സംസ്ഥാന പ്രതിനിധിയായി കേന്ദ്രത്തിൽ സർക്കാർ നിയമിച്ചിരിക്കുന്ന പ്രൊഫസർ കെ.വി തോമസ് ഒരു മാസം കൈപ്പറ്റുന്ന ശമ്പളവും ആനുകൂല്യങ്ങളും ചോദ്യം ചെയ്ത് മുൻ മന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായിരുന്ന ജി സുധാകരൻ രംഗത്ത് എത്തിയത് വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. കെ വി തോമസിന്റെ വരുമാനം 30 ലക്ഷം രൂപയോളമെന്നായിരുന്നു ജി സുധാകരന്റെ ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് കെ വി തോമസ്. സുധാകരൻ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തനിക്ക് എല്ലാ മാസവും 30 ലക്ഷം രൂപ ശമ്പളം കിട്ടുന്നില്ലെന്നും ജി സുധാകരന് അയച്ച കത്തിൽ കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കെ വി തോമസിന്റെ വരുമാനം 30 ലക്ഷം രൂപയോളമാണെന്നും, കോളേജ് പ്രൊഫസറുടെ പെൻഷൻ, എംപി, എംഎൽഎ പെൻഷൻ, ഡൽഹിയിൽ സർക്കാർ പ്രതിനിധി എന്ന തരത്തിൽ കെ വി തോമസിന് പലതരത്തിലുള്ള വരുമാനമുണ്ടെന്നും ജി സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് പെൻഷൻ ഇനത്തിൽ ആകെ ലഭിക്കുന്നത് 35,000 രൂപയാണെന്നും ഇതിൽ 9,000 രൂപ ലെവി കൊടുക്കുന്നതെന്നും ഇതാണ് തന്റെ പാർട്ടി ബോധമെന്നും ജി സുധാകരൻ പറഞ്ഞു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയം മാത്രമാണെന്നാണ് കെ വി തോമസ് വ്യക്തമാക്കുന്നത്. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് ജി സുധാകരൻ അങ്ങനെയൊക്കെ പറയുന്നതെന്ന് കെ വി തോമസ് പറഞ്ഞു. ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കാബിനറ്റ് റാങ്കിൽ ഒരു മന്ത്രിയ്ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെടാൻ സാധിക്കും. അങ്ങനെ ആവശ്യപ്പെട്ടാൽ നിലവിൽ ലഭിക്കുന്ന എംപി, എംഎൽഎ പെൻഷനുകൾ വേണ്ടെന്ന് വയ്ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലാവധി കഴിഞ്ഞാൽ പെൻഷൻ പുനഃസ്ഥാപിക്കാൻ കഴിയാത്തത് കൊണ്ടാണ് പ്രതിഫലം വേണ്ടെന്ന് വച്ചതെന്നും കെ വി തോമസ് വ്യക്തമാക്കി.
പ്രത്യേക പ്രതിനിധിയായ കെ വി തോമസിന്റെ യാത്രബത്ത വർദ്ധിപ്പിക്കാനുള്ള നീക്കം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഫെബ്രുവരി 25ന് ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് യാത്രബത്ത ഉയർത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യമുയരുന്നത്. നിലവിലെ ബഡ്ജറ്റ് വിഹിതമായി 500 രൂപയാണ് പ്രതിദിനം കേരള ഹൗസ് പ്രതിനിധിയ്ക്ക് ലഭിക്കുന്നത്. അധികമായി 631 രൂപ കൂടി അനുവദിച്ച് 1,131 രൂപയാക്കാൻ ആയിരുന്നു സബ്ജക്ട് കമ്മിറ്റിയുടെ തീരുമാനം. ഇതോടെ യാത്രബത്ത പ്രതിവർഷം 5 ലക്ഷം രൂപയെന്നത് 11 ലക്ഷം രൂപയായി ഉയരും. എന്നാൽ, ഇതിന് പിന്നാലെ യാത്രബത്ത 11 ലക്ഷമാക്കിയെന്ന ആരോപണം തെറ്റെന്ന് പ്രസ്താവിച്ച് കൊണ്ട് കെ വി തോമസും രംഗത്ത് വന്നിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ കൂടി യാത്ര ചിലവാണ് 11 ലക്ഷമെന്നായിരുന്നു വിശദീകരണം. യാത്രബത്ത 11 ലക്ഷമാക്കി ഉയർത്താനുള്ള നിർദ്ദേശം തനിക്കും കേരള റസിഡന്റ് കമ്മീഷണർക്കും വേണ്ടിയുള്ളതാണെന്നും കെ വി തോമസ് അന്ന് വ്യക്തമാക്കിയിരുന്നു.
2023-24 കാലഘട്ടത്തിലെ തന്‍റെ വിമാനയാത്ര ചെലവ് അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്. തന്‍റെ അക്കൗണ്ട് ഹെഡിൽ തന്നെയാണ് മറ്റു ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും ഉൾപ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയർന്നതെന്നും കെ വി തോമസ് പറഞ്ഞു.
content summary: KV Thomas responded to G Sudhakaran, who questioned the benefits of KV Thomas, the state’s special representative.