‘വെയ്റ്റ് ആന്‍ഡ് സീ’ രാഹുല്‍ വിഷയം ഒറ്റവാക്കില്‍ പറഞ്ഞൊഴിഞ്ഞ് കെപിസിസി

അടിയന്തര നടപടി  വേണമെന്ന്  ഹൈക്കമാന്‍ഡിനോട് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ്സ് നേതാക്കൾ. ആദ്യ ഘട്ടത്തിൽ മൗനം പാലിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ദേശീയ തലത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെയാണ് സംസ്ഥാന നേതാക്കൾ പ്രതികരിക്കാൻ തയ്യാറായത്.

രാഹുലിനെതിരായ നടപടികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ‘വെയ്റ്റ് ആന്‍ഡ് സീ’ എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.  രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അടിയന്തര നടപടി  വേണമെന്ന്  ഹൈക്കമാന്‍ഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി വൈകുംതോറും അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം രേഖ പുറത്ത് വന്നിരുന്നു. മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

യുവതിയെ ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു എന്നാണ് ഈ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. കുഞ്ഞിന്റെ പിതൃത്വം താൻ ഏറ്റെടുക്കില്ലെന്ന് രാഹുൽ പറയുന്നത് ശബ്ദരേഖയിലുണ്ട്.

ഈ വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാൻ ദേശീയ നേതൃത്വം തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ വിഷയങ്ങളിലായി രാഹുലിനെതിരെ ഒമ്പതോളം പരാതികൾ എഐസിസിക്ക് ലഭിച്ചിട്ടുണ്ട്. രാഹുലിനോട് നേരിട്ട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്ക് ശേഷം രാഹുലിൽ നിന്ന് രാജി എഴുതിവാങ്ങാനാണ് നേതൃത്വം ആലോചിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്ന കാര്യവും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

അതേസമയം, എംഎൽഎ സ്ഥാനത്തുനിന്ന് രാജി വയ്പ്പിക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അതിനാൽ, തൽക്കാലം എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

content summary: KPCC dismissed the Rahul issue with a single word: “Wait and see.”

This post was last modified on August 21, 2025 12:08 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment