പാതിവില തട്ടിപ്പില്‍ ചില രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റ്. എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നാണ് അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. അനന്തു കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ലാലി വിന്‍സൻ്റിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിനോട് അങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം മൊഴിയെടുക്കുകയായിരുന്നു എന്നാണ് ലാലി വിന്‍സെന്റ് പറയുന്നത്. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ഉടമസ്ഥതിയിലുള്ള മൂന്നു പ്രൈവറ്റ് കമ്പനികളുടെ അഭിഭാഷക മാത്രമാണ് താനെന്നും, തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് അഴിമുഖവുമായി സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
‘കുറേ കാര്യങ്ങൾ എനിക്ക് രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ട്. ആനന്ദ കുമാറിനെക്കുറിച്ചോ അനന്തു കൃഷ്ണനെക്കുറിച്ചോ ഉള്ള ഒരു ചോദ്യത്തിനും ഞാൻ മറുപടി നൽകുന്നില്ല, അങ്ങനെ പറയാൻ പാടില്ല. മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന ഒരു വ്യക്തിയായത് കൊണ്ടാണ് എനിക്ക് ഒന്നിനും മറുപടി നൽകാൻ കഴിയാത്തത്. അല്ലെങ്കിൽ എനിക്ക് കുറച്ച് കാര്യങ്ങൾ തീർച്ചയായും പറയണമായിരുന്നു.
എന്റെ ആവശ്യപ്രകാരമാണ് ക്രൈബ്രാഞ്ച് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും ഞാൻ അവർക്ക് മൊഴി നൽകിയതും. എനിക്കും കുറച്ച് കാര്യങ്ങൾ ഇതിൽ ചെയ്യാനുണ്ട്. നമ്മുടെ ജോലി നമ്മൾ ചെയ്യേണ്ടതല്ലേ? കണ്ണൂരിൽ രജിസ്റ്റർ ചെയ്ത എട്ട് കേസിലാണ് ഞാൻ പ്രതിയായിട്ടുള്ളത്. എന്നാൽ അവർ പറയുന്ന എട്ട് കമ്പനികളുടെ വക്കീൽ ഞാൻ അല്ല. എനിക്കെതിരെ കേസ് നൽകിയവർക്കും പരാതിക്കാർക്കുമൊന്നും എന്നെ നേരിട്ട് ഒരു പരിചയവുമില്ല. ഞാൻ പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും അവർക്ക് അറിയില്ല. ജയിലിൽ കിടക്കുന്ന അനന്തു കൃഷ്ണന്റെ മൂന്ന് പ്രൈവറ്റ് കമ്പനികളിലെ അഭിഭാഷകയായിട്ടാണ് ഞാൻ ജോലി ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് എനിക്ക് ഒരു ബന്ധവുമില്ല. നാഷണൽ എൻജിഒ കോൺഫഡറേഷനും ആനന്ദ കുമാറിനുമെല്ലാം വേറെ വക്കീലാണുള്ളത്.
അനന്തു കൃഷ്ണൻ തട്ടിപ്പൊന്നും ചെയ്തിട്ടില്ല. കിട്ടിയ പണം മുഴുവൻ ജനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ആനന്ദ കുമാർ കൊണ്ടുവരാൻ വൈകിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്’, ലാലി വിന്‍സന്റ് അഴിമുഖത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ ലാലിയെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് തവണയോളം ലാലി വിൻസന്റിനെ മുൻപും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ലാലി വിൻസന്റ്. കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുകളെക്കുറിച്ചുമാണ് മൊഴി നൽകിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. അനന്തു കൃഷ്ണന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അനന്തു കൃഷ്ണന്‍ തന്നെയാണ് രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയെന്ന് പോലീസിന് മൊഴി നൽകിയത്.
പണം വാങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്താനും നിലവിൽ അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നല്‍കിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. അടുത്ത ഘട്ടത്തിലായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എം പി യും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു മൊഴി. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുക.
അതേസമയം, പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍.
Content Summary: Lali Vincent Denies Involvement in Half-Price Scam Case