തമിഴ്‌നാട്ടിലെ പഴയ തിരുട്ടു ഗ്രാമത്തിലെ സംഘങ്ങളാണ് കുറുവ സംഘം. തിരുട്ടു ഗ്രാമം എന്ന് ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിക്കടുത്തുള്ള റാംജി നഗറാണ്. ഇവരെയാണ് ആദ്യം കുറുവ സംഘം എന്ന് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കുറുവ സംഘം എന്ന് കേൾക്കുന്നതേ കേരളത്തിന് ഭയമാണ്. കാരണം രാത്രിയുടെ മറവിൽ മോഷ്ടാക്കളായി വീടുകളിൽ കടന്ന് അക്രമകാരികളാകുന്ന ഇവർ ഇന്ന് കേരളത്തിന്റെ ഉറക്കം തന്നെ കെടുത്തിയിരിക്കുകയാണ്.
മുഖം മറിച്ചു അർദ്ധ നഗ്‌നരായാണ് സാധരണ ഗതിയിൽ കുറുവ സംഘം എത്തുന്നത്. ആയുധപരീശിലനം നേടിയവരാണിവർ. മോഷണം നടത്തുന്ന വീട്ടിൽ എണ്ണയും കരിയും ശരീരത്തിൽ പുരട്ടിയാണിവർ എത്തുക. പിടിക്കപ്പെട്ടാൽ ക്രൂരമായി ആക്രമിച്ചു രക്ഷപെടാൻ ഈകൂട്ടർ ശ്രമിക്കും. എറണാകുളം പറവൂർ, ആലപ്പുഴയിൽ മണ്ണഞ്ചേരി, കോട്ടയം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിക്കഴിഞ്ഞു. ഇതേത്തുടർന്ന് രാത്രികാലങ്ങളിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും മറ്റ് പ്രദേശവാസികളുടെയും സഹായത്താൽ ഈ സംഘത്തെ പിടികൂടുന്നതിനായി പലയിടങ്ങളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ശരീരം മുഴുവൻ കരിപുരട്ടിയിരിക്കുന്നതിനാൽ ഇരുട്ടിന്റെ മറവിൽ ഇവരെ കാണുകയും വളരെ പ്രയാസമാണ്. ഇനി കണ്ടെത്തിയാൽ തന്നെ പിടികൂടുക അതിലും കഠിനമാണ്. കാരണം, ശരീരത്തിൽ എണ്ണ പുരട്ടിയിരിക്കുന്നതിനാൽ പിടിക്കപ്പെട്ടാലും വഴുതിപ്പോരുകയാണ് ഇവരുടെ ലക്ഷ്യം.
പുറത്ത് കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ആണ് ഇവരുടെ പതിവ്. ശബ്ദം കേട്ട് വീട്ടിലുള്ളവർ വാതിൽ തുറക്കുമ്പോൾ ചുറ്റിക, കോടാലി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയ ശേഷം അകത്തേക്ക് ഇരച്ച് കയറുന്നു.
ഈ സംഘത്തിന്റെ പ്രവർത്തനശൈലി, ഇവരുടെ സവിശേഷതകൾ എന്നിവയെകുറിച്ചു സമൂഹത്തിന് വ്യക്തതമായ ധാരണ ഇതുവരെയയില്ല. എന്നാൽ ഇവരെക്കുറിച്ച് പല കഥകളും ഇന്ന് പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കുറുവ സംഘം എന്നത് തമിഴ്‌നാട്ടിൽ നിന്നുമുള്ള ഏറ്റവും അപകടകാരികളായ മോഷണ സംഘമാണ്. കേരളത്തിൽ അടുത്തകാലത്ത് വിവിധ പ്രദേശങ്ങളിൽ നടന്ന കവർച്ചാ കേസുകളിൽ ഇവരുടെ പങ്ക് ഉണ്ടെന്നാണ് പോലീസിന്റെ സംശയം. സാധാരണയായി പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ ഉൾപ്പെട്ടതാണ് സംഘം.
ഭിക്ഷാടനമെന്ന വ്യാജേന വീടുകളിലേക്ക് കയറിച്ചെന്ന് പകൽ നേരം മോഷണത്തിന് പറ്റിയ വീടുകൾ കണ്ടെത്തിവയ്ക്കുന്നു.
റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാന്റുകൾ,തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യം സജീവമാണ്. ബ്ലേഡ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ബാഗുകൾ, പേഴ്‌സ് മുതലായവയിൽ നിന്ന് വസ്തുക്കൾ അപഹരിക്കുന്നു. മോഷണത്തിന് ശേഷം വളരെ വേഗം തന്നെ ഇവർ സംഭവ സ്ഥലത്ത് നിന്ന് മറിയുകയുമാണ് പതിവ്. രാത്രി കാലങ്ങളിൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരും ഇവരുടെ ഇരകളാണ്. കേരളാ പോലീസ് ഈ സംഘത്തെ പിടികൂടാൻ സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയെങ്കിലും നടപടികളൊന്നുമില്ല. സിസിടിവി ദൃശ്യങ്ങൾ, തീവ്ര പരിശോധനകൾ, പൊതുസ്ഥലങ്ങളിൽ വിജിലൻസ് എന്നിവയ്ക്ക് മുൻഗണന നൽകി പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായ ആളുകളെ പരിശോധിക്കാനും റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
‘കുറുവ’ എന്ന പേരിലുള്ള ഗോത്രസമൂഹം കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഒരു പാരമ്പര്യ വിഭാഗമാണ്. എന്നാലിപ്പോൾ നാടിനെ ഭയപ്പെടുത്തി മാരകായുധങ്ങളുമായി മോഷണം നടത്തുന്ന സംഘം ഈ ഗോത്രവർഗ വിഭാഗത്തിന് കൂടി അപകീർത്തികരമായിരിക്കുകയാണ്. ഈ മോഷണ സംഘം തങ്ങളുടെ പാരമ്പര്യ സമുദായത്തിന്റെ പേരിനെയും, ആചാരങ്ങളെയുമാണ് അപമാനിക്കുന്നതെന്ന് കുറുവ സമുദായത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കുന്നു.
content summary; Gang Thieves: The Face of Organized Crime