വെള്ള തുണികള്‍ വിരിച്ച് നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകള്‍, നോക്കി നോക്കി നില്‍ക്കെ കണ്ണുകള്‍ നിറയുകയും, വിതുമ്പലടക്കാന്‍ പാട് പെടുകയും ചെയ്ത് ഒരകലത്തില്‍ നില്‍ക്കുകയാണ് നിസ്സഹായരായ കുറേ മനുഷ്യര്‍. അതിലൊരു പിതാവിന് കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ നിലവിളിയും സങ്കടങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞ് കഴിഞ്ഞു. അദ്ദേഹം ഒറ്റയ്ക്കല്ല അവിടെ ആ അവസ്ഥയില്‍ കാത്തുനില്‍ക്കുന്നത്. പല നാട്ടുകാര്‍, പല മതസ്ഥര്‍, ഇതരസംസ്ഥാനക്കാര്‍…അവരെല്ലാം കാത്ത് നിന്നത് ഗള്‍ഫില്‍ നിന്നെത്തുന്ന ഒരു വിമാനമാണ്. കുവൈത്തില്‍ നിന്നാണ് ആ വിമാനം വരുന്നത്. ആ വിമാനത്തിലെ ഗള്‍ഫ് പെട്ടികളിലുള്ളത് എന്നത്തെയും പോലെ സമ്മാനങ്ങളോ ജന്മനാട്ടിലേക്ക് എത്തിയവരുടെ സന്തോഷങ്ങളോ അല്ല. അത് നിറയെ മൃതദേഹങ്ങളാണ്. കടല്‍കടന്ന് ജീവിതം കരപറ്റിക്കാന്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്ന് പോയവരുടെ കത്തികരിഞ്ഞ ശരീരങ്ങള്‍. വെള്ള തുണി വിരിച്ച് കൊല്ലപ്പെട്ട മകനെ സ്വീകരിക്കാന്‍ ജന്മനാട് നടത്തുന്ന ഒരുക്കങ്ങളാണ് പത്തനംതിട്ട സ്വദേശിയായ ആ പിതാവ് കണ്ട് കൊണ്ട് നിന്നത്. ആ കരളലയിക്കുന്നകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതാവട്ടെ കൊച്ചി വിമാനത്താവളവും. Kuwait Fire LIVE Updates.
കുവൈത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും 20നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ആകസ്മികമായുണ്ടായ ആ തീപിടുത്തത്തിന്റെ കാരണങ്ങളും വിശദാംശങ്ങളും അന്വേഷിച്ച് വരികയാണ്. ഒപ്പം വിദേശ രാജ്യങ്ങളില്‍ മലയാളി അടക്കം അനുഭവിക്കുന്ന പരിതാപകരമായ ജീവിത സാഹചര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയുമാണ്. എന്നാല്‍ കുവൈറ്റിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുന്‍പും തീപിടിത്ത അപകടമുണ്ടായി എന്നല്ല, പ്രവാസികളുടെ ദുരിതാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാണ്. ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെയാണ് ഇതിനുമുന്‍പ് ഈ വിഷയം വന്നത്. കഠിനമായ തൊഴില്‍ സാഹചര്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് പ്രവാസ ലോകത്ത് നേരിടുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ലോകകപ്പ് സമയത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രവാസ ജീവിത കാഴ്ചകള്‍. അതിന് മുന്‍പ് ദുബായ് എക്സ്പോയുടെ അടിസ്ഥാന സൗകര്യപണികള്‍ ചെയ്ത പ്രവാസികളുടെ വിഷയങ്ങളും മാധ്യമ വാര്‍ത്തയായിട്ടുണ്ട്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൊത്തം ആളുകളില്‍ 75 ശതമാനവും പ്രവാസികളാണെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതും ചേര്‍ത്ത് വായിക്കേണ്ടതാണ്. കൊവിഡ് വ്യാപനത്തിന്റെ കാരണമായി അന്ന് ഉയര്‍ത്തി കാട്ടിയത് ഇരുട്ടടഞ്ഞ താമസ സ്ഥലങ്ങളും ഇടുങ്ങിയ ഡോര്‍മിറ്ററികളുമായിരുന്നു. പരസ്പരം കൈ അകലം പോലും പാലിക്കാന്‍ പ്രവാസികള്‍ക്ക് അവിടെ കഴിഞ്ഞിരുന്നില്ല. ഇത് തന്നെയാണ് കുവൈറ്റ് തീപിടിത്തത്തിന് കാരണമായതും.
കുവൈത്ത് സംഭവത്തില്‍ സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചില്ല എന്നതാണ് വിഴ്ച. അതൊരു വെറും പോരായ്മയല്ല. യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശത്തിലെ വീഴ്ചയാണ്. ഭക്ഷണം, താമസം, വസ്ത്രം എന്നിവ ലോകത്തെവിടെയും ഏത് മനുഷ്യനും അവകാശപ്പെട്ട ഒന്നാണ്. എന്നാല്‍ ഗള്‍ഫ് പ്രവാസ ലോകത്ത് ഇവയെല്ലാം നിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. ഭക്ഷണം പോലും ലഭിക്കാത്ത സംഭവങ്ങളും അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനത്തേത് ഈ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. കുവൈറ്റില്‍ ജോലിക്ക് പോയ വയനാട് കാക്കവയല്‍ സ്വദേശിനി അജിതയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിയ്ക്ക് പോയി വെറും ആറ് മാസം കഴിഞ്ഞപ്പോഴാണ് വീട്ടുകാരെ തേടി മരണവിവരമെത്തുന്നത്. തൊട്ട് മുന്‍പുള്ള ദിവസം അയച്ച സന്ദേശങ്ങളില്‍ ഭക്ഷണം പോലും തരുന്നില്ലെന്നും മര്‍ദ്ദനമേറ്റ് താടിയെല്ല് പൊട്ടിയതായും എങ്ങനെയെങ്കിലും തിരികെ വന്നാല്‍ മതിയെന്നുമായിരുന്നു അജിത പറഞ്ഞതെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കുവൈറ്റിലെത്തിയ ആദ്യ ദിവസങ്ങളില്‍ നല്ല ജോലിയാണെന്നാണ് അജിത അറിയിച്ചത്. എന്നാല്‍ പിന്നാലെ തൊഴില്‍ ഉടമമാറിയതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് അജിതയുടെ ദുരിത ജീവിതം തുടങ്ങിയതെന്നുമാണ് ഭര്‍ത്താവായ വിജയന്‍ അഴിമുഖത്തോട് പറഞ്ഞത്.
ഫെബ്രുവരിയില്‍ കുവൈത്തിലെ ബോട്ടുടമയുടെ പീഡനം സഹിക്കാന്‍ വയ്യാതെ മോഷ്ടിച്ച ബോട്ടുമായി കന്യാകുമാരിയിലെത്തിയ തമിഴ്‌നാട് സ്വദേശികളുടെ വാര്‍ത്തയുമെത്തി. നിരന്തരം പ്രവാസലോകത്ത് നിന്ന് ഇത്തരം കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതും.
2022-23 വര്‍ഷം 10,924 പരാതികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഇന്ത്യന്‍ എംബസികളുടെ മുന്നിലെത്തിയത്. ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്റൈന്‍ രാജ്യങ്ങളിലെ കണക്കാണിത്. 2021ല്‍ 8086 പരാതികള്‍ ലഭിച്ച സ്ഥാനത്താണിത്. അതായത് പരാതികളില്‍ 35% വര്‍ധന. ഈ പരാതികളില്‍ പ്രധാനം രേഖകള്‍ തൊഴിലുടമ പിടിച്ച് വച്ചതുമായി ബന്ധപ്പെട്ടാണ്. പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ രേഖകളാണ് ഇത്തരത്തില്‍ പിടിച്ച് വയ്ക്കാറ്. അതോടെ തിരിച്ച് പോവാന്‍ പറ്റാത്ത അവസ്ഥ വരും. മാനസിക ശാരീരിക പീഡനപരാതികളാണ് രണ്ടാം സ്ഥാനത്തുളളത്. എന്നാല്‍ എംബസികളില്‍ എത്തുന്നത് പരാതികളുടെ കുറഞ്ഞ ശതമാനം മാത്രമാണെന്നാണ് പ്രവാസി മലയാളിയും യുഎഇ ഹെല്‍ത്ത് സെക്ടറില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ കബീര്‍ എടവണ്ണ പറയുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം പറയുന്നത് ഇവിടെ വില്ലന്‍ സര്‍ക്കാരും ഇന്നും പിന്തുടരുന്ന നാല് പതിറ്റാണ്ട് പിന്നിലുള്ള കുടിയേറ്റ നിയമവുമാണെന്നാണ്. കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇല്ലാത്തതും ഉള്ള നിയമം പുതുക്കാത്തതും ആണ് ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിസന്ധിയാകുന്നതെന്ന് പ്രവാസി സംഘടനകളും ചൂണ്ടികാണിക്കുന്നു.
പരാതിക്കാരുടെ എണ്ണം കുറയുന്നതിന്റെ കാരണമായി പ്രവാസി സംഘടന പ്രവര്‍ത്തര്‍ രണ്ട് വിഷയങ്ങളാണ് ചൂണ്ടികാണിക്കുന്നത്. ഒന്ന് പരാതി പറഞ്ഞാല്‍ അതില്‍ തീരുമാനം ഉണ്ടാവാന്‍ എടുക്കുന്ന നിയമപരമായ കാലതാമസം, രണ്ടാമതായി ഇത്തരം വിഷയത്തിലെ പരിഹാരമായി ഇന്ത്യന്‍ അധികൃതര്‍ കാണുന്നത് പരാതിക്കാരെ തിരികെ അയക്കലാണ്. ഇക്കാര്യം തന്നെ നിയമവിദഗ്ധരും ചൂണ്ടികാണിക്കുന്നു. ലക്ഷങ്ങള്‍ കടം വാങ്ങി ജോലി തേടിയെത്തുന്ന ആളുകളെ തിരികെ അയക്കുന്ന അവസ്ഥ ഓര്‍ത്ത് നോക്കു. പലരും ദുരിത സാഹചര്യത്തില്‍ തുടരാന്‍ തയ്യാറാവുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണെന്നും വിഷയത്തില്‍ പ്രതികരിച്ച മുന്‍ പ്രവാസിയും കേരള ഹൈക്കോടതിയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷന്‍ പറഞ്ഞു. ഇവയ്‌ക്കൊക്കെ പുറമേയാണ് ബ്ല്യു കോളര്‍ ജോലിയ്‌ക്കെത്തുന്നവരുടെ തൊഴിലിടം എവിടെ ആണെന്ന വിഷയം. മിക്കവാറും നഗരത്തിന് പുറത്ത്, ചെറിയ പട്ടണത്തിലോ മരുഭൂമിയുമായി ചേര്‍ന്ന ഇടങ്ങളിലൊ ആവും ഇവര്‍ ജോലി ചെയ്യുന്നത്. അത്തരക്കാര്‍ക്ക് എംബസിയിലെത്തുക ബുദ്ധിമുട്ടാണ്. അവരാണ് പലപ്പോഴും ദുരിത ജീവിതം സഹിക്കുന്നതെന്നും സംഘടനകള്‍ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 8.8 ദശലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഇതില്‍ അധികവും ആശാരിമാര്‍, മേസണ്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ തൊഴിലാളികള്‍, ഫാക്ടറി, ഗാര്‍ഹിക തൊഴിലാളികള്‍, ഭക്ഷണ വിതരണ ഏജന്റുമാര്‍ എന്നിവരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലുടമകളുടെ ചൂഷണത്തിന് ഇവര്‍ ഇരയാകുമെന്ന് നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. തൊഴിലാളികളെ അവരുടെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന വിസ സ്‌പോണ്‍സര്‍ഷിപ്പ് അല്ലെങ്കില്‍ കഫാല സമ്പ്രദായത്തിലൂടെയാണ് പലരും റിക്രൂട്ട് ചെയ്യുന്നത്. ഇത് മെച്ചപ്പെട്ട പാര്‍പ്പിടമോ തൊഴില്‍പരമായ സുരക്ഷയോ ഇല്ലാതെ ആ രാജ്യങ്ങളില്‍ തുടരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇതിന് പരിഹാരം കാണാന്‍ നിയമ വ്യവസ്ഥയിലൂടെ മാത്രമേ സാധിക്കു. എന്നാല്‍ 1922ല്‍ അധിനിവേശ ബ്രിട്ടീഷ് ഭരണകൂടം തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും വിദേശനാടുകളിലേക്ക് കൊണ്ട് പോകുന്നതിനായി കൊണ്ടു വന്ന ബ്രിട്ടീഷ് ഇന്ത്യാ എമിഗ്രേഷന്‍ മാര്‍ഗനിര്‍ദേശമാണ് ഇപ്പോഴും രാജ്യം പിന്തുടുരുന്നത്. 1984ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഈ മാനദണ്ഡങ്ങള്‍ ആക്ട് ആക്കി മാറ്റി. അപ്പോഴും കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2019ല്‍ കൊവിഡ് കാലത്തും 2021ലും മാറ്റം വരുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കരട് രൂപത്തില്‍ തന്നെ തുടരുകയാണ് ഇന്നും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ലഭിക്കേണ്ട വേതന സംരക്ഷണമോ നിയമ പരിരക്ഷയോ ഇതുവരെ ഉറപ്പുവരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. താരതമ്യേന ചെറു രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുമായി തൊഴില്‍ ഉടമ്പടികളിലേര്‍പ്പെട്ടു കഴിഞ്ഞു. ഇതിന്റെ ഫലമായുള്ള ആനുകൂല്യങ്ങള്‍ ആ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭിക്കുന്നുമുണ്ട്.
മിക്ക ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും കുടിയേറ്റത്തെ സംബന്ധിക്കുന്ന ശക്തമായ നിയമങ്ങളും നയങ്ങളുമുണ്ട്. എടുത്തുപറയേണ്ടത് ഫിലിപ്പീന്‍സിലെ മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആന്റ് ഓവര്‍സീസ് ഫിലിപ്യന്‍സ് ആക്ട് ഓഫ് 1995 എന്ന നിയമമാണ്. അപ്പോഴാണ് ലോകത്തില്‍ തന്നെ ഏറ്റവുമധികം കുടിയേറ്റക്കാരെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ശക്തമായ നിയമസംവിധാനമില്ലാത്തത്. നിലവില്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവര്‍ക്കായി കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി സേവനങ്ങള്‍ ഇന്ത്യ നല്‍കുന്നുണ്ട്. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് ഇവയൊന്നും ഇപ്പോഴും പ്രാപ്യമല്ല. ഈ സേവനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങളുയരുന്നുണ്ടെന്ന് Centre for Socio-economic and Environmental Studies (CSES) പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടും ചൂണ്ടികാണിക്കുന്നു. ഇതിനു പുറമെ, എല്ലാ വശങ്ങളും മനസിലാക്കി ഒരു കൃത്യമായ തീരുമാനം എടുക്കാന്‍ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനു പകരം, കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവല്‍ക്കരണ പരസ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, എമിഗ്രേഷന്‍ ചെക്കിങ് ആവശ്യമുള്ള ഇസിആര്‍ രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് കുടിയേറുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മിനിമം റഫറല്‍ വേജസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളോ ഏജന്റുമാരോ ഏകപക്ഷീയമായി വേതനം നിശ്ചയിക്കുന്നത് ഒഴിവാക്കി വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് റഫറല്‍ വേതനം അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഉപയോഗിക്കാനായി റഫല്‍ വേജ് ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു താല്‍ക്കാലിക കരാര്‍ നല്‍കുക എന്നത് മാത്രമാണ് പലപ്പോഴും നടക്കുന്നത്. തൊഴിലിടത്തില്‍ എത്തിക്കഴിയുമ്പോള്‍ ഈ കരാര്‍ മാറ്റി കുറഞ്ഞ വേതനം രേഖപ്പെടുത്തിയ പുതിയൊരു കരാര്‍ നല്‍കുകയും ചെയ്യുന്നു-എന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ഇതെല്ലാം പരിഗണിച്ച് ആഗോള സാഹചര്യങ്ങളെ മനസിലാക്കിയും അവയെ അടിസ്ഥാനപ്പെടുത്തിയും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ജീവനും അവകാശങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന നയം വിഭാവനമാണ് ഇവിടെ വേണ്ടത്. അതിന് ഇനി എങ്കിലും സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.
English summary: Kuwait Fire LIVE Updates: It’s time we stop invisibilising migrant workers