June 26, 2026 |
Share on

ഇറാന്റെ സാമ്പത്തിക നട്ടെല്ല്; യുഎസും ഇസ്രയേലും തൊടാത്ത ഖാര്‍ഗ് ദ്വീപ്

എന്തുകൊണ്ട് ഖാര്‍ഗ് ദ്വീപ് ലോകത്തിന്റെ നിര്‍ണായക കേന്ദ്രമാകുന്നു?

യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ ഒരു ദ്വീപിലേക്ക് നീളുകയാണ്. അതാണ് ഖാര്‍ഗ് ദ്വീപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ തന്ത്രപ്രധാനമായ ദ്വീപ് വഴിയാണ്, അത് തന്നെയാണ് ഖാര്‍ഗിനെ സുപ്രധാന കേന്ദ്രമാക്കി മാറ്റുന്നതും.

ഖാര്‍ഗില്‍ തൊടാതെ

ഇപ്പോള്‍ നടക്കുന്ന ഇറാന്‍ യുദ്ധത്തിലെ ഏറ്റവും വലിയ കൗതുകവും ഖാര്‍ഗ് ദ്വീപിനെ ബന്ധപ്പെട്ടാണ്. രണ്ടാഴ്ച്ചയിലേറെയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും ബോംബാക്രമണങ്ങള്‍ ഇറാനിലുടനീളം തുടരുമ്പോഴും, ഈ എണ്ണ കയറ്റുമതി കേന്ദ്രത്തെ അവര്‍ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല! അതെന്തുകൊണ്ടായിരിക്കും?

ഇറാന്റെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക കേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നത് ലോകത്തെ എണ്ണവിലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അതിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ നിലവില്‍ കുതിച്ചുയരുന്ന എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കയുടെ പേടി

ഇറാനിലും പരിസരത്തുമായി അയ്യായിരത്തോളം ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിക്കഴിഞ്ഞു. എന്നിരുന്നാലും, രാജ്യത്തിന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്ക ഇതുവരെ വിട്ടുനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാരണം എണ്ണവില ഇതിനകം തന്നെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ തകരുന്നത് ആഗോള വിപണിയെ തകിടം മറിക്കും, ആ പേടി അമേരിക്കയ്ക്കുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഇസ്രയേല്‍ വ്യോമസേന ഇറാന്റെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളും ഡിപ്പോകളും ആക്രമിച്ചിരുന്നു. ആ കനത്ത പുക നഗരത്തെ മൂടിയത് ടെഹ്റാനില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പ്രാദേശിക നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിനുശേഷം എണ്ണ നിലയങ്ങള്‍ക്ക് നേരെ പുതിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇറാന്റെ നട്ടെല്ല് തകര്‍ക്കുമോ?

പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കരയില്‍ നിന്ന് 27 മൈല്‍ അകലെയുള്ള അഞ്ച് മൈല്‍ നീളമുള്ള പവിഴ ദ്വീപാണ് ഖാര്‍ഗ്. ഇറാന്റെ പടിഞ്ഞാറന്‍, മധ്യ മേഖലകളിലെ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള പൈപ്പ് ലൈനുകള്‍ അവസാനിക്കുന്നത് ഇവിടെയാണ്. വിപണിയില്‍ വലിയ സ്വാധീനമുള്ള ഈ ദ്വീപില്‍ നിന്ന് പ്രതിദിനം ശരാശരി 1.3 മുതല്‍ 1.6 ദശലക്ഷം ബാരല്‍ വരെ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ യുദ്ധസാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഫെബ്രുവരി പകുതിയോടെ ഇറാന്‍ ഇത് പ്രതിദിനം 3 ദശലക്ഷം ബാരലായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ 18 ദശലക്ഷം ബാരല്‍ എണ്ണ ഇവിടെ ബാക്കപ്പായി സംഭരിച്ചിട്ടുമുണ്ട്. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ആലോചിക്കുന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന്റെ കരഭൂമിയില്‍ ആക്രമണം നടത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇറാന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കാന്‍ ഖാര്‍ഗ് ദ്വീപിന് നേരെയുള്ള നീക്കം ഫലം കാണുമെന്ന് പെന്റഗണിലെ മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ റൂബിന്‍ വാദിക്കുന്നു. എണ്ണ വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ ഇറാന്‍ ഭരണകൂടത്തിന് സൈന്യത്തിനും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ പോലും കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. മുന്‍പ് ഇറാന്റെ ഭൂരിഭാഗം എണ്ണയും ചൈനയിലേക്കാണ് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ഇറാഖില്‍ നിന്നുള്ള കയറ്റുമതി അടക്കം ആഗോള വിപണിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖാര്‍ഗ് ദ്വീപിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആഗോള എണ്ണവിലയെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വിധം വര്‍ദ്ധിപ്പിക്കും.

ഖാര്‍ഗ് തകര്‍ത്താല്‍?

രാഷ്ട്രീയമായും ഖാര്‍ഗ് ദ്വീപിനെ നശിപ്പിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇറാനില്‍ ഭാവിയില്‍ ഒരു ജനാധിപത്യ ഭരണകൂടം വരികയാണെങ്കില്‍ പോലും, പ്രധാന വരുമാന മാര്‍ഗ്ഗമായ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തെ വര്‍ഷങ്ങളോളം പിന്നോട്ട് അടിക്കും. ദ്വീപിന്റെ വലിപ്പം പരിഗണിച്ച് അത് പിടിച്ചെടുക്കാന്‍ വന്‍തോതിലുള്ള സൈനിക ഓപ്പറേഷന്‍ ആവശ്യമായി വരും. അമേരിക്ക ഖാര്‍ഗ് പിടിച്ചെടുത്താല്‍ പോലും, ഇറാന്‍ ഉല്‍പ്പാദനം തുടരുകയും കയറ്റുമതി തടസ്സപ്പെടുകയും ചെയ്യുന്നത് വിപണിയെ അനിശ്ചിതത്വത്തിലാക്കും. ചുരുക്കത്തില്‍, ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഏതൊരു നീക്കവും ആഗോള സാമ്പത്തിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായിരിക്കും.

Content Summary: Kharg Island, through which 90% of Iran’s oil exports flow, has remained untouched throughout the US-Israel bombing campaign

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×