വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. ഡിസംബര്‍ 25, ബുധനാഴ്ച്ച രാത്രി പത്തു മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.mt vasudevan nair
1933 ജൂലായ് 15ന് ടി നാരായണന്‍ നായരുടെയും അമ്മാളുവമ്മയുടെ മകനായാണ് എംടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ ജനനം. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട് ജില്ലയിലെ കൂടല്ലൂരുമായിരുന്നു ബാല്യകാലം ചെലവിട്ടത്.
കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യരചനയ്ക്ക് എംടി തുടക്കം കുറിച്ചിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം. കോളേജ് കാലത്ത് മാസികകളില്‍ കഥകള്‍ അച്ചടിച്ച് വന്നിരുന്നു. വിക്ടോറിയ കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യനോവലിന്റെ ഖണ്ഡശ: പുറത്തുവന്നത് ഇതേ കാലഘട്ടത്തിലാണ്. 1958 ല്‍ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ട് ആണ്. ആദ്യനോവലിന് തന്നെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’ , ‘ ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സാഹിത്യകൃതികളില്‍ നിന്ന് തിരക്കഥാകൃത്തായി എംടി മാറി. 1963-64 കാലഘട്ടത്തില്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിന് തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേയ്ക്ക് കാലെടുത്തുവെച്ചു. 1973 ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്‌കാരം നാലുതവണ എംടിയെ തേടിയെത്തി.
1970ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1985ല്‍ ‘രണ്ടാമൂഴം’ എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു. 1995 ല്‍ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്്കാരമായ ജ്ഞാനപീഠം എംടിക്ക് ലഭിച്ചു. 2005 ല്‍ എംടിയെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായ പ്രഥമ കേരളജ്യോതി പുരസ്‌കാരത്തിനും എംടി അര്‍ഹനായി.
നാലുകെട്ട്, പാതിരാവും പകല്‍ വെളിച്ചവും, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, അസുരവിത്ത്,മഞ്ഞ്,കാലം,വിലാപയാത്ര,രണ്ടാമൂഴം,വാരണാസി എന്നിവയാണ് പ്രധാന കൃതികള്‍.
ഓളവും തീരവും, മുറപ്പെണ്ണ്,വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍,നഗരമേ നന്ദി,കുട്ട്യേടത്തി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ,ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ,വൈശാലി,സദയം,നിര്‍മാല്യം, പെരുന്തച്ചന്‍,ഒരു വടക്കന്‍ വീരഗാഥ, ഒരു ചെറു പുഞ്ചിരി,സുകൃതം,പരിണയം,എന്ന് സ്വന്തം ജാനകിക്കുട്ടി,പഴശ്ശിരാജ, നീലത്താമര തുടങ്ങി നിരവധി ചിത്രങ്ങളില്‍ എംടിയുടെ കയ്യൊപ്പ് പ്രകടമായിരുന്നു. എംടിയുടെ കഥകളിലെ
കഥാപാത്രങ്ങളുടെ ആഴം, ആവിഷ്‌കാരം എന്നിവയെല്ലാം മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.mt vasudevan nair
Content Summary; Legendary Malayalam Author MT Vasudevan Nair Passes Away