March 18, 2025 |
Share on

ഡോക്ടര്‍ സമരം പിന്‍വലിച്ചു; ആര്‍ ജി കാര്‍ ആശുപത്രിയെ ഉപേക്ഷിച്ച് പൊതുജനവും

മൂന്നു മാസത്തിനിടയില്‍ ചികിത്സ തേടാനെത്തിയവരുടെ എണ്ണത്തില്‍ വന്‍കുറവ്

മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആശുപത്രിയില്‍വച്ച് നടന്ന ജൂനിയര്‍ ഡോക്ടറുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 5 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. മറ്റുള്ളവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്‍കണമെന്ന് ആവശ്യപ്പെട്ട്‌കൊല്ലപ്പെട്ട ഡോക്ടറുടെ രക്ഷിതാക്കള്‍ നടത്തിയ അപേക്ഷയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 9ന് ആര്‍ജി കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് 17 ദിവസം നീണ്ടുനിന്ന നിരാഹാര സമരം. ഒരു ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ തന്നെ നടുക്കിയതായിരുന്നു. ആരോഗ്യ മേഖലയില്‍ മാത്രമല്ല, പൊതുസമൂഹത്തിലും വലിയ അലയൊലികളാണ് ഈ സംഭവം സൃഷ്ടിച്ചത്. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പൊലീസിനെതിരേയും ഡോക്ടര്‍മാരുടെ സംഘം വലിയ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതോടെ പ്രതിഷേധം രൂക്ഷമായി.

കൊല്ലപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം.

നിരഹാരം സമരം പല ഡോക്ടര്‍മാരുടെയും ആരോഗ്യനില വഷളാക്കിയിരുന്നു. ഉപവാസം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായതിനെ തുടര്‍ന്ന് അര ഡസനിലധികം ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നിട്ടും പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ‘തിങ്കളാഴ്ച്ചത്തെ യോഗത്തില്‍, ചില നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചു. എന്നാലും, തൃപ്തികരമായ സമീപനമായിരുന്നില്ല സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. എങ്കിലും മരണപ്പെട്ട ഞങ്ങളുടെ സഹോദരിയുടെ മാതാപിതാക്കളും പൊതുസമൂഹവും ഞങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാനും നിരാഹാര സമരം അവസാനിപ്പിക്കാനുമായി നടത്തിയ അഭ്യര്‍ത്ഥന അംഗീകരിക്കുകയാണ്’ എന്നാണ് സമരം പിന്‍വലിക്കാനുള്ള കാരണമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധി ദേബാശിഷ് ഹാല്‍ദര്‍ പറയുന്നത്.

മുഖ്യമന്ത്രി ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ആശങ്കകള്‍ അവതരിപ്പിച്ചിരുന്നു. ”ഞങ്ങള്‍ക്ക് പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു, ഞങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെങ്കിലും, സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഞങ്ങള്‍ ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയാണ്.” നിരാഹാര സമരത്തില്‍ പങ്കാളിയായിരുന്ന ജൂനിയര്‍ ഡോക്ടര്‍ സയന്തനി ഘോഷ് ഹസ്ര അഭിപ്രായപ്പെട്ടു.

ക്രൂരമായൊരു കൊലപാതകത്തോടുള്ള പ്രതികരണം മാത്രമല്ല പശ്ചിമ ബംഗാളില്‍ കണ്ടത്, സംസ്ഥാനത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ ഉണ്ടാകേണ്ട വ്യവസ്ഥാപിത പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു. മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശക്തമായ പിന്തുണാ സംവിധാനം എന്നിവയ്ക്കായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്‍കാലം തൊട്ടേ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. അവരുടെ ആവലാതികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പരാധീനതകള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ്. പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍.

ഏകദേശം മൂന്ന് മാസം നീണ്ട ഡോക്ടര്‍മാരുടെ പ്രതിഷേധം ആര്‍ജി കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിരുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന പ്രധാന ആശുപത്രികളില്‍ ഒന്നായ ആര്‍ജി കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്ന ശരാശരി പ്രതിദിന രോഗികളുടെ എണ്ണം 5,106 ല്‍ നിന്ന് 2,362 ആയി കുറഞ്ഞു, 53% ഇടിവ്. അതുപോലെ, ഇന്‍പേഷ്യന്റ് അഡ്മിഷന്‍ 256 ല്‍ നിന്ന് 122 ആയി കുറഞ്ഞു, 52% ഇടിവ്. പ്രധാന ശസ്ത്രക്രിയകളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു, ഈ കാലയളവില്‍ 91% കുറവ് ശസ്ത്രക്രിയകളുടെ കാര്യത്തില്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊല്‍ക്കത്തയുടെ ആരോഗ്യ സംവിധാനത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്നതിന്റെ ഭയാനകമായ ചിത്രമാണ്, ഡോക്ടര്‍മാരുടെ പ്രതിഷേധത്തിലൂടെ പുറത്തു വന്നത്. രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഭയാനകമായ ഇടിവ് ആരോഗ്യ പരിപാലനത്തില്‍ ഉടനടിയുണ്ടാക്കിയ ആഘാതം മാത്രമല്ല, ആരോഗ്യ പരിരക്ഷാ സംവിധാനത്തിലുള്ള സമൂഹത്തിന്റെ ദീര്‍ഘകാല വിശ്വാസത്തെ കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ആരോഗ്യമേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് ലഭിച്ചത്. നിരവധി പേര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു രംഗത്തു വന്നിരുന്നു. നിരാഹാര സമരത്തിന് വലിയ മാധ്യമശ്രദ്ധയുണ്ടായി. പൊതുജനങ്ങളും സോഷ്യല്‍ മീഡിയ കാമ്പയിനുകളിലൂടെ ഡോക്ടര്‍മാര്‍ക്കൊപ്പം അണി ചേര്‍ന്നു. നീതിക്കും പരിഷ്‌കരണത്തിനുമുള്ള ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് അത് വലിയ രീതിയില്‍ പിന്തുണകൂട്ടി. നിരാഹാര സമരം താത്കാലികമായി അവസാനിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തെ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. തങ്ങളുടെ വ്യക്തിഗതമായ ആവശ്യങ്ങളെക്കാള്‍ പൊതുജനാരോഗ്യത്തിന് അവര്‍ മുന്‍ഗണന നല്‍കുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുന്നതിനും ഗവണ്‍മെന്റ് എന്തു ചെയ്യുമെന്നതിന്റെ വിശദീകരണത്തിനാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ നടന്നതുപോലെയുള്ള ദൗര്‍ഭാഗ്യകരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ ആരോഗ്യപരിപാലന വിദഗ്ധര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതടക്കമുള്ള മാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചുള്ള പ്രസ്താവനയില്‍ ജൂനിയര്‍ ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ പ്രതിനിധികളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്. ‘ഇപ്പോള്‍ ആരംഭിച്ച ചര്‍ച്ചകള്‍ ക്രിയാത്മകമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നീതിക്കും പരിഷ്‌കരണത്തിനുമായി ഞങ്ങളുടെ പോരാട്ടം തുടരും, വീണുപോയ ഞങ്ങളുടെ സഹോദരിക്ക് വേണ്ടി മാത്രമല്ല, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം അര്‍ഹിക്കുന്ന എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വേണ്ടി,’ എന്നാണ് ഡോക്ടര്‍ ഹാല്‍ദര്‍ പറയുന്നത്.  RG Kar Protests Called Off; Patient Footfall Halved in Three Months

Content Summary; RG Kar Protests Called Off; Patient Footfall Halved in Three Months

×