സ്റ്റാന്‍ഡപ് കോമഡി പരിപാടിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാക്കള്‍. കമ്രയ്‌ക്കെതിരെ ഭീഷണി മുഴക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. കമ്രയുടെ സ്റ്റാന്‍ഡ് അപ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ കമ്രയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.Kunal Kamra’s jokes about Eknath Shinde
നയാ ഭാരത് എന്ന പരിപാടിയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെയാണ് കമ്ര ഷിന്‍ഡെയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. സ്റ്റാന്‍ഡ് അപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. ഷിന്‍ഡേയുടെ രൂപത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായുള്ള ബന്ധത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു കമ്രയുടെ പാട്ടിലെ വരികള്‍. ഇതാണ് ശിവസേന നേതാക്കളെ പ്രകോപിതരാക്കാനിടയായ കാരണം.
ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ കമ്രയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മറ്റൊരു നേതാവ് രാഹുല്‍ കനാലും പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായാണ് കമ്രയുടെ പരാമര്‍ശമെന്ന് രാഹുല്‍ പരാതിയില്‍ ആരോപിച്ചു. ഷിന്‍ഡേയുടെ പ്രശസ്തിയും പ്രതിച്ഛായയും സല്‍പ്പേരും ഇല്ലാതാക്കുന്നതിന് പ്രതിഫലം വാങ്ങിയ കമ്ര ആസൂത്രിതമായി പ്രചരണം നടത്തിയെന്നും രാഹുല്‍ പരാതിയില്‍ പറഞ്ഞു.
മുംബൈ ഖാറിലെ ഹോട്ടലില്‍ എത്തിയ ശിവസേന പ്രവര്‍ത്തകര്‍ ഹോട്ടല്‍ ആക്രമിച്ചു. ഹോട്ടലും പരിസരവും അടിച്ച് തകര്‍ത്തു. ‘കമ്രയെ നാളെ 11 മണിക്ക് മര്‍ദിക്കും’ എന്ന് മുതിര്‍ന്ന് നേതാവ് സഞ്ജയ് നിരുപം ഭീഷണി മുഴക്കി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ഭീഷണി സന്ദേശമുണ്ടായിരുന്നത്. രാജ്യത്തെ മുഴുവന്‍ ശിവസേന പ്രവര്‍ത്തകരും കമ്രയുടെ പിന്നാലെ ഉണ്ടെന്ന് എംപി നരേഷ് മസ്‌കെ വ്യക്തമാക്കി. കമ്രയ്ക്ക് നാടുവിടേണ്ടി വരുമെന്നും മസ്‌കെ പറഞ്ഞു.
അതേസമയം, സംഭവങ്ങള്‍ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തി. ഹോട്ടലിന്റെ ആക്രമണത്തില്‍ ഫഡ്‌നാവിസ് ഒരു മോശം ആഭ്യന്തര മന്ത്രിയാണെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ഷിന്‍ഡെയ്‌ക്കെതിരായ പാട്ട് നൂറ് ശതമാനം ശെരിയായിരുന്നുവെന്നും അരക്ഷിതരായ ഭീരുക്കള്‍ മാത്രമെ ആരെങ്കിലും പാടിയ പാട്ടിനോട് പ്രതികരിക്കുകയുള്ളു എന്നും ആദിത്യ താക്കറെ പരിഹസിച്ചു. സംഭവങ്ങളോട് പരോക്ഷമായി ആയിരുന്നു കുനാല്‍ കമ്രയുടെ പ്രതികരണം. അദ്ദേഹം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് എക്‌സില്‍ പങ്കുവച്ചത്. മുന്നോട്ടുള്ള വഴി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.Kunal Kamra’s jokes about Eknath Shinde
content summary; Kunal Kamra’s jokes about Eknath Shinde get him into trouble