മൃതദേഹം പോലും ഏറ്റുവാങ്ങില്ലെന്ന് സബ് ഇൻസ്‌പെക്ടറായ സഹോദരി
“ സമൂഹത്തെ സേവിക്കാനും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും മാത്രമേ അവൾ ആഗ്രഹിച്ചിട്ടുള്ളു. പക്ഷെ അവൾക്ക് തിരിച്ചെന്താണ് കിട്ടിയത് ?” ഡ്യൂട്ടിക്കിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ജൂനിയർ വനിതാ ഡോക്ടറുടെ മാതാവ് തങ്ങനാവാത്ത ഹൃദയ വേദനയോടെ, നിറഞ്ഞ കണ്ണുകളോടെ ചോദിക്കുന്നു. കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ആണ് പിജി ട്രെയിനി ഡോക്ടർ വ്യാഴാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്.കേസിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജി വെച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് സുപ്രണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി.
Kolkata woman doctor rape-murder
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ഡോക്ടറെ കണ്ടെത്തിയത്. കൊലപതകത്തിൽ കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് ആഗസ്റ്റ് 10 ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാരതീയ ന്യായ് സന്ഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗം), 103/1 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.
“ രാത്രി 11 മണിയോടെയാണ് അവൾ ഞങ്ങളെ വിളിച്ച് അവസാനമായി സംസാരിച്ചത്. അവളുടെ വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു, പക്ഷെ എല്ലാം തകർന്നു.” ജൂനിയർ വനിതാ ഡോക്ടറുടെ മാതാവ് ദി ക്വിൻ്റിനോട് പറയുന്നു.
ശനിയാഴ്ച (ഓഗസ്റ്റ് 10), വെള്ളിയാഴ്ച (ഓഗസ്റ്റ് 9) രാത്രി വൈകിയും ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിവിക് പോലീസ് എന്നും ഇതറിയപ്പെടാറുണ്ട്. പോലീസിനെ സഹായിക്കുന്നതിനായി പശ്ചിമ ബംഗാളിലാണ് ഈ പോസ്റ്റ് ആദ്യം സ്ഥാപിച്ചത്, പോലീസ് വെൽഫെയർ ഓർഗനൈസേഷൻ്റെ ഭാഗമാണിത്. സഞ്ജയ് റോയ് 2019- ലാണ്, കൊൽക്കത്ത പോലീസിൻ്റെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഗ്രൂപ്പിൽ ഒരു സിവിക് വോളൻ്റിയറായി ചേരുന്നത്. ഇവിടെ നിന്നാണ് കൊൽക്കത്ത പോലീസിൻ്റെ വെൽഫെയർ സെല്ലിലേക്ക് മാറുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഇയാളെ ആർജി കാർ ഹോസ്പിറ്റലിലെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് നിരവധി തവണ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രിയുടെ എല്ലാ വകുപ്പുകളിലേക്കും ഇയാൾക്ക് അനായാസം കയറി ചെല്ലാൻ കഴിയുമായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടുന്നത് കൊണ്ടാണ്, ജൂനിയർ ഡോക്ടറും, മറ്റ് മൂന്ന് സഹപ്രവർത്തകരും ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിലിരുന്ന് അത്താഴം കഴിച്ചത്. ഭക്ഷണം കഴിച്ച് മൂന്ന് സഹപ്രവർത്തകർ തിരിച്ച് പോയി, എന്നാൽ ജൂനിയർ ഡോക്ടർ വിശ്രമിക്കാനായി സെമിനാർ മുറിയിൽ തങ്ങുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കഴുത്തിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് ധരിച്ച് സഞ്ജയ് റോയ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 40 മിനിറ്റിനുശേഷം സഞ്ജയ് കെട്ടിടം വിട്ടപ്പോൾ ബ്ലൂടൂത്ത് ഉപകരണം കാണാനില്ലായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത ഇത് ഇയൾക്കെതിരെയുള്ള പ്രാഥമിക തെളിവായി ഹാരാജാക്കിയേക്കും.
സഞ്ജയ് റോയിയുടെ അയൽവാസികൾ പറയുന്നതനുസരിച്ച്, ഇയാൾ നാല് തവണ വിവാഹിതനായിട്ടുണ്ട്. സഞ്ജയുടെ മോശം പെരുമാറ്റം മൂലമാണ് മൂന്ന് ഭാര്യമാർ ഇയാളെ ഉപേക്ഷിച്ചത്. നാലാമത്തെ ഭാര്യ കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ചു. മദ്യലഹരിയിലാണ് റോയ് പലപ്പോഴും രാത്രി വൈകി വീട്ടിലേക്ക് മടങ്ങാറുള്ളതെന്ന് അയൽവാസികൾ പറയുന്നു. സ്ത്രീകളോട് അക്രമാസക്തമായ പെരുമാറ്റം ആണെന്ന് സഞ്ജയുടെ ഭാര്യമാരിൽ ഒരാളുടെ അമ്മ പറയുന്നു. “മുൻപ് വിവാഹം കഴിച്ചതാണെന്ന് മറച്ചുവെച്ചാണ് അയാൾ എൻ്റെ മകളെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം എൻ്റെ മകളെ നിരന്തരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു, പരിധി വിട്ടതോടെ ഞങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ” അവർ പറയുന്നു.
ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് സഞ്ജയ് മദ്യം കഴിച്ചിരുന്നതായി അറസ്റ്റിന് ശേഷം പോലീസ് സ്ഥിരീകരിച്ചു. രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിയുടെ പുറക് വശത്ത് പോയി മദ്യപിച്ചിരുന്നതായും അവിടെ മദ്യപിക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടാതെ, സഞ്ജയ് റോയിയുടെ മൊബൈൽ ഫോണിൽ നിന്ന് പരിശോധനയ്ക്കിടെ അക്രമാസക്തമായ നിരവധി അശ്ലീല വീഡിയോകളും പോലീസ് കണ്ടെത്തി. ”അയാളുടെ മൊബൈലിൽ ഏതാണ്ട് അക്രമാസക്തമായ നിരവധി പോൺ വീഡിയോകളാണ്, പ്രതി ഒരുപക്ഷെ മാനസികരോഗിയോ അതുമല്ലെങ്കിൽ വികൃത സ്വാഭാവമുള്ള വ്യക്തിയോ ആണ്.” വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറയുന്നു.
സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറയുന്നതനുസരിച്ച് ഇയാൾ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കൃത്യത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഇയാൾ ഉറങ്ങി എഴുന്നേറ്റതിന് ശേഷം തലേ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകിയിരുന്നു. എന്നാൽ തെരച്ചിലിനിടയിൽ രക്തക്കറകളുള്ള ചെരുപ്പ് പോലീസ് കണ്ടെടുത്തു. ഡോക്ടറുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനം നടന്നതായി സൂചിപ്പിച്ചിരുന്നു. ക്രൂരമായി ആക്രമിച്ചതിന്റെ ഫലമായാണ് മുറിവുകൾ എന്ന് വ്യക്തമാണ്.
ലൈംഗികാതിക്രമത്തെ തുടർന്നാണ് യുവതി കൊല്ലപ്പെട്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “ഡോക്ടറുടെ കഴുത്തിലെ എല്ലും ഒടിഞ്ഞ നിലയിലായിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൻ്റെ പൂർണ്ണ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
31 കാരിയുടെ ബലാത്സംഗവും കൊലപാതകവും സംസ്ഥാനത്തും രാജ്യത്തും ഉടനീളമുള്ള ആശുപത്രികളിലെ മെഡിക്കൽ ജീവനക്കാരെ പ്രതിഷേധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ആർജി കാർ മെഡിക്കൽ കോളേജ്, നാഷണൽ മെഡിക്കൽ കോളേജ്, കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാരും വിദ്യാർത്ഥികളും പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. സംഭവത്തിൽ ഓഗസ്റ്റ് 12 ന് രാജ്യവ്യാപക പണിമുടക്ക് നടത്തുകയാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ. തിങ്കളാഴ്ച രാവിലെ മുതൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ (ഒപിഡികൾ), ഓപ്പറേഷൻ തിയേറ്ററുകൾ (ഒടികൾ), വാർഡ് ഡ്യൂട്ടികൾ എന്നിവ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് തലസ്ഥാനത്തെ നിരവധി സർക്കാർ ആശുപത്രികൾ ഞായറാഴ്ച ഔദ്യോഗിക പ്രസ്താവനകൾ പുറത്തിറക്കിയിരുന്നു.
കൊൽക്കത്ത പോലീസിൽ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറായ സഞ്ജയ് റോയിയുടെ സഹോദരി ഇയാളെ തള്ളി പറയുകയും, ക്രൂര കൃത്യത്തിന് കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “നിങ്ങൾക്ക് അവനെ എന്തുവേണമെങ്കിലും ചെയ്യാം, പക്ഷെ അവന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരരുത്. ഞങ്ങൾക്ക് അത് അംഗീകരിക്കാനാവില്ല.” അവർ പറഞ്ഞു.
അതേ സമയം ഡോക്ടറുടെ കുടുംബത്തെ സന്ദർശിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേസ് വേഗത്തിൽ അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. “കേസ് പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്ങനെയാണ് ഒരു ഹോസ്പിറ്റലിൽ ഇത്തരമൊരു സംഭവം സംഭവിക്കുന്നതെന്ന് എനിക്കിനിയും മനസിലായിട്ടില്ല. കൂടുതൽ പ്രതികളുണ്ടെങ്കിൽ, എല്ലാവരെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ, ഞങ്ങൾ കേസ് സിബിഐക്ക് കൈമാറും. ”ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
Content summary;Kolkata woman doctor rape-murder civic volunteer arrested Kolkata woman doctor rape-murder