June 13, 2025 |

വാട്ടർ മെട്രോ പ്രവർത്തന കേന്ദ്രം മാറ്റുന്നു; വൈറ്റിലയിൽ നിന്നും ഹൈക്കോടതി ജ൦ഗ്ഷനിലേക്ക്

ടെര്‍മിനലുകള്‍ കച്ചവടത്തിനായി വാടകയ്ക്ക് നല്‍കും

കൊച്ചി വാട്ടർ മെട്രോയുടെ ഓപ്പറേഷൻ കൺട്രോൾ സെന്റർ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നും ഹൈക്കോർട്ട് ടെർമിനലിലേക്ക് മാറ്റാനൊരുങ്ങുന്നു. വാട്ടർ മെട്രോയുടെ മുഴുവൻ ഗതാഗത സംവിധാനത്തിന്റെയും നിയന്ത്രണത്തെ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് ഓപ്പറേഷൻ കൺട്രോൾ സെന്റർ.Kochi Water Metro to move its operations control centre 

വാട്ടർ മെട്രോയുടെ പ്രവർത്തന കേന്ദ്രമായ ഹൈക്കോടതി ഭാഗത്തേക്ക് ഒസിസി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ വൈറ്റില ഹബ്ബിലെ 29,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം വാടകയ്ക്ക് കൊടുത്ത് ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമെ മറ്റൊരു വരുമാനം കൂടി വാട്ടർ മെട്രോ പദ്ധതിയിടുന്നു.

”വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം ഹൈക്കോടതി ഭാഗമാണ്. കൂടുതൽ സർവ്വീസുകൾ നടക്കുന്നതും ആളുകളും എല്ലാം അവിടെ നിന്നാണ്. തുടക്കത്തിൽ ഒസിസി ഹൈക്കോടതി ഭാഗത്ത് തന്നെ നിർമ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്, എന്നാൽ ചില പ്രശ്‌നങ്ങൾ കാരണം താൽകാലികമായി അത് വൈറ്റിലയിൽ സജ്ജമാക്കുകയായിരുന്നു. സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമായതിനാൽ അവിടേക്ക് ഒസിസി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.” കൊച്ചി വാട്ടർ മെട്രോ സിഇഒ സാജൻ പി ജോൺ അഴിമുഖത്തോട് പറഞ്ഞു.

യാത്രക്കാർക്ക് കാണുന്നതോ മനസിലാകുന്നതോ ആയ രീതിയിലുള്ള മാറ്റമല്ല ഒസിസി മാറ്റാൻ പോകുന്നു എന്നത്. അത് സിസ്റ്റത്തിനകത്ത് നടക്കുന്ന കാര്യം മാത്രമാണ്. സർവ്വീസുകളെയോ, യാത്രയെയോ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. പിന്നെ വാട്ടർ മെട്രോ ഓഫീസ് ഹൈക്കോടതി ഭാഗത്താണ് അപ്പോൾ ഓഫീസും ഒസിസിയും അടുത്തടുത്തായിരിക്കുന്നത് നല്ലതാണെന്നും കരുതി. സാജൻ ജോൺ കൂട്ടിച്ചേർത്തു.

നിലവിൽ നടക്കുന്ന സർവീസുകളിൽ വൈറ്റില-കാക്കനാട് സർവീസ് മാത്രമാണ് ഒസിസിക്ക് സമീപം നടക്കുന്നത്. മറ്റ് സർവീസുകൾ ഹൈക്കോടതി മുതൽ ഫോർട്ട് കൊച്ചി വരെ, ഹൈക്കോടതി മുതൽ വൈപ്പിൻ വരെ, ഹൈക്കോടതി മുതൽ സൗത്ത് ചിറ്റൂർ വരെ, സൗത്ത് ചിറ്റൂർ മുതൽ ചേരാനല്ലൂർ വരെ എന്നിവയാണ്. ഇവയെല്ലാം ഹൈക്കോടതി ഭാഗത്താണ്.

നിലവിൽ വൈറ്റില ഹബ്ബിലെ കെഡബ്ല്യൂഎംഎൽ കെട്ടിടത്തിലാണ് ഒസിസി പ്രവർത്തിക്കുന്നത്. ഈ രണ്ടുനില കെട്ടിടത്തിന്റെ ഓരോ നിലയും 15,000 സ്‌ക്വയർഫീറ്റ് വിസ്തീർണമുണ്ട്. ഒസിസിയുടെ പ്രവർത്തനം ഹൈക്കോടതിയിലേക്ക് മാറ്റുന്നതിലൂടെ ഈ സ്ഥലം കച്ചവടത്തിനായി വാടകയ്ക്ക് നൽകാൻ കഴിയും. വൈറ്റില മെട്രോ സ്‌റ്റേഷനിൽ കൂടുതൽ ആളുകൾ ആഗ്രഹിക്കുകയും, വൈറ്റില ഹബ്ബ് ബസ് ടെർമിനൽ തൊട്ടടുത്ത് ഉള്ളതിനാലും സ്ഥലത്തിന് ധാരാളം ആവശ്യക്കാരുണ്ടായിരിക്കും. അടുത്തിടെ കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ (ബെവ്‌കോ) കെഎംആർഎല്ലിനോട് പ്രീമിയം മദ്യശാല തുടങ്ങുന്നതിന് സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിരുന്നു.

വൈറ്റില ഹബ്ബിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ആവിശ്യകത കൂടി വരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിച്ചു. ഈ അധിക വരുമാനം കൂടി ലഭിക്കുന്നതോടെ വാട്ടർമെട്രോയുടെ സൗകര്യങ്ങളും വർധിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാട്ടർ മെട്രോ, കൊച്ചി മെട്രോ, ബസ് ടെർമിനൽ തുടങ്ങിയ വിവിധ ഗതാഗത മാർങ്ങളുടെ സംയോജനമാണ് വൈറ്റിലയിലുള്ളത്. ഇത് കച്ചവട സാധ്യതകളെയും വർധിപ്പിക്കുന്നതാണ്.

വൈറ്റിലയ്ക്ക് പുറമെ, ഹൈക്കോടതി ജങ്ഷനിലെയും വൈപ്പിനിലെയും വിശാലമായ ടെർമിനലുകളിലും മട്ടാഞ്ചേരിയിലും, തേവരയിലും വരാനിരിക്കുന്ന ടെർമിനലുകളിലും കച്ചവടത്തിനുള്ള സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനുള്ള പദ്ധതികളെക്കുറിച്ച് വാട്ടർ മെട്രോ ആലോചിക്കുന്നതായും വൃത്തങ്ങൾ പറയുന്നു.

ഫോർട്ട് കൊച്ചിയിൽ നിന്ന് വ്യത്യസ്തമായി അൽപ്പം കൂടി വിശാലമായ ടെർമിനലാണ് മട്ടാഞ്ചേരിയിൽ ഒരുക്കുന്നത്. നിർമാണം പൂർത്തിയായിക്കൊണ്ടിക്കുകയാണ്, സർവീസുകൾ അടുത്തമാസം മുതൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 78 കിലോമീറ്റർ നീളമുള്ള പാതയിലൂടെ 10 സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനായിരുന്നു ശര്മം. ഇതിനായി 15 റൂട്ടുകളുള്ള 36 ടെർമിനലുകളാണ് ആസൂത്രണം ചെയ്തിരുന്നത്. അടുത്ത മാസത്തോടെ ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും പുതിയ സർവീസ് ആരംഭിക്കുമ്പോൾ പദ്ധതികൾ ഉദ്ദേശിച്ച നിലയിലെത്തുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം വാട്ടർ മെട്രോയിലെ പ്രതിദിന യാത്രക്കാർ 6000 ത്തിലധികമായിരുന്നു. എന്നാൽ ബ്രേക്ക് ഇവൻ കൈവരിക്കണമെങ്കിൽ, പ്രതിദിന കളക്ഷൻ 2.5 ലക്ഷത്തിലെത്തേണ്ടതുണ്ട്. അതിനായി ഒരു ദിവസം ശരാശരി പ്രതിദിന യാത്രക്കാർ 7000ത്തിലധികമാകണം.

എന്താണ് ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി)

വാട്ടർ മെട്രോയുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനും, യാത്രകൾ സുഖമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്ന കൺട്രോൾ റൂമുകളാണ് ഒസിസി. നിർദേശങ്ങൾ നൽകുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആശയവിനിമയ ഉപകരണങ്ങളും മറ്റ് സാങ്കേതിക വിദ്യകളും സോഫ്റ്റ്‌വെയറും ഇതിലുണ്ട്.

*സർവീസിന് പോകുന്ന സമയത്ത് എല്ലാ ബോട്ടുകളും ഏതൊക്കെ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു, അവയുടെ റൂട്ട് ഏതാണ് തുടങ്ങിയ കാര്യങ്ങൾ ട്രാക്ക് ചെയ്യുന്നു കൺട്രോൾ പാനൽ.

*ഇടനാഴിയിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ യഥാർത്ഥ ഗ്രൗണ്ട് പൊസിഷന്റെ ദൃശ്യങ്ങൾ ലഭിക്കുന്നു. ഇവ കൈമാറ്റം ചെയ്യുന്നതിനുള്ള മോണിറ്ററുകൾ.

* വാട്ടർ മെട്രോ നിയന്ത്രിക്കുന്ന (ഓടിക്കുന്ന) ആളുകൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാനുള്ള വോയിസ് കമ്മയൂണിക്കേഷൻ സൗകര്യങ്ങൾ. ഇതിലൂടെ ഹബ്ബിലെ സൂപ്പർവൈസർമാർക്കും കൺട്രോൾ റൂമുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നു.

* വാട്ടർ മെട്രോയിലെ വിവിധ ഉപകരണങ്ങൾ, ടിക്കറ്റ് മെഷീനുകൾ, ക്യാമറകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന എല്ലാ ഡാറ്റകളും ആവശ്യത്തിന് അയയ്ക്കാനും, തിരിച്ച് സ്വീകരിക്കാനുമുള്ള സിസ്റ്റം.

* റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളോ പിശകുകളോ ഉണ്ടായാൽ അത് കണ്ടെത്തി റിപ്പോർട്ട് ചെയ്യാനും ഉടനടി ജീവനക്കാരെ അറിയിക്കാനും ഈ സംവിധാനത്തിന് കഴിയും.

* സിസ്റ്റത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ശേഖരിക്കുക, പ്രോസസ്സ് ചെയ്യുക, സംഭരിക്കുക എന്ന ജോലിയും ഒസിസിയിൽ നടക്കുന്നു.Kochi Water Metro to move its operations control centre 

Content summary; Kochi Water Metro to move its operations control centre from Vyttila Hub to the High Court Junction terminal.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×