UPDATES

ആടുജീവിതവും കുവൈറ്റില്‍ കത്തിയമര്‍ന്ന മനുഷ്യ ജീവിതങ്ങളും

24 മലയാളികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട തൊഴിലാളികള്‍ ജോലി ചെയ്ത കമ്പനിയുടെ എംഡിയായ എബ്രഹമാണ് ആടുജീവിതത്തിന്റെ നിര്‍മാതാവ്‌

                       

പ്രവാസ ജീവിതത്തിലെ ദുരിതത്തിന്റെ നേര്‍ചിത്രമായി മലയാളിയുടെ മനസില്‍ പതിഞ്ഞുപോയ നോവലാണ് ബെന്യാമിന്‍ എഴുതിയ ആടുജീവിതം. ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് നോവല്‍, അതേ വൈകാരികതയില്‍ സിനിമയാക്കിയപ്പോള്‍ മലയാളി ഒരിക്കല്‍ കൂടി പ്രവാസ ദുരിതങ്ങളുടെ വേദനയറിഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സിനിമയായിരുന്നു ആടു ജീവിതം. മലയാളത്തില്‍ നിന്നും 150 കോടി ക്ലബ്ബില്‍ കയറി സിനിമ വാണിജ്യപരമായും കലാപരമായും വലിയ വിജയവും ശ്രദ്ധയും നേടി. വലിയ ക്യാന്‍വാസില്‍ വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ട് രൂപപ്പെട്ട ഈ ചലച്ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കെ ജി എബ്രഹാം എന്ന ബിസിനസുകാരന്റെ പങ്കും വളരെ വലുതായിരുന്നു. സിനിമയുടെ നിര്‍മാതാക്കളില്‍ പ്രധാനിയായിരുന്നു എബ്രഹാം.

മിഡില്‍ ഈസ്റ്റിലും കേരളത്തിലും ഒരുപോലെ അറിയപ്പെടുന്ന ബിസിനസുകാരനായ കെ ജി എബ്രാഹം, ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതും പ്രാവസ ജീവിതത്തിന്റെ പേരില്‍ തന്നെയാണ്. എന്നാലത്, സിനിമ പോലെ സന്തോഷം തരുന്ന തരത്തിലല്ല. കുവൈറ്റില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ട തീപിടുത്ത ദുരന്തത്തിന്റെ പേരിലാണ്.

എബ്രഹാം പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ എന്‍ബിടിസിയുടെ കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ദുരന്തം ഉണ്ടായത്. കമ്പനി വാടകയ്‌ക്കെടുത്തതായിരുന്നു ആറുനില അപ്പാര്‍ട്ട്‌മെന്റ്. ദുരന്തത്തിന് പിന്നാലെ കുവൈറ്റ് അധികൃതര്‍ ആരോപിച്ചത് കമ്പനിയധികൃതരുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹമാണ് ദുരന്തം വരുത്തിവച്ചതെന്നായിരുന്നു(കുവൈറ്റ് തീപിടുത്തം; ‘കമ്പനിയധികൃതരുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹം ഉണ്ടാക്കിയ ദുരന്തം’). ഏകദേശം 200 ജോലിക്കാരാണ് അപ്പാര്‍ട്ട്‌മെന്റില്‍ തമാസിച്ചിരുന്നത്. സാധാരണക്കാരായ ജീവനക്കാരായിരുന്നു അതിലെ താമസക്കാര്‍. ഇത്രയും പേരെ ലേബര്‍ ക്യാമ്പിലെന്ന പോലെ കുത്തിനിറച്ചു പാര്‍പ്പിച്ചതിനെതിരേ അന്വേഷണവും വ്യാപകമായ പ്രതിഷേധവും എന്‍ബിടിസി നേരിടുന്നുണ്ട്. കെട്ടിടം നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ എന്‍ബിടിസി അടക്കം കടുത്ത നടപടികള്‍ നേരിടേണ്ടി വരും.

1977 ല്‍ സ്ഥാപിതമായ എന്‍ബിടിസി നിലവില്‍ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അവരുടെ ബിസിനസുമായി സജീവമാണ്. എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക്, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവയാണ് എന്‍ബിടിസിയുടെ പ്രധാന ബിസിനസുകളെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ബിടിസിക്കു പുറമെ കെ ജി ഗ്രൂപ്പിന്റെ നേതൃത്വവും എബ്രാഹാമിനുണ്ട്. കെ ജി ഗ്രൂപ്പ് ആണ് ആടുജീവിതത്തിന്റെ സഹ നിര്‍മാതാക്കള്‍.

പത്തനംതിട്ട ജില്ലയിലെ നിരണമാണ് കെ ജി എബ്രഹാമിന്റെ സ്വദേശം. മിഡില്‍ ഈസ്റ്റിലെ വിജയികളായ മലയാളി ബിസിനസുകാരില്‍ പ്രമുഖനാണ് കാട്ടുനിലത്ത് ഗീവര്‍ഗീസ് എന്നകെ ജി എബ്രഹാം. കുടുംബത്തിലെ ഏഴ് മക്കളില്‍ മൂന്നാമനായ എബ്രഹാം 1976 ലാണ് കുവൈറ്റില്‍ വന്നിറങ്ങുന്നത്. അന്ന് പ്രായം 22 വയസ്. സിവില്‍ എഞ്ചനീയറിംഗിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു വലിയ സ്വപ്‌നങ്ങള്‍ പണിയാന്‍ വേണ്ടി 48 കൊല്ലങ്ങള്‍ക്ക് മുമ്പ് മണലാരണ്യത്തില്‍ അന്നത്തെയാ ചെറുപ്പക്കാരന്‍ ജീവിതം തുടങ്ങുന്നത്.

60 ദിനാറുകള്‍ ശമ്പളത്തിന് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് എബ്രാഹാം ആദ്യം ജോലി തുടങ്ങുന്നത്. ഏഴ് വര്‍ഷം അവിടെ ജോലി ചെയ്തു. കൈയിലുണ്ടായ 4,000 ദിനാര്‍ മൂലധനവുമായി നാസര്‍ മൊഹമ്മദ് അല്‍-ബദാഹ് ആന്‍ഡ് പാര്‍ട്ണര്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനി എന്ന എന്‍ബിടിസിയില്‍ എബ്രഹം പാര്‍ട്ണറായി. കുവൈറ്റില്‍ ചെറുകിട സിവില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്താണ് കമ്പനി അവരുടെ യാത്ര തുടങ്ങിയത്.

1990 ലെ കുവൈറ്റ് യുദ്ധമാണ് എബ്രഹാമിന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. യുദ്ധം തുടങ്ങുന്ന ഓഗസ്റ്റ് മാസത്തില്‍ എബ്രഹാം അവധിക്ക് നാട്ടിലാണ്. യുദ്ധം അവസാനിച്ച് ഒരു മാസത്തിനുശേഷം, 1991 മേയിലാണ് എബ്രഹാം തിരിച്ച് കുവൈറ്റില്‍ എത്തുന്നത്. യുദ്ധാനന്തര അതിജീവനത്തിനായി പരിശ്രമിക്കുന്ന കുവൈറ്റില്‍ എബ്രാഹമും ഒരു നിക്ഷേപകനായി. എന്‍ബിടിസിയുടെ വളര്‍ച്ച അവിടം മുതല്‍ വേഗത്തിലായി. കമ്പനി കുവൈറ്റിനും അപ്പുറത്തേക്ക് വളര്‍ന്നു. നിര്‍മാണ മേഖലയില്‍ നിന്നും എണ്ണ, വാതക മേഖലകളിലേക്കും എന്‍ബിടിസി അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 90 ജോലിക്കാരുമായി തുടങ്ങിയ കമ്പനി മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി. അതിന്റെ ജീവനക്കാരുടെ എണ്ണം 90 ല്‍ നിന്നും 15,000 ആയി ഉയര്‍ന്നു.

കേരളത്തില്‍ എബ്രഹാമിന്റെ വിലാസം, സിനിമ നിര്‍മാതാവ്, ഹോട്ടല്‍ വ്യവസായി എന്നീ നിലകളിലാണ്. കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ എബ്രഹാമിന് പങ്കാളിത്തമുണ്ട്.

കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദത്തിലും എബ്രഹാമിന്റെ പേര് വന്നിട്ടുണ്ട്. 2007 ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷ സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി യു കുരുവിളയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയ വിവാദമായിരുന്നു അത്. ഇടുക്കി ഹൈറേഞ്ചിലുള്ള 50 ഏക്കര്‍ റവന്യൂ തരിശു ഭൂമി എബ്രഹാമിന് വില്‍ക്കാന്‍ മന്ത്രി കരുവിള ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഭൂമിയിടപാടിനായി എബ്രഹാം മന്ത്രിക്ക് മുന്‍കൂറായി ഏഴ് കോടി രൂപ നല്‍കുകയും പിന്നീട് ഇടപാടില്‍ സംശയം തോന്നിയതോടെ പണം തിരികെ ചോദിക്കുകയും ചെയ്തു. എന്നാല്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ കുരുവിള തയ്യാറാകാതിരുന്നതോടെ എബ്രഹാം വിഷയം സര്‍ക്കാരിനെ അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടക്കുകയും അതിനൊടുവില്‍ കുരുവിള മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരികയും ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരിലും എബ്രഹാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളില്‍ നിന്നും സമാഹരിച്ച തുക അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ലെന്നായിരുന്നു എബ്രഹാം സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ പരാതി. ആള്‍ താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ക്ക് പുതിയ നികുതി ചുമത്താന്‍ കേരള സര്‍ക്കാര്‍ 2023 ല്‍ എടുത്ത തീരുമാനത്തിനെതിരെയും രൂക്ഷ വിമര്‍ശനമായി എബ്രഹാം രംഗത്ത് എത്തിയിരുന്നു. ഇനി മുതല്‍ രാഷ്ട്രീക്കാര്‍ക്ക് സംഭവാന കൊടുക്കുന്നത് താന്‍ നിര്‍ത്തിയെന്നായിരുന്നു എബ്രഹം പ്രതിഷേധ സ്വരത്തില്‍ പ്രഖ്യാപിച്ചത്. മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നൊരു മനുഷ്യസ്‌നേഹി കൂടിയാണ് കെ ജി എബ്രഹാം. എന്നാല്‍, നിലവിലെ സംഭവങ്ങള്‍ എബ്രാഹിമിനെതിരേ വിമര്‍ശനങ്ങളും ശക്തമാക്കുന്നുണ്ട്.  kuwait fire tragedy kg abraham partner and md of victims worked nbtc company he also co producer of aadujeevitham movie

Content Summary; kuwait fire tragedy kg abraham partner and md of victims worked nbtc company he also co producer of aadujeevitham movie

Share on

മറ്റുവാര്‍ത്തകള്‍