July 15, 2026 |
Share on

ലമീൻ യമാൽ എന്ന പേര് എങ്ങനെ വന്നു; ലോകം അറിയേണ്ട ഒരു നന്ദിയുടെ കഥ

ലമീൻ എന്നാൽ വിശ്വസ്തൻ, യമാൽ എന്നതിനർഥം മനോഹരമായത്. എന്നാൽ ലമീൻ യമാലിന്റെ പേരിന് പിന്നിൽ മറ്റൊരു കഥയാണ്.

ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്ന സ്‌പെയിൻ ടീമിൽ ഏറ്റവുമധികം ആരാധകരുള്ള യുവതാരമാണ് ലമീൻ യമാൽ. കഴിഞ്ഞ ദിവസമാണ് താരത്തിന് 19 വയസ് പൂർത്തിയായത്.
താരത്തിന്റെ സ്പാനിഷ്, ബാഴ്‌സസലോണ ജഴ്‌സികൾക്ക് പിന്നിൽ ലമീൻ യമാൽ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ മുഴുവൻ പേര് ലമീൻ യമാൽ നസൗറി എബാന എന്നാണ്. പാസ്‌പോർട്ടിലും തിരിച്ചറിയൽ കാർഡിലുമെല്ലാം ഈ പേരാണുള്ളത്. നസൗറി എന്നത് അച്ഛന്റെയും എബാന എന്നത് അമ്മയുടെയും സർ നെയിം ആണ്.
ലമീൻ എന്നത് വളരെ സാധാരണമായ അറബിക് പേരാണ്. വിശ്വസ്തൻ എന്നാണ് ഈ പേരിന് അർഥം. സത്യസന്ധനും വിശ്വസ്തനുമായവൻ എന്ന അർഥത്തിൽ പ്രവാചകൻ മുഹമ്മദിന് നൽകിയിരുന്ന അൽ അമീൻ എന്ന പേരിൽ നിന്നാണ് ലമീൻ ഉണ്ടായത്.
അറബിക്കിലുള്ള ജമാൽ എന്ന പേരാണ് സ്പാനിഷിൽ യമാൽ ആകുന്നത്. മനോഹരം, ആകർഷകം എന്നൊക്കെയാണ് ഇതിന്റെ അർഥം. സ്പാനിഷ് താരത്തിന്റെ ഫുട്‌ബോൾ കളി കാണുന്ന ആർക്കും താരത്തിന് ചേർന്ന പേരാണ് ഇത് എന്നതിൽ സംശയമുണ്ടാകില്ല.

ലമീൻ, യമാൽ എന്നീ പേരുകൾ സ്‌പെയിനിൽ ഏറെ പരിചിതമമാണ്. കാറ്റലോണിയയിലെ കുടിയേറ്റക്കാർക്കിടയിലും ഈ പേരുകൾ സാധാരണമാണ്. ലമീൻ യമാലിന്റെ പിതാവ് മുനീർ നസൗറി മൊറോക്കോയിലാണ് ജനിച്ചത്. മാതാവ് ഷീല എബാന ഇക്വിറ്റോറിയൽ ഗിനിയിൽ നിന്നുള്ളയാളാണ്. എന്നാൽ ഇവിടെയാണ് ട്വിസ്റ്റ്. പൊതുവെ കുട്ടികൾക്കിടുന്ന രണ്ട് പേരുകൾ ചേർത്ത് ഷീലയും മുനീറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് പേരിട്ടതല്ല. നല്ല അർഥമുള്ള പേരുകളായതുകൊണ്ട് നൽകിയതുമല്ല. അതിനു പിന്നിൽ ലോകം അറിയേണ്ട ഒരു നന്ദിയുടെ കഥയുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ സഹായവും തണലുമായ തങ്ങളുടെ രണ്ട് പ്രിയ സുഹൃത്തുക്കളുള്ള നന്ദിസൂചകമായാണ് അവർ കുഞ്ഞിന് ഈ പേര് നൽകിയത്.
കുഞ്ഞ് ജനിക്കുമ്പോൾ ഷീല എബാനയുടെ പ്രായം 16 വയസ്സായിരുന്നു. മുനീർ നസൗറിയും ചെറുപ്പമായിരുന്നു. പല രക്ഷിതാക്കളെയും പോലെ അവർക്കും കുഞ്ഞിന്റെ ജനന സമയത്തും പിന്നീടും മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അപ്പോൾ കുടുംബ സുഹൃത്തുക്കളായ ലമീനും യമാലുമാണ് ഇരുവർക്കും സഹായമായത്. അവരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനുമുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഷീല എബാനയും മുൻ നസൗറിയും തങ്ങുടെ കുഞ്ഞിന് ലമീൻ യമാൽ നസൗറി എബാന എന്ന പേര് നൽകിയത്.

Content Summary: Spain and Barcelona star Lamine Yamal’s full name is Lamine Yamal Nasraoui Ebana, but the story behind it is far more meaningful than most fans realize.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×