June 04, 2026 |
Share on

ലാസ്റ്റ് സെൽഫി’ ; മാധ്യമപ്രവർത്തകരുടെ ശവപറമ്പാകുന്ന ​ഗാസയിലെ ആ അവസാന ചിത്രം

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 274 മാധ്യമപ്രവർത്തകർ

വേദനിപ്പിക്കുന്ന ആ അവസാന ചിത്രം. ചിരി പടർന്ന ഈ മാധ്യമപ്രവർത്തരുടെ മുഖത്ത് ഭീതി നിറഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. ​ഗാസയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തക ലാസ്റ്റ് സെൽഫി എന്ന ക്യാപ്ഷൻ നൽകി ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ച് ചിത്രമാണിത്. ഇന്നലെ ​ഗാസയലെ അൽ നാസർ ആശുപത്രിയ്ക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഈ കൂട്ടത്തിലെ നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അസോസിയേറ്റ് പ്രസ്സിന് വേണ്ടി വർക്ക് ചെയ്യുന്ന മറിയം ദഖ ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിലക്കുള്ള ​ഗാസയിൽ ജീവൻ പണയം വച്ചാണ് ഓരോ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നത്. ​ഗാസയിലെ പ്രാദേശിക മാധ്യമപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വിവരങ്ങളാണ് ഇപ്പോൾ കുറേക്കാലമായി ​ഗാസയിലെ ക്രൂരതകൾ വെളിപ്പെടുത്തുന്നത്. എന്നാൽ അവരെ നിശബ്ദമാക്കുകയാണ് ഇസ്രയേലിന്റെ നി​ഗൂഢ ലക്ഷ്യം. ആശുപത്രി സമുച്ചയത്തിന്റെ നാലാം നിലയിൽ രണ്ട് തവണയായി നടത്തിയ ആക്രമണത്തിലൂടെയാണ് ആസൂത്രിത കൂട്ടക്കൊല നടപ്പിലാക്കിയത്. ആദ്യ മിസൈൽ ഇടിച്ചു തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയതിന് ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടാവുന്നത്.

ഖാൻ യൂനിസിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ കൃത്യമായ ദൃശ്യം കിട്ടുന്നതിന് പത്രപ്രവർത്തകർ ഒത്തുകൂടുന്ന കെട്ടിടത്തിൽ ഒരു സ്റ്റെയർ കേസ് ഉണ്ട്. അവിടെ നിന്ന് താഴെ നടക്കുന്ന കാര്യങ്ങൾ അവർക്ക് പകർത്താനാകും. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അവർ അവസാനം പകർത്തിയ ചിത്രം ഇതാവണം.

റോയിട്ടേഴ്സിനായി പ്രവർത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റ് ഹതീം ഖാലിദും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഖാൻ യൂനിസ് ഗവർണറേറ്റിലെ നാസർ ആശുപത്രിയിൽ മാധ്യമപ്രവർത്തകരുടെ സംഘത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ അധിനിവേശസേന ആക്രമണം നടത്തുകയായിരുന്നുവെന്നും, ഇസ്രയേലും അമേരിക്കയും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ ക്രൂരമായ കുറ്റകൃത്യത്തിന് പൂർണ്ണ ഉത്തരവാദികളാണെന്നും ഗാസയിലെ മാധ്യമഓഫീസ് പ്രതികരിച്ചു. പ്രദേശത്ത് ആക്രമണം നടത്തിയതായും മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രയേൽ സൈന്യം പ്രസ്‌താവനയിറക്കി.

അൽ ജസീറയിലെ പ്രശസ്‌തനായ മാധ്യമപ്രവർത്തകൻ അനസ് അൽ -ഷെരീഫും അഞ്ച് സഹപ്രവർത്തകരും ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിക്ക് മുന്നിൽ കൊല്ലപ്പെട്ടത് രണ്ടാഴ്ചമുമ്പാണ്. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്‌തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 274 ആയെന്ന് അൽ ജസീറ റിപ്പോർട്ട്ചെയ്തു.

content summary: ‘Last Selfie’ , The final photo of journalists killed in an Israeli strike on Al-Nazar Hospital in Gaza

Leave a Reply

Your email address will not be published. Required fields are marked *

×