2 ദിവസം കൊണ്ട് 20 കോടി
സ്വപനങ്ങളും പ്രതീക്ഷകളും അസ്തമിച്ചവർക്ക് കൈത്താങ്ങായി തീർന്നിരിക്കുകയാണ് കുടുംബശ്രീയിലെ വീട്ടമ്മമാർ.ഉറുമ്പ് കൂട്ടി വയ്ക്കും പോലെ നല്ല നാളേയ്ക്കായ് ചേർത്ത് വച്ച സമ്പാദ്യമാണ് വയനാട് ദുരന്തിന്റ ബാക്കി പത്രമായവർക്കായി പകുത്ത് നൽകിയത്. ഒരു നാടിന്റെ കണ്ണീരൊപ്പാൻ കൊച്ചു സാമ്പാദ്യം ചേർത്ത് വച്ചത് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ മനുഷ്യത്വത്തിന്റെ പ്രതീകമായി മാറി തീർന്നിരിക്കുകയാണ്.
വയനാട് ദുരന്തത്തിന്റെ കണ്ണീരിനിയും ഉണങ്ങിയിട്ടില്ല. തങ്ങളാലാവും വിധം കണ്ണീരിനെ തുടച്ചു നീക്കാൻ കേരളം കൈത്താങ്ങാവുന്നുമുണ്ട്. സംസ്ഥാനത്തിന് അകത്തും അകത്തും നിന്നുമായി നിരവധി സഹായങ്ങളാണ് വയനാടിനെ തേടിയെത്തി കൊണ്ടരിക്കുന്നത്. ഇതോടെയാണ് വയനാടിന് കൈത്താങ്ങാകാൻ കുടുംബശ്രീ കൂടി ഇറങ്ങി തിരിച്ചത്. കേരളത്തിലെ സമസ്ത മേഖലയിലും കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഒരു വലിയ കൂട്ടയ്മയ്ക്ക് അതത്ര പ്രശ്നമായിരുന്നില്ല. അവരൊരുമിച്ച് നിന്ന് വയനാടിന്റെ അതിജീവനത്തിനു പുനരധിവാസത്തിനായി കൈ കോർത്തപ്പോൾ ലഭിച്ചത് 20 കോടി രൂപയാണ്. കേവലം രണ്ടു ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക കുടുംബശ്രീ സമാഹരിച്ചെന്നതറിയുമ്പോൾ ആ ഞെട്ടലിന് ആക്കം കൂടും.
”പ്രളയ സമയത്തും ദുരിതാശ്വാസത്തിനായി ഒരു വലിയ തുക സമാഹരിച്ചിരുന്നു. ആ പ്രചോദനത്തിന് പുറത്താണ് വയനാടിന് വേണ്ടി വീണ്ടും കൈകോർത്തത്. അതൊരു വലിയ വിജയമായി” എന്ന് ആഹ്ലാദം തുളുമ്പുന്ന വാക്കുകളോടെ പറയുകയാണ് കുടംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ നാഫി. ”സമൂഹത്തിന്റെ അടിസ്ഥാന വിഭാഗമെന്ന് പറയാവുന്ന സാധാരണ ജനങ്ങളും, കൂലിപ്പണിക്കരും, തൊഴിലാളികളും, സംരംഭകരുമാണ് കുടുംബശ്രീയുടെ അത്താണി എന്ന് പറയാം. ആ പ്രസ്ഥാനത്തിന്റെയും, അവരുടെ പര്സപര പങ്കാളിത്തത്തിന്റെയും ശക്തി കൂടിയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും” അദ്ദേഹം പറയുന്നു.
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായാണ് ആഗസ്റ്റ് 10, 11 തീയതികളിൽ ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിൽ കുടുംബശ്രീ കൂട്ടയ്മയുടെ നേതൃത്വത്തിൽ ഒരു ക്യാമ്പെയ്ൻ എന്ന ആശയം ഉണ്ടാകുന്നത്. ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട് പോയ, ഒരായുഷ്‌കാലത്തിന്റെ സമ്പാദ്യം മുഴുവൻ ഒരറ്റ രാത്രി ഇരുട്ടി വെളുക്കും മുൻപ് ഒലിച്ചു പോകുന്ന കാഴ്ച നിസഹായരായി നോക്കി നിൽക്കേണ്ടി വന്ന ചൂരൽമലക്കാർക്കും മേപ്പാടി നിവാസികൾക്കും വേണ്ടി അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം അണിനിരന്നു. സംസ്ഥാനമൊട്ടാകെയുളള അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ കൈകോർത്തപ്പോൾ ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എൺപത്തിരണ്ട് കോടി രൂപ രണ്ടു ദിവസം കൊണ്ട് സമാഹരിക്കാനായി.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങളും കൂടി ഈ ക്യാമ്പയിനിന് പിന്തുണ നൽകിയതോടെ ധനസമാഹരണം വിചാരിച്ചതിലും വേഗത്തിൽ നടന്നു. ഇവരെ കൂടാതെ കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെയാണ് രണ്ട് ദിവസം കൊണ്ട് 20 കോടി എന്ന വലിയ സംഖ്യയിലേക്ക് ഈ ശ്രമം എത്തിനിന്നത്.
”ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രത്യേക അയൽക്കൂട്ടങ്ങളായി ഒന്ന് ചേർന്ന് കൊണ്ട് വളരെ ചെറിയ തുകയാണ് അവർ സമാഹരിച്ചത്, പക്ഷെ 46 ലക്ഷം പേർ ചേർന്ന് ഈ ചെറിയ തുകകൾ കൂട്ടിച്ചേർത്താണ് ഇത്രയും വലിയ തുകയാക്കി മാറ്റിയത്. സ്ത്രീകളുടെ ഒരു കൂട്ടയ്മയുടെ കൂടി വിജയമായാണ് ഇതിനെ കാണേണ്ടത്. നിലവിൽ വയനാട്ടിലെ ദുരന്തമുഖത്തും ഇവർ മുൻനിര പോരാളികളായി അണിനിരന്നിരുന്നു. എന്നാൽ അതിൽ നിന്ന് ഒരു പടി കൂടി കൂടുതൽ കടന്ന് മൊത്തം സംഘടന സംവിധനകളും പ്രയോജനപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സാധാരണക്കാരുടെ ഒരു സംഘടന എന്ന നിലയിലാണ് കുടുംബശ്രീക്ക് സംസ്ഥാനത്തുടനീളം ഒരു സ്വീകാര്യത ലഭിക്കുന്നത്.
എല്ലാ വീട്ടിൽ നിന്ന് ഒരംഗമെങ്കിലും കുടുംബശ്രീയിൽ ഉണ്ടാകും. ഇവർ ഒരുമിച്ചു നിന്നതുകൊണ്ടാണ് ഈ തുക സമാഹരിക്കാനായത്. പല തുള്ളി പെരുവെള്ളം എന്നതിനെ അന്വർത്ഥമാക്കിയെന്നും പറയാം. മാധ്യമങ്ങളും, പല പ്രശസ്ത വ്യക്തികളും കുടുംബശ്രീയുടെ ഈ ഉദ്യമത്തെ ആശംസിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണത്. ഇതുവരെ കണ്ടതിൽ വച്ച് കുടുംബശ്രീയെ ഏൽപ്പിച്ച ഏതൊരു പ്രവർത്തനവും വിജയം കണ്ടിട്ടുണ്ട്. അതിനു പിന്നിൽ സ്ത്രീകളുടെ ഇച്ഛാശക്തിയാണെന്ന് നിസംശയം പറയാം. 15 കോടി എന്ന ലക്ഷ്യത്തിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്,എന്നാൽ അപ്രതീക്ഷിതമായി അതിന് മുകളിലേക്ക് തുക ഉയർന്നു. ” അദ്ദേഹം പറയുന്നു.
നിലവിൽ 20,07,00,682 രൂപയാണ് മുഖ്യമന്ത്രയുടെ ദുരിത്വാശാസ നിധിയിലേക്ക് കുടുംബശ്രീ വഴി എത്തിച്ചു നൽകിയത്. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം തുക മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ആദ്യഘട്ട 20 കോടിയെന്ന അവിശ്വസനീയമായ തുകയിൽ എത്തി നിൽക്കുന്നത്. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും സജീവമായി നടക്കുകയാണ്. ആദ്യ ഘട്ടത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ തുക വയനാടിനായി കരുതി വയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
മന്ത്രി എം ബി രാജേഷും, എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിഖും ഈ ഉദ്യമത്തെ അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ടെന്ന് നാഫി പറയുന്നു. അവർ മുൻകൈ ഏറ്റെടുത്തത് കൊണ്ട് കൂടിയാണ് ഇത്ര വേഗത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത്.
കുടുംബശ്രീ 25 വർഷം പൂർത്തിയാക്കിയിരിക്കുന്ന വേളയിലാണ് ഇത്തരമൊരു ഉദ്യമം നടത്തിയിരിക്കുന്നത്. കൂടാതെ വായനാടിലെ ശുചീകരണ പ്രവർത്തനങ്ങളും, ക്യമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്യന്നത് തുടങ്ങി വിവിധ മേഖലകളിൽ കുടുംബശ്രീ പ്രവർത്തകർ സജീവമാണ്. കുടുംബ സർവേ, തൊഴിൽ മേള, ഇൻഷുറൻസ്, തുടങ്ങി സമഗ്ര പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2018ൽ സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ച പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് 11.18 കോടി രൂപയും നൽകിയിരുന്നു.
കേരളത്തിലെ പൊതു ബോധത്തിൽ അത്ര കണ്ട് പ്രാധാന്യം കൊടുക്കാൻ മടിച്ചിരുന്ന ഒരു കൂട്ടയ്മ കൂടിയാണ് കുടുംബശ്രീ. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രത്യക്ഷമായും, പരോക്ഷമായും ട്രോളുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട് കുടുംബശ്രീ. കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയെന്ന വിപ്ലവകരമായ മാറ്റത്തിലേക്ക് നടന്നടുക്കുന്ന വളർച്ചയുടെ കാലത്ത് ഇക്കാരണങ്ങളാൽ സമൂഹത്തിന് മുന്നിൽ അപഹാസ്യരായും നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം സ്ത്രീകൾക്ക് മാത്രം സ്വന്തമായുള്ള ഇച്ഛാശക്തി കൊണ്ട് പ്രതിരോധിച്ചിരിക്കുകയാണ് പെണ്ണുങ്ങളുടെ ഈ കൂട്ടയ്മ. Kudumbashree raised 20 crores Wayanad landslide
Content summary; Kudumbashree raised 20 crores in just two days for the resettlement of Wayanad landslide