March 15, 2025 |
Share on

കുവൈറ്റ് തീപിടുത്തം; ‘കമ്പനിയധികൃതരുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹം ഉണ്ടാക്കിയ ദുരന്തം’

കര്‍ശന നടപടിയുമായി ഭരണകൂടം

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലെ തീപിടുത്തത്തില്‍ മരണ സഖ്യം 49 ആയി. ഇവരില്‍ 40 ഓളം പേര്‍ ഇന്ത്യക്കാരാണ്. അഞ്ചോളം മലയാളികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എത്ര പേരുണ്ടെന്നതില്‍ സ്ഥിരീകരണം നടക്കുന്നതേയുള്ളൂ. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ കുവൈറ്റ് സിറ്റിയിലെ മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്. ഏകദേശം 200 ജീവനക്കാര്‍ ഈ ആറു നില അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടായിരുന്നു.

ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം ഉണ്ടാകുന്നത്. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും, കേരളം, തമഴിനാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പട്ടവര്‍ 25 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്.

ദുരന്തത്തിന് കാരണം അത്യാഗ്രഹം
കമ്പനി അധികൃതരുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹമാണ് ഇങ്ങനെയൊരു ദുരന്തത്തിന് കാരണമെന്നാണ് കുവൈറ്റ് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പുകളുടെ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാ ആരോപിച്ചത്.

മലയാളിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പാണ് അപകടം ഉണ്ടായ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. സാധാരണക്കാരായ തൊഴിലാളിളെ കുത്തിനിറച്ച് താമസിപ്പിക്കുന്നത് ഇത്തരം കെട്ടിടങ്ങളിലാണ്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ ഗള്‍ഫില്‍ പൊതുവെ ഇത്തരം തിങ്ങിനിറഞ്ഞ ഇടങ്ങളിലായിരിക്കും പാര്‍ക്കേണ്ടി വരുന്നത്. അപകടം നടന്ന കെട്ടിടത്തിന്റെ ഉടമകള്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈം പ്രത്യേക അന്വേഷണം നടത്തും. അപകടത്തിന്റെ കാരണവും ഉത്തരവാദിത്തപ്പെട്ടവരുടെ പങ്കും എത്രയും വേഗം കണ്ടെത്താന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കെട്ടിടത്തിന്റെ കാര്യത്തില്‍ കണ്ടെത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരികയെന്നും ബന്ധപ്പെട്ട അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച മുതല്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ തന്നെ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ആരംഭിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ തീപിടുത്തം നടന്ന കെട്ടിടത്തിന്റെ ഉടമയെ കസ്റ്റഡിയില്‍ വയ്ക്കുമെന്നും ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ അറിയിച്ചു.

കെട്ടിട പരിശോധനകള്‍ കൃത്യമായി നടത്താതില്‍ അല്‍-അഹ്‌മദി മുന്‍സിപ്പല്‍ ബ്രാഞ്ചിലെ അഡ്മിനിസ്ട്രര്‍മാരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. നൂറ അല്‍-മഷാന്‍ ബുധനാഴ്ച്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് മുന്‍സിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്്താവനയില്‍ മന്ത്രി പറയുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിലെ പല ഉന്നതന്മാര്‍ക്കും അന്വേഷണവിധേയമായ നടപടികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയെല്ലാം സസ്‌പെന്‍ഡ് ചെയ്ത്, പകരം ആളുകളെ നിയോഗിച്ചാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.

കത്തിയമര്‍ന്ന സ്വപ്‌നങ്ങള്‍
നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് കടല്‍ കടന്നവര്‍ക്കാണ് പാതിയില്‍ എല്ലാം അവസാനിപ്പിക്കേണ്ടി വന്നത്. എന്‍ബിടിസി കമ്പനിയില്‍ വിവിധ തസ്തികകളില്‍ ജോലി നോക്കിയിരുന്ന മലയാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ചലരുടെ വിവരങ്ങള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയിട്ടുണ്ട്. എന്‍ബിടിസിയില്‍ സൂപ്പര്‍വൈസറായിരുന്ന 48 കാരന്‍ കൊല്ലം സ്വദേശി ലൂക്കോസ് കഴിഞ്ഞ 18 വര്‍ഷമായി കുവൈറ്റിലാണ്. മൂത്തമകളുടെ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് അപ്രതീക്ഷിതമായ മരണം. ലൂക്കോസിന്റെ മകള്‍ ലിഡിയ പ്ലസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി വിജയിച്ചിരുന്നു. നാട്ടില്‍ മെക്കാനിക്ക് ആയി ജോലി നോക്കിയിരുന്ന ലൂക്കോസ് കുടുംബത്തിന് കൂടുതല്‍ നല്ലൊരു ജീവിതം നല്‍കാനായിട്ടായിരുന്നു കുവൈറ്റിലേക്ക് പോയത്. ലിഡിയയെ കൂടെ ഒരു പെണ്‍കുട്ടി കൂടി ലൂക്കോസിനുണ്ട്.

കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്തിരുന്ന കാസറഗോഡ് ചേര്‍ക്കല സ്വദേശിയായ രഞ്ജിത്തും മരണപ്പെട്ടവരിലുണ്ട്. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ശരിയാകാതെ വന്നതുകൊണ്ട് മാത്രം തിരിച്ച് താമസസ്ഥലത്ത് തങ്ങേണ്ടി വന്നതാണ് 33 കാരനായ രഞ്ജിത്തിന്റെ ജീവനൊടുങ്ങാന്‍ കാരണം. നാട്ടില്‍ ഇലക്ട്രീഷ്യനായിരുന്ന രഞ്ജിത്ത് 10 വര്‍ഷമായി കുവൈറ്റിലുണ്ട്. കമ്പനിയില്‍ അകൗണ്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിനു മുമ്പ് കമ്പനിയിലെ കാറ്ററിംഗ് വിഭാഗത്തിലായിരുന്നു രഞ്ജിത്ത് ജോലി നോക്കിയിരുന്നത്. രണ്ടു വര്‍ഷം മുമ്പ് പുതിയതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായാണ് രഞ്ജിത്ത് അവസാനമായി നാട്ടിലെത്തിയത്. ഇത്തവണത്തെ വരവില്‍ വിവാഹം കഴിക്കാനുള്ള ആലോചനയും ആ യുവാവിനുണ്ടായിരുന്നു.

എന്‍ബിടിസി ഗ്രൂപ്പിലെ ഡ്രൈവറായിരുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി ഷമീര്‍ ഉമറുദ്ദീനും മരിച്ച മലയാളികളൊരാളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി നോക്കുകയാണ് ഷമീര്‍. കൊല്ലത്തും ഡ്രൈവര്‍ ജോലി നോക്കിയിരുന്ന ഷമീര്‍, ജീവിത സ്വപ്‌നങ്ങളുമായാണ് കുവൈറ്റില്‍ എത്തുന്നത്. എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ഷമീര്‍ അവസാനമായി നാട്ടിലെത്തിയത്. കമ്പനിയില്‍ എഞ്ചിനീയറായിരുന്ന 58 കാരന്‍ കേളുവും ദുരന്തത്തിന്റെ ഇരയായ മലയാളിയാണ്. കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ കേളു ഒരു ദശാബ്ദം മുമ്പാണ് കുവൈറ്റില്‍ എത്തിയത്.  kuwait fire tragedy 49 killed around 40 of them indians allegations against company and building owners.

Content Summary; kuwait fire tragedy 49 killed around 40 of them indians allegations against company and building owners.

×