June 26, 2026 |
Share on

മരണക്കെണിയായി ഗസയിലെ സഹായകേന്ദ്രങ്ങൾ; ഇസ്രയേൽ വെടിവെപ്പിൽ മരണം 500 കടന്നു

സാധാരണക്കാരെ കൊന്നൊടുക്കി ഇസ്രയേൽ സൈന്യം

പട്ടിണി മരണം നേരിടുന്ന ഗസയിലെ ജനങ്ങൾ അന്നംതേടി എത്തുമ്പോൾ വെടിവച്ചും മിസൈലിട്ടും ടാങ്കുകൾ ഉപയോഗിച്ചും കൂട്ടത്തോടെ അവരെ കൊന്നൊടുക്കുകയാണ്‌ ഇസ്രയേൽ സൈന്യം. ഗാസയിൽ സഹായം തേടിയെത്തിയ 40 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. ഇസ്രയേലും ഇറാനും തമ്മിൽ പ്രഖ്യാപിച്ച ദുർബലമായ വെടിനിർത്തൽ ഗസയിലെ 20 മാസമായി നീണ്ടുനിൽക്കുന്ന യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും, ചൊവ്വാഴ്ച ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിച്ചിരുന്നു.

മാനുഷിക സഹായം തേടുന്ന സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്ത രണ്ട് സംഭവങ്ങളെങ്കിലും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെയും യുഎസിന്റെയും പിന്തുണയോടെ ഗസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന സ്വകാര്യ സംഘടന തെക്കൻ നഗരമായ റാഫയ്ക്ക് സമീപം കഴിഞ്ഞ മാസമാണ് ഒരു പുതിയ ഫുഡ് ഹബ്ബ് സ്ഥാപിക്കുന്നത്. പുലർച്ചെ 5 മണി മുതൽ ആളുകൾ അവിടെ ഭക്ഷണത്തിനായി കാത്തിരിക്കാറുണ്ട്.

‘ഞങ്ങൾ താമസിക്കുന്നത് ഷാക്കൗഷിലെ (റാഫയുടെ മുൻ പ്രദേശം) ഹബ്ബിന് സമീപമാണ്.
ഭക്ഷണത്തിനായി ഓടിയെത്തിയ ആൾക്കൂട്ടത്തിന് നേരെ ഇസ്രയേലി സൈനിക വാഹനങ്ങൾ പാഞ്ഞടുത്തു. സഹായത്തിനായി കാത്തുനിന്ന സാധാരണക്കാർക്ക് നേരെ വെടിയുണ്ടകളും ഷെല്ലുകളും പ്രയോഗിക്കാൻ തുടങ്ങി. ഞങ്ങളുടെ ചുറ്റുപാടുകളിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾക്ക് പരിക്കേറ്റു. ഞങ്ങൾ അവരെ ഞങ്ങളുടെ ഷെൽട്ടറിലേക്ക് വലിച്ചിടാൻ ശ്രമിച്ചു. ചിലർ തത്ക്ഷണം മരിച്ചു, മറ്റുള്ളവർക്ക് ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു’. തന്റെ അനുഭവം വിവരിക്കുമ്പോൾ ആക്രമണത്തിന്റെ നടുക്കത്തിലായിരുന്നു അബു രാജ്ലിയ എന്ന ചെറുപ്പക്കാരൻ. ആക്രമണത്തിൽ അബുവിന്റെ ബന്ധുവിനും സാരമായി പരുക്കേറ്റിരുന്നു.

ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും വ്യക്തമല്ല. യുഎസ് പിന്തുണയുള്ള സഹായ വിതരണ കേന്ദ്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ റാഫയിലെ ഒരു സഹായ കേന്ദ്രത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ, അൽ-അലം, അൽ-ഷകൂഷ് എന്നീ പ്രദേശങ്ങൾക്ക് സമീപമുള്ള സിവിലിയൻ ഒത്തുചേരലുകൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം വെടിയുണ്ടകളും ടാങ്ക് ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ എഎഫ്‌പിയോട് പറഞ്ഞു. കൊടുംപട്ടിണിയിലായ ഗസയിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന സഹായവിതരണ കേന്ദ്രം മരണക്കെണിക്ക് തുല്യമാണ്. ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും പരിതാപകരമായ അവസ്ഥയിലായ ഗസയിലെ ജനങ്ങളെ കൂടുതൽ അവഹേളിക്കാനും കൊന്നൊടുക്കാനും മാത്രമാണ്‌ ഈ കേന്ദ്രം കാരണമാകുന്നത്.

content summary:  Israeli forces raise death toll of such incidents in Gaza in last two weeks to more than 500

Leave a Reply

Your email address will not be published. Required fields are marked *

×