രാജേഷ് എക്സ്പോര്‍ട്സ് ലിമിറ്റഡിനെതിരേ സെബി കണ്ടെത്തിയ 15.15 ലക്ഷം കോടി രൂപയുടെ വരുമാന ക്രമക്കേട് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതികളിലൊന്നാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്(15.15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബിയുടെ നടപടി). ഇതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പ്രമുഖ സ്വര്‍ണാഭരണ കയറ്റുമതി കമ്പനിയായ രാജേഷ് എക്‌സ്‌പെര്‍ട്‌സ് ലിമിറ്റഡില്‍ പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് (എല്‍ഐസി) 10.8 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കോണ്‍ഗ്രസ് പ്രധാന ആയുധമാക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും എല്‍.ഐ.സി ഇത് എങ്ങനെ മുന്‍കൂട്ടി അറിഞ്ഞില്ലെന്നും, കേന്ദ്ര ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണോ ഈ നിക്ഷേപത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തി. എന്നാല്‍, സെബിയുടെ കണ്ടെത്തലുകള്‍ പ്രാഥമികം മാത്രമാണെന്നും വരുമാനം പെരുപ്പിച്ചു കാട്ടിയിട്ടില്ലെന്നും വ്യക്തമാക്കി രാജേഷ് എക്സ്പോര്‍ട്സ് രംഗത്തെത്തിയിട്ടുണ്ട്.
ജൂണ്‍ 3-ലെ സെബിയുടെ ഇടക്കാല ഉത്തരവിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍-ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളുന്നയിച്ചത്. 2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ 15 ലക്ഷം കോടി രൂപയുടെ ഭീമമായ വരുമാന ക്രമക്കേടാണ് കമ്പനി നടത്തിയതെന്ന് സെബി കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വലിയൊരു സംഖ്യയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കും ഈ കമ്പനിയില്‍ വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. ഇത്രയും വലുതായ പൊതുപണം ഉള്‍പ്പെട്ട സ്ഥാപനത്തില്‍ വര്‍ഷങ്ങളായി നടന്ന തട്ടിപ്പ് പൊതുസംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ പോയത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും, ‘ഭരണകൂട ഇക്കോസിസ്റ്റത്തിന്റെ’ നിര്‍ദ്ദേശപ്രകാരമാണോ എല്‍.ഐ.സി ഇവിടെ നിക്ഷേപം തുടര്‍ന്നതെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും സെബിയുടെ കടുത്ത നടപടികള്‍ക്കുമെതിരെ ശക്തമായ പ്രതിരോധവുമായി രാജേഷ് എക്സ്പോര്‍ട്സ് വ്യാഴാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വിശദീകരണം നല്‍കി. കമ്പനി തങ്ങളുടെ വരുമാനക്കണക്കുകള്‍ ഒരിടത്തും പെരുപ്പിച്ചു കാണിച്ചിട്ടില്ലെന്നും തങ്ങള്‍ സമര്‍പ്പിച്ച സാമ്പത്തിക രേഖകളെല്ലാം തികച്ചും കൃത്യമാണെന്നും കമ്പനി അവകാശപ്പെട്ടു. സെബിയും കമ്പനിയും തമ്മിലുണ്ടായ ചില ആശയവിനിമയ തടസ്സങ്ങളും ആശയക്കുഴപ്പങ്ങളുമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് കമ്പനിയുടെ വാദം. സെബിയുടെ ഉത്തരവ് ഇടക്കാല ഉത്തരവ് മാത്രമാണെന്നും ഇതില്‍ അന്തിമമായ നിഗമനങ്ങളില്‍ എത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി തങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട എല്ലാ രേഖകളും 30 ദിവസത്തിനകം സമര്‍പ്പിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നും കമ്പനി മാനേജ്മെന്റ് അറിയിച്ചു.
കമ്പനിയുടെ ഈ ന്യായീകരണങ്ങള്‍ നിലനില്‍ക്കുമ്പോഴും, സെബിയുടെ 109 പേജുള്ള ഉത്തരവ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത നിസ്സഹകരണത്തെയാണ് വിരല്‍ ചൂണ്ടുന്നത്. പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം, വിനിയോഗം, അതിന്റെ ഗുണഭോക്താക്കള്‍ എന്നിവ വ്യക്തമാക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് നിരവധി തവണ സമണ്‍സ് അയച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് സെബി വ്യക്തമാക്കുന്നു. കമ്പനിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരും പരിശോധനാ രേഖകള്‍ നല്‍കാമെന്ന് ഏറ്റിട്ട് പിന്നീട് പിന്മാറിയത് വിവരങ്ങള്‍ മൂടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സെബിയുടെ നിഗമനം. ഈ സാഹചര്യത്തിലാണ് കമ്പനി മേധാവി രാജേഷ് മേത്തയെ വിപണിയില്‍ നിന്ന് വിലക്കാനും പുതിയൊരു ഫോറന്‍സിക് ഓഡിറ്ററെക്കൂടി നിയമിക്കാനും സെബി തീരുമാനിച്ചത്.
രണ്ടു വര്‍ഷത്തിലേറെയായി കുടിശ്ശികയായി കിടക്കുന്ന ട്രേഡ് റിസീവബിള്‍സുമായി (കിട്ടാനുള്ള പണം) ബന്ധപ്പെട്ട് 2024 മാര്‍ച്ച് 11-ന് ഒരു ഓഹരി ഉടമ നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം തുടങ്ങിയത്. വിവാദങ്ങള്‍ കടുത്തതോടെ വിപണിയില്‍ രാജേഷ് എക്സ്പോര്‍ട്സിന്റെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ കമ്പനിയുടെ ഓഹരിവില 4.99 ശതമാനം ഇടിഞ്ഞ് ബി.എസ്.ഇയില്‍ 104.65 രൂപയിലും എന്‍.എസ്.ഇയില്‍ 103.92 രൂപയിലുമായി ലോവര്‍ സര്‍ക്യൂട്ടില്‍ കുടുങ്ങി. പൊതുപണവും രാഷ്ട്രീയവും ഒരേപോലെ കലര്‍ന്ന ഈ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.
Congress questions LIC’s 10.8% stake in Rajesh Exports after SEBI flags a massive revenue fraud, company denies all allegations
This post was last modified on June 5, 2026 8:30 am
Leave a Comment