ക്ഷേത്ര പരിസരത്ത് വെള്ളം കുടിക്കാൻ കയറിയതിനെ തുടർന്ന് മോഷണം ആരോപിച്ച് മർദിച്ചു, യുവാവിന് ദാരുണാന്ത്യം. മുന്ന എന്ന വസീമി(28)നെയാണ് മോഷണം ആരോപിച്ച് ഏഴംഗ സംഘം മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയത്. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണം.
ഫെബ്രുവരി നാലിന് ഡെൽഹിയിലെ ജോലി പൂർത്തിയാക്കി തന്റെ വാടക വീട്ടിൽ തിരിച്ചെത്തിയതായിരുന്നു വസീം. സംഭവ ദിവസം, ജോലി കഴിഞ്ഞെത്തിയ വസീം വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള ശിവക്ഷേത്രത്തിന് സമീപമായിരുന്നു ഉറങ്ങിയത്. ഉറക്കത്തിനിടെ ദാഹം തോന്നിയതിനെ തുടർന്ന് വെള്ളം കുടിക്കാനായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വെള്ളം കുടിക്കുന്നതിനായി പൈപ്പിന് സമീപമെത്തിയ വസീം മോഷണത്തിന് ശ്രമിക്കുകയാണെന്ന് അവിടെ ഉണ്ടായിരുന്നവർ കരുതി.
ഇതേതുടർന്ന് ഏഴോളം പേർ ചേർന്ന് വസീമിനെ മുറിയിൽ പൂട്ടിയിട്ട്, ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. വസീമിനെ മർദിച്ച് അവശാനാക്കിയ ശേഷം അക്രമികൾ പോലിസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലിസ് ഗുരുതരാവസ്ഥയിലായിരുന്ന വസീമിനെ സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
വസീം മദ്യപിച്ചിരുന്നതായി ബ്രെത്ത് അനലൈസർ വഴി മനസിലാക്കിയതായി പോലിസ് ഉദ്യോഗസ്ഥൻ ആസാദ് ഖാൻ പറഞ്ഞു. വസീമിനെ കസ്റ്റഡിയിൽ വക്കാനായിരുന്നു പോലിസിന്റെ തീരുമാനം എന്നാൽ, ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
content summary; Labourer beaten to death for entering Shiv temple to drink water