February 14, 2025 |
Share on

കസിനോ ചൂതാട്ടം നിയമവിധേയമാക്കുന്നു; ബില്ലിന് അം​ഗീകാരം നൽകി തായ്‌ലന്‍ഡ് സർക്കാർ

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെടോങ്ടൺ ഷിനവത്ര പറഞ്ഞു

കസിനോ ചൂതുകളി നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് അം​ഗീകാരം നൽകി തായ്‌ലന്‍ഡ് സർക്കാർ. രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെടോങ്ടൺ ഷിനവത്ര പറഞ്ഞു.legalizing casino gambling

പാർലമെൻ്റ് പാസാക്കാനൊരുങ്ങുന്ന എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് ബിൽ പ്രകാരം, തീം പാർക്കുകൾ, വാട്ടർ പാർക്കുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മുവായ് തായ് ബോക്സിങ്, കോക്ക്ഫൈറ്റുകൾ തുടങ്ങിയ പ്രാദേശിക കായിക വിനോദങ്ങൾക്കുള്ള വേദികൾ  റിസോർട്ടുകളിൽ ഉണ്ടാകും. 1935ലെ ​ഗാംബ്ലിങ് ആക്ട് പ്രകാരം തായ്‌ലന്‍ഡിൽ ചൂതാട്ടം കർശനമായി നിരോധിച്ചിരിക്കുകയാണ്. സർക്കാർ നടത്തുന്ന കുതിരപന്തയവും ലോട്ടറിയും മാത്രമാണ് നടക്കുന്നത്. എന്നാൽ അനധികൃത വാതുവെയ്പ്പ് വ്യാപകമായി നടക്കുന്നുണ്ട്.

വരുമാനം വർധിപ്പിക്കുക, തായ്‌ലൻഡിലെ നിക്ഷേപത്തെ പിന്തുണയ്ക്കുക, നിയമവിരുദ്ധമായ ചൂതാട്ടം പരിഹരിക്കുക എന്നിവയാണ് പുതിയ ബിൽ പാസാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പെടോങ്ടൺ ഷിനവത്ര മാധ്യമങ്ങളോട് പറഞ്ഞു. അയൽരാജ്യങ്ങളായ കംബോഡിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, ലാവോസ് എന്നിവിടങ്ങളിൽ കസിനോ സമുച്ചയങ്ങൾ നിയമവിധേയമാക്കിയ അതേ മാതൃകയാണ് എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് ബിൽ വഴി തായ്‌ലൻഡ് പിന്തുടരുന്നത്.

ബിൽ പാസായാൽ, 2025 പകുതിയോടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് തായ്‌ലന്‍ഡ് സർക്കാർ അറിയിച്ചു. അഞ്ച് കസിനോ ലൈസൻസുകൾ അനുവദിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബാങ്കോക്കിൻ്റെ തലസ്ഥാനത്ത് രണ്ടെണ്ണവും പട്ടായ, ചിയാങ് മായ്, ഫുക്കറ്റ് എന്നിവിടങ്ങളിൽ ഓരോന്നുമായിരിക്കും അനുവദിക്കുക.

ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുവരുന്നതിനായി തായ്‌ലന്‍ഡ് സർക്കാർ ആവിഷ്കരിച്ച പദ്ധതികളിൽ ഒന്ന് മാത്രമാണ് എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് ബിൽ. ജിഡിപിയുടെ 12 ശതമാനവും തൊഴിലവസരങ്ങളുടെ 20 ശതമാനവും സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. വിസ നടപടികൾ ലഘൂകരിക്കുക, സ്റ്റേയിങ്ങ് ദിവസങ്ങൾ 30 മുതൽ 60 ദിവസം വരെ നീട്ടുക, ദീർഘകാല ഡിജിറ്റൽ നൊമാഡ് വിസകൾ വാഗ്ദാനം ചെയ്യുക, ആഭ്യന്തര യാത്ര വർധിപ്പിക്കുക തുടങ്ങിയ പദ്ധതികളിലൂടെ കഴിഞ്ഞ വർഷം 35 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാൻ തായ്ലൻഡിലെ ടൂറിസം മേഖലക്ക് കഴിഞ്ഞിട്ടുണ്ട്.

എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് ബിൽ പാസായാൽ, വിദേശ സന്ദർശകരെ 5-10% വർദ്ധിപ്പിക്കുമെന്നും ടൂറിസം വരുമാനത്തിൽ 120-220 ബില്യൺ ബാറ്റ് ($3.45-$6.32 ബില്യൺ) വർദ്ധനവുണ്ടാകുമെന്നും 9,000-15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി ധനകാര്യ മന്ത്രി ജുലാപുൻ അമോൺവിവാട്ട് പറഞ്ഞു. കഴിഞ്ഞ സർക്കാരുകൾ ചൂതാട്ടം നിയമവിധേയമാക്കാൻ ആലോചിച്ചെങ്കിലും തായ് യാഥാസ്ഥിതികരുടെ എതിർപ്പ് കാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

ചൂതാട്ടം നിയമവിധേയമാക്കുന്നതിൽ ഭിന്നാഭിപ്രായങ്ങളാണ് തായ് പൊതുജനങ്ങൾക്കുള്ളത്. 2021 ലെ ഒരു വോട്ടെടുപ്പിൽ 47 ശതമാനം പേർ ചൂതാട്ടം നിയമവിധേയമാക്കുന്നതിനെ എതിർത്തു. 21ശതമാനം പേർ പിന്തുണക്കുകയും 18 ശതമാനം പേർ ഭാ​ഗികമായി പിന്തുണക്കുകയും ചെയ്തു. ചൂതാട്ടം നിയന്ത്രിക്കുന്നത് നിലവിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്ര ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. legalizing casino gambling

Content sumamry: legalizing casino gambling; The Thai government approved the bill
Thailand gambling casino gambling Paetongtarn Shinawatra 

×