്നു. ഏതായാലും ആ രണ്ടു മരണങ്ങളില്‍ ദുരൂഹത ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ മറവില്‍ നിയമവും കോടതിയും മരവിച്ച കാലം. കാറ്റ് പോലും പേടിച്ച് വീശുന്ന ആ അടിയന്തരാവസ്ഥാ കാലത്ത് ആര് ചോദിക്കാന്‍? ആര് പറയാന്‍? അന്ന് നടന്ന ഈ രണ്ട് മരണങ്ങളും ഒരു വിവാദവുണ്ടാക്കാതെ കടന്നുപോയി.

Eachara Warrier

ഈച്ചര വാര്യര്‍ രാജന്റെ ചിത്രത്തിന് മുന്നില്‍

തന്റെ മകന്‍ രാജന്റെ മൃതദേഹം പോലും കാണാനാവാത്ത, നിസ്സഹായനായ പിതാവ് ഈച്ചര വാര്യര്‍ കരള്‍ പിളരുന്ന വേദയോടെ തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതി: ‘കത്തിച്ചു എന്നാണറിഞ്ഞത്. അവന്റെ ഒരു എല്ലിന്‍ കഷ്ണം പോലും കിട്ടാതിരിക്കാന്‍ പഞ്ചസാരയിട്ട് കത്തിച്ചു. ഏതോ കൊടുംങ്കാടിന്റെ മധ്യത്തില്‍.

ഇച്ചര വാര്യരുടെ ഏക പുത്രനായിരുന്നു രാജന്‍. കാണാതായ തന്റെ മകനെ അന്വേഷിച്ച് ആ വൃദ്ധപിതാവ് യാത്ര തുടങ്ങുകയായിരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയില്‍ എത്തിച്ച ദീര്‍ഘമായ നിയമ പോരാട്ടമായിരുന്നു അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം. കോടതിയില്‍ ഈച്ചര വാര്യര്‍ കേരളത്തിലെ ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയപ്പോള്‍ കേരള രാഷ്ട്രീയം ഇളകിമറിഞ്ഞു. അധികാര സോപാനത്തിനെതിരെ ഈച്ചര വാര്യരെന്ന ചെറിയ മനുഷ്യന്‍ ഉറച്ച് പോരാടിയ നിയമ പോരാട്ടമായിരുന്നു അത്.
അത് കോടതിയില്‍ എത്തി. ടി.വി. ഈച്ചര വാര്യര്‍ Vs സെക്രട്ടറി ടു ദി മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ആന്റ് അദേഴ്‌സ്”: കേസ് നമ്പര്‍ 1977 കെ. എല്‍. റ്റി 335. അഥവാ രാജന്‍ കേസ്. The disappearance of P. Rajan: Truths buried in Kakkayam

തുടരും…

Content Summary: The disappearance of P. Rajan: Truths buried in Kakkayam

Leave a Reply

Your email address will not be published. Required fields are marked *

×