‘അമേരിക്കയ്ക്ക് ഏറ്റ കനത്ത പ്രഹരം’; അൽ ഉദൈദ് ആക്രമണത്തെ ന്യായീകരിച്ച് ഖമേനി

ഈ യു​ദ്ധത്തിൽ ഇസ്രയേലിനും യുഎസിനും മേൽ ഇറാൻ വിജയം നേടിയതായും ഖമേനി അവകാശപ്പെട്ടു

ഖത്തറിലെ പ്രധാന യുഎസ് സൈനിക കേന്ദ്രമായ അൽ ഉദൈദ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയ്ക്ക് ഏറ്റ കനത്ത പ്രഹരമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഖമേനിയുടെ ആദ്യ പ്രതികരണത്തിൽ ആയിരുന്നു ഈ പ്രസ്താവന.

യുഎസിന്റെ പല പ്ര​ധാന കേന്ദ്രങ്ങളിലും ഇറാന് പ്രവേശനമുണ്ടെന്നും വേണ്ടി വന്നാൽ ഇനി ആക്രമണം നടത്തുമെന്നും ഖമേനി വ്യക്തമാക്കി. ഭാവിയിൽ യുഎസിന്റെ ഭാ​ഗത്ത് നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ യുഎസ് കനത്ത വില നൽകേണ്ടി വരുമെന്നും ഖമേനി പറയുന്നു. ഈ യു​ദ്ധത്തിൽ ഇസ്രയേലിനും യുഎസിനും മേൽ ഇറാൻ വിജയം നേടിയതായും ഖമേനി അവകാശപ്പെട്ടു. ഇസ്രയേൽ നശിപ്പിക്കപ്പെടുമെന്ന് യുഎസിന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് വെടിനിർത്തൽ കരാറുമായി രം​ഗത്തു വന്നതെന്നും ഖമേനി ആരോപിച്ചു. ഇസ്രയേൽ- ഇറാൻ സംഘർഷം ആരംഭിച്ചത് മുതൽ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജൂൺ 13ന് ശേഷം ഇതാദ്യമായാണ് ഖമേനി പ്രതികരിക്കുന്നത്. 12 നാൾ നീണ്ട് നിന്ന യുദ്ധത്തിൽ ഇരുഭാ​ഗങ്ങളിൽ നിന്നും നിരവധി നേതാക്കളും സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന് പിന്നാലെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളും തകർത്ത് കൊണ്ട് യുഎസും രം​ഗത്തുവന്നതോടെ സംഘർഷം രൂക്ഷമായി. ഇതിന് പിന്നാലെ ആണ് ഖത്തറിലെ അൽ ഉദൈദ് വിമാനത്താവളം ഇറാൻ ആക്രമിക്കുന്നത്.

യുദ്ധത്തിൽ ഇറാൻ വിജയിച്ചു, പ്രതികാരമായി അമേരിക്കയുടെ മുഖത്ത് അടി നൽകി. ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.ജൂൺ 13ന് ഇസ്രയേൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ ഖമേനിയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല. ഖമേനി രഹസ്യ കേന്ദ്രത്തിലായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

content summary: Khamenei described the attack on Al-Udeid Air Base, a major U.S. military installation in the region, as a “heavy slap” to America’s face

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment