February 19, 2025 |

എത്ര വിമര്‍ശിച്ചിട്ടും ഫലമില്ല; മരണക്കെണിയായി കൊച്ചിയിലെ റോഡുകള്‍

കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് ശോചനീയാവസ്ഥയിലുള്ള റോഡുകൾ.

കേരളത്തിലെ റോഡുകളെ കുറിച്ച് പറഞ്ഞുതുടങ്ങിയാൽ വിമർശനങ്ങളുടെ പെരുമഴ നമുക്ക് കാണാനാവും. റോഡിൽ പെട്ടിക്കട നടത്തുന്ന സാധാരണക്കാരൻ മുതൽ പരമോന്നത ഹൈക്കോടതി വരെ വിമർശിച്ച് പഴകിയ റോഡുകളാണ് കൊച്ചിയ്ക്ക് സ്വന്തമായുള്ളത്. എന്നാൽ എത്ര കേട്ടാലും നന്നാവില്ലെന്ന മട്ടിലാണ് കൊച്ചി കോർപ്പറേഷൻ. റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റവർ, മരണം സംഭവിച്ചവർ വരെ ഇന്ന് ഈ കൊച്ചുകേരളത്തിലുണ്ട്.Kochi’s roads in poor

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം പരാമർശിച്ചാണ് ഹൈക്കോടതി വിഷയത്തിൽ ഇടപ്പെട്ടത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് ശോചനീയാവസ്ഥയിലുള്ള റോഡുകൾ. കോടതി മുൻപ് നടത്തിയ പരാമർശങ്ങളെല്ലാം നിരാകരിക്കുന്ന രീതിയിലാണ് കോർപ്പറേഷന്റെ പോക്ക്. പുതിയതായി നിർമ്മിച്ച റോഡിൽ എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നത് എന്നതിൽ വ്യക്തത വരുത്തണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറാകുന്നില്ല. ഇതേതുടർന്നാണ് പരാതികളേറെയുണ്ടാകുന്നത്. കൊച്ചി നഗരത്തിൽ ജോലിക്കായി വന്നുപോകുന്നവരേറെയാണ്. ഇവരെയൊക്കെ വഴിയിലെ കുഴിയിൽ വീഴ്ത്തുന്ന നിലയിലാണ് റോഡുകളുള്ളത്. ഒരു മഴ വന്നാൽ ഒലിച്ച് പോകുന്ന ടാറാണ് റീ ടാറിങ്ങിന് ഉപയോഗിക്കുന്നത്. ചെയ്തുവെന്ന് കാണിക്കാൻ മാത്രം റീ ടാറിങ് പൂർത്തിയാക്കി സ്ഥലം വിടുന്ന അധികൃതരാണിവിടെ ഉള്ളത്.

ഇപ്പോൾ കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. ഒരിടത്തെങ്കിലും മികച്ച നടപ്പാതയില്ലാത്ത എന്ത് നഗരമാണിതെന്ന് ചോദ്യം കോർപ്പറേഷന്റെ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണ്. സീബ്രാ ക്രോസിംഗിന് മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്നും കോടതി അറിയിച്ചു. കൊച്ചിയിലെ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പണിയറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെയ്ക്കണമെന്ന ഹൈക്കോടതിയുടെ പരാമർശം ഏറെ ചർച്ച ചെയ്ത വാർത്തയാണ്.കഴിവുകൾ ഉള്ള ഒട്ടേറെ പേർ പുറത്തുനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയതാണ്. അധികൃതർക്ക് തന്റെ ജോലിയിൽ യാതൊരു നിലവാരവുമില്ലേയെന്ന പരസ്യമായ പരിഹാസം തന്നെയായിരുന്നു അത്. നിലവാരമുള്ള റോഡുകൾ ജനങ്ങളുടെ അവകാശമാണ്. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്നും മുൻപ് നിർദ്ദേശിച്ചിരുന്നു.മോശം റോഡുകൾക്കൊപ്പം കൊച്ചിയിലെ ഗതാഗതം തടസപ്പെടുത്തുന്ന മറ്റ് പ്രശ്‌നങ്ങളാണ് റോഡിലെ മാലിന്യക്കൂമ്പാരവും അനധികൃത ബോർഡുകളും ഇവയെല്ലാം സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. കൊച്ചിയിലെ നിരത്തുകൾ ഇങ്ങനെ തകർന്ന അവസ്ഥയിൽ തുടരുമ്പോൾ ജനം പ്രതികരിക്കുക തന്നെ ചെയ്യും.

നെടുമ്പാശ്ശേരി ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി എ എ ഹാഷിമാണ് മരിച്ചത്. റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുഴിയിൽ വെള്ളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയിൽ പെട്ട് ജീവിതം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുമ്പോൾ കോർപ്പറേഷൻ കേന്ദ്രീകരിച്ച് കൃത്യമായ നിരീക്ഷണങ്ങളും നടപടികളുമാണ് ആവശ്യം.
കോൺഗ്രസ് ഭരണകാലത്ത് റോഡിന്റെ ശോചനീയാവസ്ഥയെ ചൊല്ലി നിരവധി പ്രതിഷേധങ്ങൾ ഇടത് സംഘടനകൾ നടത്തിയിരുന്നു. എന്നാൽ ഇടതിന്റെ ഭരണം വന്നപ്പോൾ റോഡിന്റെ കാര്യത്തിൽ മെല്ലെപ്പോക്ക് നയം തുടരുകയാണ്.Kochi’s roads in poor

content summary; Kochi’s roads in poor condition and collapsing

×